Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 25കാരന്‍ തേയില വിൽക്കുന്നത് 76 രാജ്യങ്ങളില്‍, വരുമാനമോ? 

Bala

ഡല്‍ഹിയിലെ കോളജ് ഓഫ് ബിസിനസ് സ്റ്റഡീസില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ബാല ശര്‍ദ എന്ന ഇരുപത്തിമൂന്നുകാരന് പരമ്പരാഗതമായി തന്റെ കുടുംബം ഏര്‍പ്പെട്ടിരിക്കുന്ന ചായ ബിസിനസിന്റെ ഭാഗമാകണമെന്നായിരുന്നു മനസില്‍ ആഗ്രഹം. 

കുടുംബ ബിസിനസില്‍ തന്റെ നൂതന ആശയങ്ങള്‍ സമന്വയിച്ചപ്പോള്‍ ബാലയ്ക്കു രുചിക്കാനായത് വിജയവും. ഡാര്‍ജിലിങ് കേന്ദ്രമാക്കികൊണ്ടു ബാല തുടങ്ങിയ വഹ്ദം ടീസ് എന്ന കമ്പനിക്കിപ്പോള്‍ പ്രായം രണ്ടേ ആയിട്ടുള്ളു. പക്ഷെ, രാജ്യത്തെ തേയില വളരുന്ന ഏഴു പ്രദേശങ്ങളില്‍ (ഡാര്‍ജിലിങ്,  ഹിമാചല്‍ പ്രദേശ്, അസം, അരുണാചല്‍ പ്രദേശ്, സിക്കിം, ബീഹാര്‍, നീല്‍ഗിരീസ്) നിന്നും നേപ്പാളില്‍ നിന്നുമായുള്ള നൂറ്റിഎഴുപത്തഞ്ചോളം തേയില  തോട്ടങ്ങള്‍ ഈ കമ്പനിക്കായി ഇന്ന് തേയില ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 

മാത്രവുമല്ല, വെറും രണ്ടേ രണ്ടു വര്‍ഷം കൊണ്ട് എഴുപത്തിയാറു രാജ്യങ്ങളിലേക്കായി ഈ കമ്പനിയില്‍ നിന്നും ഏകദേശം ഇരുപതു മില്യണ്‍ കപ്പ് ചായപ്പൊടി കയറ്റിയയക്കപ്പെടുകയും ചെയ്തു കഴിഞ്ഞു. 

' ഉല്‍പ്പാദിപിച്ചയുടനെ തേയിലയ്ക്കുണ്ടാവുന്ന രുചിയും ഒരു വര്‍ഷം കഴിഞ്ഞുണ്ടാവുന്ന രുചിയും തമ്മില്‍ വലിയ അന്തരമുണ്ട്. സാധാരണ ഗതിയില്‍ അമേരിക്കയിലൊക്കെയുള്ള ഉപഭോക്താക്കള്‍ക്കു പത്തു പന്ത്രണ്ടു മാസം ഷെല്‍ഫിലിരുന്ന തേയിലയാണ് ലഭ്യമാകുന്നത്. വഹ്ദം ടീസ്  ഇതിനൊരു  മാറ്റം കൊണ്ടുവരികയാണ് ചെയ്യുന്നത് ' നൂറുശതമാനവും ഓണ്‍ലൈന്‍ ആയ തന്റെ കമ്പനിയെക്കുറിച്ചു ബാല പറയുന്നു.

