നഗരത്തിനു നടുക്ക് വീടോ കെട്ടിടമോ ഉണ്ടോ? വാടകയ്ക്കു കൊടുത്താൽ തിരിച്ചു കിട്ടുമോ എന്ന പേടി കാരണം വെറുതെ പൂട്ടിയിട്ടിരിക്കുകയാണോ? കെട്ടിടം സ്റ്റാർട്ടപ്പുകൾക്കും ഐടി കമ്പനികൾക്കും വേണ്ടി ഓഫിസാക്കി മാറ്റുന്ന ബിസിനസ് തിരുവനന്തപുരം–കൊച്ചി നഗരങ്ങളിലാണ്.
കെട്ടിടത്തെ അടിപൊളി ഓഫിസാക്കി മാറ്റണം, പക്ഷേ സ്ഥിരമായി ആർക്കും വാടകയ്ക്കു കൊടുക്കുന്നില്ല. ജോലി ചെയ്യാനൊരു സ്ഥലം എന്നേയുള്ളു. കോ–വർക് സ്പേസ് എന്നറിയപ്പെടുന്ന ഇത്തരം സ്ഥലങ്ങൾ എടുക്കുന്നവർക്ക് ചെലവു കുറവാണ്. മാസങ്ങൾ കഴിഞ്ഞ് ബിസിനസ് പൊളിഞ്ഞാൽ സ്ഥലംവിടാം, വളർന്നാൽ സ്ഥിരം സ്ഥലം കണ്ടെത്തി മാറിപ്പോകാം. അമേരിക്കയിൽ വീ വർക് എന്ന പേരിൽ ഇത്തരമൊരു കമ്പനി തുടങ്ങിയത് രണ്ടു ലക്ഷം കോടി ഡോളർ വാല്യുവേഷൻ നേടിയിരിക്കുകയാണ്.
ബിസിനസ് തുടങ്ങണമെങ്കിൽ ആദ്യപ്രശ്നം ഓഫിസ്, അതു നഗരത്തിൽ കണ്ണായ സ്ഥലത്തു വേണം, അതിനു ലക്ഷങ്ങൾ മുടക്കണം. കയ്യിൽ കാശില്ല, മിനക്കെടാനും കഴിയില്ല. പ്ലഗ് ആൻഡ് പ്ലേ സൗകര്യം മതി. തൽക്കാലം രണ്ടോ നാലോ പേർക്ക് ഇരിക്കണം ലാപ്ടോപ് വയ്ക്കണം. അതല്ലേ ആവശ്യം? കോ–വർക് സ്ഥലങ്ങളിലേക്കു മാറാം. മീറ്റിങ് നടത്താനും ഭക്ഷണം കഴിക്കാനും മറ്റുമുള്ള പൊതു സൗകര്യങ്ങളും കാണും. പൊടിപിടിച്ചു വൃത്തികേടായ മുനിസിപ്പാലിറ്റി കെട്ടിടത്തിലെ കൂതറ കടമുറികളിൽ ഇരിക്കേണ്ട ഗതികേടില്ല. സന്ദർശകർ വന്നാൽ സ്റ്റൈലായി ഓഫിസ് പ്രദർശിപ്പിക്കാം. കാരണം കോ–വർക് സ്പേസ് നല്ല ലൊക്കേഷനിൽ വേണമെന്നതും അടിപൊളിയായിരിക്കണമെന്നത് ബിസിനസിന്റെ ഭാഗമാണ്. ഇത്തരം ഓഫിസുകൾ പോയി കണ്ട് ഇതിന്റെ ലൈൻ മനസ്സിലാക്കി മികച്ച ഡിസൈനർമാരെ ഉപയോഗിച്ചു ചെയ്യണമെന്നു മാത്രം.
പട്ടാളത്തിൽനിന്നു വിരമിച്ച ആദം ന്യൂമാൻ വീ വർക് തുടങ്ങിയത് ന്യൂയോർക്കിലെ സോഹോ ഭാഗത്ത് 2010ലാണ്.
അമേരിക്കയിലെ മാന്ദ്യകാലം. ബിസിനസ് പൊട്ടി അനേകം ഓഫിസുകൾ ഒഴിഞ്ഞു കിടന്നിരുന്നു. വീ വർക് അവ ഏറ്റെടുത്ത് പുതിയ രൂപത്തിലാക്കി. പെട്ടെന്നു പച്ചപിടിച്ച ബിസിനസ് ഇപ്പോൾ ഒരു കോടി ചതുരശ്രയടി വിസ്തീർണത്തിൽ 70 നഗരങ്ങളിൽ 250 ലൊക്കേഷനുകളിലായി പടർന്നിട്ടുണ്ട്.
ആഗോള മൂലധനം കിടന്നു കളിക്കുന്ന അമേരിക്കയിൽ ഇത്തരം ബിസിനസുകളിൽ കോടികൾ മുടക്കാൻ ആളെ കിട്ടും.
സ്വന്തം ഓഫിസ് എടുക്കുന്നതിനെക്കാൾ സംരംഭകർക്കു ചെലവു വളരെ കുറവ് എന്നതാണ് ഈ ബിസിനസിന്റെ രഹസ്യം. കേരളത്തിൽ ഒരു കോ–വർക് സ്പേസിൽ ഒരു സീറ്റിന് മാസം ശരാശരി 4000–5000 രൂപ വാടക. പക്ഷേ ആ സീറ്റ് സ്വന്തമല്ല, നിങ്ങൾ ഇല്ലാത്തപ്പോൾ മറ്റൊരാൾക്ക് ഇരിക്കാൻ കൊടുക്കാം. സ്ഥിരമായി ഇരിക്കാനുള്ള സ്ഥലമെങ്കിൽ 6000–7000 രൂപയാവും.
രണ്ടു പേർക്കു സ്ഥിരമായിരിക്കാനുള്ള ഓഫിസിന് 15000–17000, ആറു പേർക്ക് ഇരിക്കാനാണെങ്കിൽ 30000–40000 എന്നിങ്ങനെ പല നിരക്കുകളുണ്ട്.
തിരുവനന്തപുരത്ത് ഇത്തരം അരഡസൻ ഓഫിസുകളായി. നേരത്തേ വേറേ ബിസിനസ് നടത്തി പച്ചതൊടാത്തവരും സ്വന്തം കെട്ടിടം ഈ ലൈനിലേക്കു മാറ്റിയപ്പോൾ രക്ഷപ്പെട്ടു.
ഒടുവിലാൻ ∙ ഇതൊക്കെ ബിസിനസിലെ സൺറൈസ് മേഖലകളാണ്. അതിലും സാച്ചുറേഷൻ ആയേക്കാം. ഓവർ സപ്ലൈ ആകും മുൻപ് കൈവയ്ക്കണം. അവസരത്തിന്റെ ജനാല (വിൻഡോ ഓഫ് ഓപ്പർച്യൂണിറ്റി) തുറക്കുമ്പോഴാണു കേറേണ്ടത്. ഇരുമ്പു ചൂടായിരിക്കുമ്പോൾ അടിക്കണം, കാറ്റുള്ളപ്പോൾ തൂറ്റണം എന്നൊക്കെ മലയാളത്തിലും പറയാം.