Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവ ശബ്ദം ഉയരുന്നു കലാലയങ്ങൾ കൊലക്കളമാക്കരുത്

youth-says-on-collage-politics

കേരളത്തിലെ കോളജുകൾ ഞെട്ടലിൽനിന്നു മോചിതരായിട്ടില്ല. മഹാരാജാസ്  കോളജിന്റെ മുറ്റത്തുവീണ ചോരക്കറ അവരുടെ ഹൃദയങ്ങളിൽ നിന്നു പെട്ടെന്ന്  ഉണങ്ങുകയുമില്ല. ഇനി ഇതുപോലൊരു സംഭവം കേരളത്തിലെ കോളജുകളിലുണ്ടാകരുതെ ന്നു വിദ്യാർഥികളും അധ്യാപകരും ഒരേ സ്വരത്തിൽ പറയുന്നു. 

ജില്ലയിലെ  വിവിധ കോളജുകളിലെ വിദ്യാർഥികളും അധ്യാപകരും  പങ്കുവച്ച  അഭിപ്രായങ്ങൾ.

ക്രമസമാധാന പ്രശ്നം മാത്രമല്ല, സാമൂഹിക വിപത്താണിത്

ഡോ. രമ്യ രാമചന്ദ്രൻ (അസി. പ്രഫസർ, കൊമേഴ്സ് വിഭാഗം, എസ്എച്ച് കോളജ്, തേവര)

ഒരു വിദ്യാർഥിയുടെ വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടു എന്നതോടൊപ്പം വളരെ വ്യക്തമായ മൂന്നു കാര്യങ്ങളാണു പൊതു സമൂഹത്തിന്റെ മുൻപിൽ ഉയരുന്നത്.  

അരാഷ്ട്രീയ, സാമൂഹിക വിരുദ്ധ ചിന്തകളും ആശയങ്ങളും നമ്മുടെ ക്യാംപസുകളിൽ പ്രവേശിക്കുകയും വിദ്യാർഥികൾക്കിടയിൽ പ്രവൃത്തിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുമായോ വിദ്യാർഥി രാഷ്ട്രീയവുമായോ യാതൊരു ബന്ധമില്ലാത്ത ആളുകൾ ആസൂത്രിതമായി, നേരിട്ടു ക്യാംപസ് പ്രശ്നങ്ങളിൽ ഇടപെടുന്നു. മാരകമായ ശാരീരിക ആക്രമണങ്ങളിലൂടെ നിസാര പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നുള്ളതാണു പേടിപ്പിക്കുന്ന കാര്യം. കേവലം ഒരു ക്രമസമാധാന പ്രശ്നമായോ ഒരു ക്യാംപസിലെ പ്രശ്നമായോ ഈ സംഭവത്തെ കാണാതെ വലിയ സാമൂഹിക വിപത്തായി ഇതിനെ കാണുകയും ശക്തമായ പൊതുജനാഭിപ്രായം ഉയർന്നു വരികയും വേണം. 

അധ്യാപകരും വിദ്യാർഥി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും ഉൾപ്പെടെയുള്ള ഒരു പ്രതിരോധ സംവിധാനം ഓരോ ക്യാംപസിലും ഉയർന്നു വരണം.

രാഷ്ട്രീയ ബന്ധങ്ങൾക്ക് അപ്പുറംസൗഹൃദം പൂത്തുലയണം

ആതിര ജയിംസ് (ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേറ്റിവ് സ്റ്റഡീസ്, നിർമല കോളജ് മൂവാറ്റുപുഴ)

കൗമാരത്തിന്റെ കനലുകൾ കലയായും അറിവായും വളരേണ്ട ക്യാംപസുകൾ കൊലക്കളമായി മാറുമ്പോൾ അവിടെ ഇരയാകുന്നത് ഒരു നാടിന്റെ, വീടിന്റെ, കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. ഒരു ജീവനെടുത്തിട്ട് അതിന്റെ പേരിൽ തല്ലുകൂടുന്നവരും വീണ്ടും കൊലയ്ക്കിറങ്ങാൻ തുനിയുന്നവരും ഒന്നോർക്കുക– തല്ലിക്കെടുത്തിയ ആ ജീവൻ ഇനി തിരിച്ചുവരില്ല. പഠിപ്പു മുടക്കുകയും ഹർത്താൽ നടത്തുകയും ചെയ്തിട്ട് ഇനി കാര്യമില്ല. 

നമ്മുടെ കലാലയങ്ങൾ ചോരക്കളമായി തീരാതിരിക്കാനുള്ള നടപടികളാണ് ഇനി ഉണ്ടാകേണ്ടത്. വിദ്യാർഥി സംഘടനകൾ അതാണു ചെയ്യേണ്ടത്. കലാലയത്തിൽ ആരോഗ്യകരമായ രാഷ്ട്രീയ പ്രവർത്തനമുണ്ടാകണം. മനുഷ്യത്വമുഖം നഷ്ടപ്പെട്ട രാഷ്ട്രീയ പ്രവർത്തനം കോളജുകളിൽ ഉണ്ടാകരുത്. രാഷ്ട്രീയ ബന്ധങ്ങൾക്കപ്പുറത്തേക്ക് അതിരുകളില്ലാതെ വളരുന്ന സൗഹൃദങ്ങളുണ്ടാകണം.