'തോട്ടങ്ങളില്‍ നിന്നും ഫ്രഷായി പറിച്ചെടുക്കുന്ന തേയില ചെപ്പു ഇരുപത്തിനാലു മുതല്‍ എഴുപത്തി രണ്ടു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ കമ്പനിയുടെ ഡല്‍ഹിയിലുള്ള ഗോഡൗണില്‍ എത്തിക്കാറുണ്ട്. ഇവിടെ അത് സമയം ഒട്ടും നഷ്ടപ്പെടുത്താതെ പൊടിച്ചെടുത്തു വാക്ക്വം  പാക്കേജുകളിലാക്കി ഓണ്‍ലൈന്‍ വിപണനത്തിനായി എത്തിക്കുന്നു. ഓര്‍ഡര്‍ കിട്ടിയാല്‍ ഉടന്‍ തന്നെ അതാതു രാജ്യങ്ങിലെക്കു  തേയില കയറ്റിയയക്കുന്നു- ഇതാണ് രീതി. ' 

ഏകദേശം അഞ്ചാറു ദിവസങ്ങള്‍ കൊണ്ട് തന്നെ ഈ ഉല്‍പ്പന്നം ലോകത്തെവിടെയും എത്തും. മാത്രവുമല്ല, തേയിലയുടെ ഫ്രഷ്‌നെസ് ഒട്ടും ചോര്‍ന്നുപോവാതിരിക്കാന്‍ ഓക്‌സിജന്‍ അബ്‌സര്‍ബേഴ്‌സും മറ്റുമുപയോഗിച്ചു പാക്കേജിങ്ങില്‍  പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ട് ബാല. ഇന്ന് വഹ്ദം ടീസ് കമ്പനിക്ക് ഡിഎച്എല്‍, ഫെഡ്എക്‌സ് തുടങ്ങിയ ചില കമ്പനികളുമായി പാര്‍ട്ണര്‍ഷിപ്പുമുണ്ട്. 

സംരംഭത്തിന്റെ വിജയസാധ്യത കണ്ട് പല ഏഞ്ചല്‍ ഫണ്ടുകളും ബാലയുടെ ഈ ഉദ്യമത്തില്‍ കാര്യമായി നിക്ഷേപം നടത്താനും എത്തി. 60 ബില്ല്യണ്‍ ഡോളറിന്റേതാണ് തേയില വിപണി. ഇതില്‍ ഒരു ശതമാനം തങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ അടുത്ത എട്ടു വര്‍ഷത്തിനുള്ളില്‍ ആയാല്‍ പോലും വഹ്ദം ഒരു വലിയ കമ്പനിയായി വളരും എന്നാണ് ബാല വിശ്വസിക്കുന്നത്. 

ഇപ്പോള്‍ വഹ്ദം ടീസിന്റെ വരുമാനത്തില്‍ അഞ്ച് ശതമാനം വിഹിതം മാത്രമേ ഇന്ത്യ നല്‍കുന്നുള്ളൂ. അതങ്ങനെ തന്നെയാവും ഇനിയുള്ള നാളുകളിലും എന്നാണ് ബാല പറയുന്നത്. കാരണം ഈ ചെറുപ്പക്കാരന്‍ തന്റെ കണ്ണ് പതിപ്പിച്ചിരിക്കുന്നത് വിപുലമായ ആഗോള വിപണിയിലാണ്. 

ഈ സംഭരംഭവുമായി മുന്നോട്ടിറങ്ങിയപ്പോള്‍ തന്റെ മുന്‍പില്‍ ഉണ്ടായിരുന്ന വെല്ലുവിളികള്‍ വലുതായിരുന്നെന്നും ബാല പറയുന്നു. ഇത്രയേറെ രാജ്യങ്ങളില്‍ ഉള്ള കസ്റ്റമേഴ്‌സുമായി ബന്ധം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഒന്നാമത്തെ വെല്ലുവിളി. രണ്ടാമത്തേതു  ഇവരുടെയൊക്കെ വിശ്വാസം പിടിച്ചെടുക്കുക എന്നതും. 

വേള്‍ഡ് മാര്‍ക്കറ്റില്‍ അറിയപ്പെടുന്ന ഒരു 'മെയ്ക് ഇന്‍ ഇന്ത്യ ബ്രാന്‍ഡ്' ആക്കി വഹ്ദം ടീസിനെ മാറ്റുക എന്നതാണ് ബാലയുടെ ഇനിയുള്ള സ്വപ്നം.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam