Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അൻപുടൻ കേരളത്തിന്’; ഒരു തമിഴ് കുറിപ്പ്

Flood ഇൻസൈറ്റിൽ മുത്തുരാജ കുമാർ

യുവകവിയും തമിഴ് സിനിമാപ്രവർത്തകനുമായ മുത്തുരാജ കുമാർ കേരളത്തിലെ പ്രളയത്തെക്കുറിച്ച് എഴുതിയ കുറിപ്പ്. വിവർത്തനം ചെയ്തത് മദ്രാസ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയായ അഷ്‌റഫ് പുളിക്കാമത്ത്  

‘‘രണ്ടായിരത്തിപതിനഞ്ചിൽ ചെന്നൈയിലുണ്ടായ വെള്ളപ്പൊക്കം ഇന്നുമോർമയിലുണ്ട്. അചേതനമായ ശരീരങ്ങൾ പൊങ്ങിക്കിടക്കുന്ന ആ വെള്ളക്കെട്ടുകളിൽ ദുരിതം അനുഭവിക്കേണ്ടി വന്നവരുടെ വേദന ഞാൻ അറിഞ്ഞിട്ടില്ല. എങ്കിലും ആ നഗരത്തിലുണ്ടായിരുന്ന സഹോദരിയെയും കുടുംബത്തേയും ഓർത്തു നൂറുകണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തു നിന്ന് വിലപിക്കാൻ മാത്രം കഴിയുന്ന ആ നിസ്സഹായാവസ്ഥ വിവരിക്കാനാവില്ല.  മരണത്തെ മുഖാമുഖം നേരിടേണ്ടി വരുന്ന ഇത്തരം ദുരന്ത മുഖങ്ങളിൽ ഒരു ചെറു കരമെങ്കിലും അവർക്ക് നീട്ടണമെന്നല്ലേ നമ്മുടെ ഉള്ളം തുടിക്കുക ? വെള്ളപ്പൊക്കം അവസാനിപ്പിച്ചിട്ടു പോയ വേദനയേക്കാൾ ഇന്നുമെന്നെ വേദനിപ്പിക്കുന്നുണ്ട് നിസ്സഹായനായി നിൽക്കേണ്ടി വന്ന ആ അവസ്ഥ. സാധാരണഗതിയിൽ വരണ്ടുണങ്ങിയ ചെന്നൈയുടെ മണ്ണിലും ഞരമ്പിലും മുഴുവൻ വെള്ളം നിറഞ്ഞു ഒരു മടുപ്പിക്കുന്ന ഗന്ധം പേറിയ ഈ നഗരത്തിനെക്കുറിച്ചോർക്കുമ്പോൾ ഇന്നുമെന്റെ ശ്വാസം വിലങ്ങുന്നുണ്ട്, തൊണ്ട വരളുന്നുണ്ട്.

ഇന്ന് കേരളം നേരിടുന്ന വെള്ളപ്പൊക്കം അന്ന് ചെന്നൈ നേരിട്ട വെള്ളപൊക്കത്തിന്റെ പലമടങ്ങാണ്. ഒരു പക്ഷെ, ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിന്റെ ഒരു ചെറിയ ഭാഗമായ കേരളമെന്ന മനോഹരമായ നാട് തന്നെ വെള്ളത്തിന്റെ സംഹാരത്തിൽ ഇല്ലാതായിപ്പോവുന്ന അവസ്ഥ. 

കല, സാഹിത്യം, രാഷ്ട്രീയം, പ്രകൃതി തുടങ്ങിയ സമസ്ത മേഖലകളിലും അസൂയാർഹമായ സംഭാവനകൾ നൽകിയ, നേട്ടങ്ങളുണ്ടാക്കിയ, കേരളത്തിനെ അദ്ഭുതത്തോടെയല്ലാതെ ഞങ്ങൾക്ക് ഒരിക്കലും നോക്കിക്കാണാനാവില്ല. കേരളത്തിന്റെ കലയും സംസ്കാരവും മുതൽ രാഷ്ട്രീയവും സ്വത്വ ബോധവും വരെയുള്ള കാര്യങ്ങളെ വായിച്ചും കേട്ടും വിമർശിച്ചും എഴുതിയും മാതൃകയാക്കിയും തന്നെയാണ് ഞങ്ങൾ ഉദാഹരണങ്ങൾ സൃഷ്ടിച്ചത്, ഞങ്ങൾ ഉയരാനും പറക്കാനും കഴിവുള്ളവരായത്. 