കയ്യൂക്കിന്റെ രാഷ്ട്രീയം ക്യാംപസുകളിൽ വേണ്ട

എസ്. അലീന (റിസർച് സ്കോളർ, ചെയർപഴ്സൻ ശ്രീശങ്കരാചാര്യ സർവകലാശാല കാലടി)

തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു പ്രായത്തിന്റെ ചോരത്തിളപ്പിനെ ആളിക്കത്തിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും ഈ സംഘർഷങ്ങളെല്ലാം ‘ടേക്കൺ ഫോർ ഗ്രാന്റഡായി’ കാണുന്ന അധികൃതരുടെയും നേരെയാണു മകന്റെ ചേതനയറ്റ ശരീരം കെട്ടിപ്പിടിച്ചു ‘നാൻ പെറ്റ മകനെ’ എന്ന നിലവിളി ആ അമ്മയിൽ നിന്നുയർന്നത്. കയ്യൂക്കിന്റെ ബലത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഇല്ലാതാക്കുന്ന പ്രവണത വളരെക്കാലമായി ക്യാംപസുകളിൽ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ പ്രതിചേർക്കപ്പെട്ടവരും ഇരയാക്കപ്പെട്ടവരും ഉൾപ്പെടെ ഒട്ടുമിക്ക സംഘടനകളും ഇക്കാര്യത്തിൽ സമാന സ്വഭാവമുള്ളവരാണ്. ഈ അന്തരീക്ഷത്തിനാണു മാറ്റം വരേണ്ടത്.

എല്ലാവർക്കും അഭിപ്രായം പറയുവാനും പ്രവർത്തിക്കുവാനും സാധിക്കണം. നല്ല രാഷ്ട്രീയക്കാരെ മാത്രമല്ല, കലാകാരന്മാരെയും കവികളെയും അധ്യാപകരെയും എഴുത്തുകാരെയുമെല്ലാം സൃഷ്ടിച്ച കലാലയങ്ങളെ കുറിച്ചാണു വായിച്ചും പറഞ്ഞും കേട്ടിട്ടുള്ളത്. ആ അന്തരീക്ഷം അനുഭവിക്കാനുള്ള അവകാശം ഞങ്ങൾക്കും വേണം. ക്യാംപസുകൾ അരാഷ്ട്രീയത്തിന്റെയും വർഗീയതയുടെയും അരാജകത്വത്തിന്റെയും വേദിയായതെങ്ങനെയെന്ന് വിദ്യാർഥി സംഘടനകളും രാഷ്ട്രീയ നേതാക്കളും വിമർശനാത്മകമായി പരിശോധിക്കേണ്ട അവസരമാണിത്.

ജനാധിപത്യമുള്ളതാകട്ടെ നമ്മുടെ കലാലയങ്ങൾ

ശാന്തിനി പി. കുറ്റിക്കൽ (എംഎ ഇസ്‌ലാമിക് ഹിസ്റ്ററി, മഹാരാജാസ് കോളജ്)

ക്യാംപസുകളിൽ നിന്നു രാഷ്ട്രീയത്തെ ഒഴിവാക്കിയതാണു വർഗീയ ശക്തികൾ നമ്മുടെ കോളജുകളിൽ ആധിപത്യം സ്ഥാപിക്കാൻ കാരണം. വർഗീയ ശക്തികളെ എന്തുവിലകൊടുത്തും വിദ്യാർഥികൾ എതിർത്തു തോൽപിക്കണം. നമ്മുടെ ക്യാംപസുകളിൽ നിന്നു പുറത്താക്കണം. അഭിമന്യുവിനെ ഇല്ലാതാക്കിയത് ഈ വർഗീയ ശക്തികളാണ്. ജനാധിപത്യത്തിനു വരുദ്ധമായതെന്തിനെയും വിദ്യാർഥികൾ എതിർക്കണം. വർഗീയതയുടെ കടന്നുകയറ്റം തടയണം. 

ഇതിന് ക്യാംപസുകളിൽ ആരോഗ്യകരമായ രാഷ്ട്രീയമുണ്ടാകണം. ജനാധിപത്യമുള്ളതാകട്ടെ നമ്മുടെ കലാലയങ്ങൾ.  വർഗീയ ശക്തികളുടെ കത്തിക്കിരയാകാൻ ഇനി ഒരു അഭിമന്യുവിനെയും വിട്ടുകൊടുക്കില്ലെന്നു വിദ്യാർഥികൾ പ്രതിജ്ഞ എടുക്കട്ടെ.