Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേക്കിൽ വിരിയും സിക്സ് പാക്ക്; കലയും കരുത്തുമായി വിഷ്ണു

vishnu-k-suresh-body-builder-art-student-dreams

കരുത്തുറ്റ കലാകാരനെന്ന് ഒരാളെ വി‌ശേഷിപ്പിക്കാമെങ്കിൽ അതിന് എന്തുകൊണ്ടും അർഹനാണ് തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ ശിൽപകലാ വിദ്യാർഥിയായ വിഷ്ണു കെ. സുരേഷ്. കാരണം കലയിലും കരുത്തിലും ഒരുപോലെ ശോഭിച്ചു നിൽക്കുകയാണു വിഷ്ണു. എംജി സർവകലാശാല ശരീര സൗന്ദര്യ മൽസരത്തിൽ ടൈറ്റിൽ വിന്നറാണ് ഈ മിടുക്കൻ. 19 ന് മലപ്പുറത്ത് ആരംഭിക്കുന്ന ഇന്റർ യൂണിവേഴ്സിറ്റി ബോഡി ബിൽഡിങ് മൽസരത്തിനുള്ള ഒരുക്കത്തിലാണ് വിഷ്ണു. 

80 കിലോഗ്രാം കാറ്റഗറിയിലാണു മൽസരിക്കുന്നത്. 2016ൽ 72 കിലോഗ്രാം കാറ്റഗറിയിൽ സർവകലാശാലയിൽ രണ്ടാംസ്ഥാനം നേടിയിരുന്നു. ഇന്റർ യൂണിവേഴ്സിറ്റി മൽസരം ഇത്തവണ കേരളത്തിൽ നടക്കുന്നതിന്റെ ത്രില്ലിലാണു വിഷ്ണു. പള്ളുരുത്തി കുമരകത്ത് സുരേഷ്, ബിന്ദു ദമ്പതികളുടെ ഏക മകനാണ്.

വിഷ്ണു എന്ന കലാകാരൻ

യുപി, ഹൈസ്കൂൾ കാലത്തു സംസ്ഥാന തലത്തിൽവരെ പെയിന്റിങ് മത്സരങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു വിഷ്ണു. ശിൽപനിർമാണത്തിലും ചെറുപ്പം മുതൽ കഴിവു പ്രകടിപ്പിച്ചിരുന്നു. ശിൽപനിർമാണത്തിൽ ബിരുദമെടുക്കാൻ തീരുമാനിച്ചതിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. മരുന്നുകട ജംക്‌ഷനിൽ അച്ഛനും ഇളയച്ഛനും ചേർന്ന് ബേക്കറി നടത്തുന്നുണ്ട്. അവിടേക്ക് കേക്ക് മോഡലുകൾ നിർമിക്കുകയാണു ലക്ഷ്യം. കേരളത്തിലേക്ക് അധികമൊന്നും എത്തിയിട്ടില്ലാത്ത ഈ മേഖലയിൽ പ്രതിഭ തെളിയിക്കണമെന്നതാണ് ആഗ്രഹം. കേക്ക് നിർമാണത്തിൽ വലിയ താൽപര്യമുള്ള വിഷ്ണു പരീക്ഷണങ്ങൾ ആരംഭിച്ചു.

കരുത്തിന്റെ വഴിയിൽ

കലാകാരന്റെ മനസ്സിലേക്കു കരുത്തിന്റെ മത്സരം എങ്ങനെയെത്തിയെന്നു ചോദിച്ചാൽ അതിനുമുണ്ട് വിഷ്ണുവിനു കുടുംബത്തിൽ നിന്നുതന്നെയൊരു റോൾ മോഡൽ. ബന്ധുവായ അശ്വിനാണ് വിഷ്ണുവിനെ ബോഡി ബിൽഡിങ് മേഖലയിലേക്കു കൈപിടിച്ചു കയറ്റിയത്. പത്താംക്ലാസ് പഠനം കഴിഞ്ഞപ്പോൾ വിഷ്ണു ജിമ്മിൽ പ്രാക്ടീസ് തുടങ്ങി. ആദ്യമൊക്കെ നേരംപോക്കിനുവേണ്ടിത്തുടങ്ങിയ പരിശീലനം പതുക്കെ തലയ്ക്കു പിടിച്ചു. മത്സരങ്ങൾക്കും പങ്കെടുത്തു തുടങ്ങി. 2016ൽ ജില്ലയിൽ മൂന്നാംസ്ഥാനം നേടി. അശ്വിനാണ് വിഷ്ണുവിന്റെ പരിശീലകൻ. ഈ വർഷത്തെ 75 കിലോഗ്രാം കാറ്റഗറിയിലെ മിസ്റ്റർ ഇന്ത്യൻ റെയിൽവേയാണ് അശ്വിൻ.

പരിശീലനം എങ്ങനെ..?

മത്സരത്തിനൊരുങ്ങുമ്പോൾ രാവിലെ 5.30ന് ഉണരും. ഒന്നര മണിക്കൂർ നടക്കും. തുടർന്നു 3 മണിക്കൂർ ജിമ്മിൽ കഠിന പരിശീലനമാണ്. വൈകിട്ട് 5 മുതൽ 8 വരെയും പരിശീലനം തന്നെ. 30 മുട്ടകളുടെ വെള്ള ഒരു ദിവസം കഴിക്കും. ഒരു കിലോഗ്രാം ബോൺലസ് ചിക്കനും നിർബന്ധം. വൈറ്റ് റൈസ് മാത്രമേ ഈ കാലയളവിൽ ഉപയോഗിക്കാറുള്ളു.

കലയോ  കരുത്തോ..?

കലയിലാണോ കരുത്തിലാണോ ഭാവി കാണുന്നതെന്നു ചോദിച്ചാൽ ഒരു നിമിഷം മൗനിയാകും വിഷ്ണു. കാരണം രണ്ടും ഒരുപോലെ ഇഷ്ടമാണ്. 

റോൾ മോഡലായ അശ്വിനെപ്പോലെ സർക്കാർ ജോലി നേടണം എന്നതാണു ഒരു മോഹം. കേക്ക് നിർമാണത്തിന്റെ പുതു സാധ്യതകൾ തേടുന്ന സംരംഭകനാകാനും ആഗ്രഹമുണ്ട്.