മലയാള സാഹിത്യത്തിനും ചലച്ചിത്രങ്ങൾക്കും തമിഴകത്തിലുള്ള സ്വീകാര്യത മാത്രം നോക്കിയാൽ ഇത് മനസ്സിലാവും. മൊഴിമാറ്റങ്ങളിലൂടെയോ, ഇന്റർനെറ്റ് വഴിയോ എന്തിനു മലയാളി സുഹൃത്തുക്കൾ വഴിയോ മലയാള സാഹിത്യത്തിലും ചലച്ചിത്ര മേഖലകളിലും നടക്കുന്ന പുതുമകളും മാറ്റങ്ങളുമെല്ലാം ഞങ്ങൾ തൊട്ടറിയാൻ ശ്രമിക്കാറുണ്ട്. അതിനു കാരണവുമുണ്ട് , മലയാള സാഹിത്യത്യവും ചലച്ചിത്രങ്ങളും അതി ലളിതവും ജീവിത ഗന്ധിയുമാണ്. അത്തരമൊരു സമൂഹത്തിൽ സ്വാഭാവികമായും ഉണ്ടാവുന്ന ഉയർന്ന എന്നാൽ ലളിതമായ ചിന്താഗതിയും അതിനു ചേരുന്ന രാഷ്ട്രീയ നിലപാടുകളും എത്ര മാത്രം ആകർഷകമാകുമെന്നു അപ്പോൾ പ്രത്യേകം പരാമർശിക്കേണ്ടതില്ലല്ലോ ? 

ഇത്തരത്തിൽ ഞങ്ങളുടെ ഉള്ളം കവർന്ന ഒരു നാട് വേറെയില്ല തന്നെ. ആ നാടും അതിൻറെ മുഴുവൻ മനോഹാരിതയും ജീവനും ഇന്ന് വെള്ളത്തിനടിയിലാണ്. ഞങ്ങളുടെ സ്വത്വബോധത്തെയും നിലപാടുകളെയും ഇത്രമേൽ സ്വാധീനിച്ച, ഞങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിക്കാൻ ശേഷിയുണ്ടായിരുന്ന കേരളം ഇന്ന് നമ്മുടെ സഹായം തേടേണ്ട അവസ്ഥയിലാണ്. അതിനാൽ കേരളത്തിനെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയിൽ കുറഞ്ഞതൊന്നുമല്ലെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. 

ഇന്റർനെറ്റ് യുഗത്തിന്റെ വരവോടെ ഇന്റർനെറ്റ് മൂലമുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകൾ പലതാണെങ്കിലും, നവ സാമൂഹ്യ മാധ്യമങ്ങൾ കേട്ടിട്ടുള്ള പഴികൾ വലുതാണെങ്കിലും, ഇന്ന് അതെ ഇന്റർനെറ്റും നവ സാമൂഹ്യ മാധ്യമങ്ങളും തന്നെയാണ് സഹായ ഹസ്തങ്ങളുടെ ചാലകമായി പ്രവർത്തിച്ചത്. ചെന്നൈയടക്കം തമിഴ് നാടിൻറെ വിവിധ  ഭാഗങ്ങളിൽ  സഹായവുമായി എണ്ണമില്ലാത്ത സാധന സാമഗ്രികളും പണവും കേരളത്തിലേക്ക് പോവുന്നതിന്റെ കാരണവും ഈ 'അൻപ്' തന്നെ. നമ്മളിനിയും സഹായിക്കണം, ഒരു രൂപ പോലുമില്ലാതെ സഹായിക്കാൻ പുറപ്പെടുന്നവന് നിങ്ങൾ നൽകുന്ന ആശീർവാദങ്ങൾ പോലും ഒരു കൈത്താങ്ങാണ്. 

വെള്ളപ്പൊക്കത്തിൽ മുങ്ങിയ, നനഞ്ഞു വിറയ്ക്കുന്ന നമ്മുടെ കേരളത്തിന് നമുക്കൊരു  തോർത്തും പുതപ്പുമാവാം ! കാരണം അത് ഞങ്ങളുടെയും കേരളമാണ്.’’