15–ാം വയസ്സിൽ വായ്പ എടുത്ത് ബിസിനസ് തുടങ്ങി, ഇന്ന് ശതകോടീശ്വരൻ‍!!

ആശിഷ് തക്കർ

1970കളില്‍ ഈദി അമിന്‍ ഉഗാണ്ടയില്‍ നിന്നും ഏഷ്യക്കാരെ പുറത്താക്കിയപ്പോള്‍ ജീവനും കൊണ്ട് ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ കൂട്ടത്തില്‍ ഒരു ഗുജറാത്തി കുടുംബവുമുണ്ടായിരുന്നു. അവര്‍ക്ക് 1981ല്‍ ഒരു ഉണ്ണി പിറന്നു, ലെയ്‌സെസ്റ്ററില്‍ വെച്ച്. അവന് അവര്‍ പേരിട്ടു, ആശിഷ് തക്കര്‍. 

ആഫ്രിക്കയോടുള്ള സ്‌നേഹം ആ കുടുംബത്തിന് തീര്‍ന്നിരുന്നില്ല. കാര്യങ്ങള്‍ ശാന്തമായപ്പോള്‍ റുവാണ്ടയിലേക്ക് പോയി. എന്നാല്‍ 1994ലെ വംശഹത്യ അവരെ അവിടെ നിന്നും പലായനത്തിന് പ്രേരിപ്പിച്ചു. സാമ്പത്തികമെല്ലാം പോയി. കയ്യില്‍ ഒന്നുമുണ്ടായിരുന്നില്ല. ഒടുവില്‍ വീണ്ടും ഉഗാണ്ടയില്‍ തന്നെ അഭയാര്‍ഥികളായെത്തി. ഇതാണ് ആഫ്രിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായ ആശിഷ് തക്കറിന്റെ കുടുംബ പശ്ചാത്തലം. 

ഈ രാഷ്ട്രീയ പ്രതിസന്ധികളൊന്നും അവനെ അലട്ടിയിരുന്നില്ല. 15ാം വയസ്സില്‍ മൂന്നുലക്ഷം രൂപ വായ്പയെടുത്ത് അവന്‍ സ്വന്തം ബിസിനസ് തുടങ്ങി. അതിനിടയില്‍ ആകെയുണ്ടായിരുന്ന കംപ്യൂട്ടര്‍ വില്‍ക്കുകയും ചെയ്തു. മര ഗ്രൂപ്പ് എന്നായിരുന്നു അവന്‍ തന്റെ ഇളം സംരംഭത്തിന് പേര് നല്‍കിയത്. ദുബായില്‍ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തും, എന്നിട്ട് കംപ്യൂട്ടര്‍ പാര്‍ട്‌സ് ഇറക്കുമതി ചെയ്യും. അത് ഉഗാണ്ടയില്‍ വില്‍ക്കും. ഇതായിരുന്നു ചെയ്തിരുന്ന ബിസിനസ്. 

അവന്റെ അച്ഛനമ്മമാര്‍ അത്ര സന്തോഷത്തിലായിരുന്നില്ല മകന്റെ പഠിത്തം കോംപ്രമൈസ് ചെയ്തുള്ള ബിസിനസില്‍. എന്നാല്‍ കസ്റ്റമേഴ്‌സ് കൂടിയപ്പോള്‍ ആശിഷ് പഠിത്തം മതിയാക്കി പൂര്‍ണമായും ബിസിനസില്‍ മുഴുകി. ദുബായ്-ഉഗാണ്ട വഴി ബിസിനസ് ചെയ്യുന്ന നിരവധി പേരെ ആശിഷ് പരിചയപ്പെട്ടു. എന്നാല്‍ അവരില്‍ പലരും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നത് അവന്‍ ശ്രദ്ധിച്ചു. ഇവര്‍ക്ക് പണം വായ്പ കൊടുക്കുന്ന പരിപാടി തുടങ്ങി ആശിഷ്, അതും വിജയം കണ്ടു. 

അതോടെ ലാഭം വരാന്‍ തുടങ്ങി. അങ്ങനെ തന്റെ ബിസിനസ് റിയല്‍ എസ്‌റ്റേറ്റ്, കൃഷി, ഉല്‍പ്പാദനരംഗം, ഐടി സര്‍വീസസ് തുടങ്ങിയടങ്ങളിലേക്ക് എല്ലാം അവന്‍ വ്യാപിപ്പിച്ചു. ഇന്ന് മര ഗ്രൂപ്പ് 25 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, മൂന്ന് ഭൂഖണ്ഡങ്ങളിലും. വിദേശ കമ്പനികളെ ആഫ്രിക്കയില്‍ ബിസിനസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു ആശിഷ്. 

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ യംഗ് ഗ്ലോബല്‍ ലീഡര്‍ അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ആശിഷിനെ തേടിയെത്തി. ഫോര്‍ച്ച്യൂണ്‍ മാസികയുടെ 40 അണ്ടര്‍ 40 പട്ടികയിലും ഇടം നേടി. ആഫ്രിക്കയിലെ യുവസംരംഭകരെ പ്രോത്സാഹിപ്പിക്കാനും ആശിഷ് സമയം കണ്ടെത്താറുണ്ട്. ഒരു വര്‍ഷം മുമ്പ് ബ്ലൂംബര്‍ഗ് ബില്ല്യണയര്‍ ഇന്‍ഡെക്‌സില്‍ വന്ന കണക്ക് പ്രകാരം 2711 കോടി രൂപയാണ് ആശിഷ് തക്കറിന്റെ മൂല്യം. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam