മഹാവിഷ്ണുവിന്റെ ഹൃദയത്തിൽ ലക്ഷ്മിയുള്ളതു പോലെ അനന്തിന്റെ ഹൃദയത്തിൽ രാധികയുണ്ടാവും: മുകേഷ് അംബാനി
ഇന്ത്യൻ സംസ്കാരത്തിന്റെയും ഹിന്ദു വിവാഹത്തിന്റെയും പ്രാധാന്യം എന്താണെന്നും ഈ അവസരത്തിൽ അംബാനി വിശദീകരിച്ചിരുന്നു.
ഇന്ത്യൻ സംസ്കാരത്തിന്റെയും ഹിന്ദു വിവാഹത്തിന്റെയും പ്രാധാന്യം എന്താണെന്നും ഈ അവസരത്തിൽ അംബാനി വിശദീകരിച്ചിരുന്നു.
ഇന്ത്യൻ സംസ്കാരത്തിന്റെയും ഹിന്ദു വിവാഹത്തിന്റെയും പ്രാധാന്യം എന്താണെന്നും ഈ അവസരത്തിൽ അംബാനി വിശദീകരിച്ചിരുന്നു.
അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം ആഘോഷങ്ങൾക്കുപരി പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രതിഫലനം കൂടിയായിരുന്നു. വിവാഹത്തിനു മുന്നോടിയായി നടന്ന ചടങ്ങുകളും ഓരോ വേളയിലും കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങളും വരെ ഇതിന് ഉദാഹരണങ്ങളാണ്. വിവാഹദിനത്തിൽ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അതിഥികളെ സ്വാഗതം ചെയ്തുകൊണ്ട് മുകേഷ് അംബാനി പറഞ്ഞ വാക്കുകളിലും അംബാനി കുടുംബം പരമ്പരാഗത രീതികൾക്കും വിശ്വാസങ്ങൾക്കും എത്രത്തോളം പ്രാധാന്യം നൽകുന്നുണ്ടെന്ന് എടുത്തുകാട്ടുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെയും ഹിന്ദു വിവാഹത്തിന്റെയും പ്രാധാന്യം എന്താണെന്നും ഈ അവസരത്തിൽ അംബാനി വിശദീകരിച്ചിരുന്നു.
സമൂഹം, കടമകൾ, ആത്മീയത എന്നിവയുമായി ഒരു വ്യക്തിയെ ബന്ധിപ്പിക്കുന്ന സുപ്രധാനമായ ചടങ്ങായാണ് പരമ്പരാഗത ഹിന്ദു വിവാഹത്തെ അംബാനി വിശദീകരിച്ചത്. ഇന്ത്യൻ പാരമ്പര്യം അനുസരിച്ച് രണ്ടു വ്യക്തികൾ തമ്മിലുള്ള ചടങ്ങാണെങ്കിലും വിവാഹം എന്നത് രണ്ട് കുടുംബങ്ങളും അവർക്ക് പ്രിയപ്പെട്ടവരും ഒന്നു ചേരുന്ന അവസരമാണ്. അത്തരത്തിൽ ഇന്ത്യയുടെ സമ്പന്നമായ പൈതൃകം നിറഞ്ഞുനിൽക്കുന്ന ഒരു പരമ്പരാഗത ഹിന്ദു വിവാഹം അതിഥികൾക്ക് അനുഭവിച്ചറിയാവുന്ന രീതിയിൽ ചടങ്ങുകൾ അണിയിച്ചൊരുക്കാൻ നിത അംബാനി ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും എന്നെന്നേക്കും ഓർത്ത് വയ്ക്കാവുന്ന നിമിഷങ്ങൾ നൽകാനാണ് ശ്രമിച്ചിരിക്കുന്നത്.
ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് ആധാരമായ പഞ്ചഭൂതങ്ങളുടെ അനുഗ്രഹവും വിവാഹവേളയിൽ മുകേഷ് അംബാനി തേടി. പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്തിലൂടെ ശക്തവും സുദൃഢവുമായ ജീവിതം അനന്തിനും രാധികയും ഉണ്ടാവട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശംസ. സനാതന ധർമം അനുസരിച്ച് വിവാഹം ജീവിതത്തിലെ ഏറ്റവും മഹത്വപൂർണമായ സംസ്കാരമാണ്.
സനാതന വിധിപ്രകാരം നടത്തുന്ന വിവാഹ ചടങ്ങിന് സ്വർഗീയയ ശക്തികളുടെ ദൈവികത കൈവരുന്നു. മഹാവിഷ്ണു ലക്ഷ്മിദേവിയെ ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നത് പോലെ അനന്ത് രാധികയെയും ഹൃദയത്തിൽ ചേർത്തുവയ്ക്കുമെന്നും അംബാനി പറഞ്ഞു. ഇതിലൂടെ ഇരുവരുടെയും വിവാഹജീവിതം മനോഹരവും സംസ്കാരസമ്പന്നവുമായി തീരും.
വേദശാസ്ത്രങ്ങൾ പറയുന്നത് പ്രകാരം വിവാഹം മനുഷ്യ കുലത്തോടുള്ള കടമ നിറവേറ്റലാണ്. ഒരു കുടുംബത്തിന്റെ അടിസ്ഥാന ശിലയാണ് വിവാഹം. കുടുംബമാകട്ടെ ഒരു സമൂഹത്തിന്റെ അടിത്തറയാണ്. അത്തരത്തിൽ വിവാഹം മനുഷ്യരാശിയുടെ തുടർച്ചയും പുരോഗതിയും ക്ഷേമവും ഉറപ്പുവരുത്തുന്ന ഒന്നായി മാറുന്നു. ലോകത്തോട് തന്നെയുള്ള പ്രതിബദ്ധതയായി അനന്തിന്റെയും രാധികയുടെയും വിവാഹം മാറുന്നത് ഇങ്ങനെയാണെന്നും അംബാനി പറഞ്ഞു. വിവാഹ വേദിയിൽ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യം ഉണ്ടാകുമെന്ന പ്രത്യാശയും അംബാനി പ്രകടിപ്പിച്ചു.
ചടങ്ങുകൾക്ക് മുന്നോടിയായി കുല ദേവതയുടെയും ഗ്രാമ ദേവതയുടെയും ഇഷ്ട ദേവതയുടെയും അംബാനി കുടുംബത്തിലെയും മെർച്ചന്റ് കുടുംബത്തിലെയും മുൻതലമുറക്കാരുടെയും അനുഗ്രഹങ്ങളും തേടി. സുഖവും സമൃദ്ധിയും സഫലതയും നിറഞ്ഞ ജീവിതം അനന്തിനും രാധികക്കും ആശ്വസിക്കാനും അംബാനി മറന്നില്ല.