ബ്ലാക്ക് ആയിരുന്നു അവള്‍ക്കിഷ്ടമുള്ള നിറം. ബ്ലാക്കിലായിരുന്നു എപ്പോഴും ആ സുന്ദരി വെട്ടിത്തിളങ്ങി നിന്നതും. കാരണം അവളുടെ ഹീറോ സ്റ്റീവ് ജോബ്‌സും അങ്ങനെയായിരുന്നു. ബിസിനസിലെ ആ മായാജാലക്കാരന്‍ ബ്ലാക് ഡ്രസ് ആയിരുന്നു എപ്പോഴും ഇഷ്ടപ്പെട്ടത്.
രക്തം കൊണ്ട് അവള്‍ സംരംഭകലോകത്ത് വിപ്ലവം കുറിക്കുമെന്ന് പറഞ്ഞു; അത് വിശ്വസിച്ച് സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലെ ശുദ്ധ മനസ്‌കര്‍ അവളെ വിശേഷിപ്പിച്ചു...അടുത്ത സ്റ്റീവ് ജോബ്‌സ്. നിക്ഷേപകര്‍ അവള്‍ക്ക് പിന്നാലെ പാഞ്ഞു. പണമൊഴുക്കി. അമേരിക്കയില്‍ പുതുവിപ്ലവത്തിന്റെ ശംഖൊലി മുഴങ്ങിത്തുടങ്ങുകയാണെന്ന് ഫോബ്‌സും ഫോര്‍ച്ച്യൂണുമടക്കം വാഴ്ത്തി. സ്റ്റാര്‍ട്ടപ്പ് ലോകത്തെ രാജകുമാരിയായി വാണു എലിസബത്ത് ഹോംസ്.
എന്നാല്‍ ഇതേ മാധ്യമങ്ങള്‍ ഇന്നവളെ വിളിക്കുന്നത് തട്ടിപ്പുക്കാരിയെന്നാണ്. എല്ലാവരെയും ഒരുപോലെ കബളിപ്പിച്ചവളെന്നും. 34 വയസ്സുള്ള എലിസബത്തിനെ ചൂണ്ടിക്കാണിച്ച് യുവാക്കളോട് സംരംഭകലോകം പറയുന്നു, ഒരു സംരംഭ എങ്ങനെയാകരുത് എന്നതിന് ഉദാഹരണമാണ് അവര്‍ എന്ന്.
കാലിഫോര്‍ണിയയില്‍ ജനിച്ച ഹോംസ് മിടുമിടുക്കിയായിരിക്കുന്ന പഠിക്കാന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴേ കംപ്യൂട്ടറുകളുടെ തോഴി. സ്വന്തമായി സി ++ കംപൈലറുകളുണ്ടാക്കി വിറ്റ് പണമുണ്ടാക്കി അവള്‍. തുടര്‍ന്ന് പഠിച്ചതും ഒന്നൊന്നര സ്ഥാപനത്തില്‍, സ്റ്റാന്‍ഫോഡ് സര്‍വകലാശാല.
ആരോഗ്യവിവരങ്ങള്‍ എല്ലാവര്‍ക്കും ഏത് സമയത്തും ലഭ്യമാകണമെന്ന് ഹോംസ് ആഗ്രഹിച്ചു. അങ്ങനെയാണ് തെറാനോസ് എന്ന സംരംഭത്തിന് അവള്‍ തുടക്കമിട്ടത്. അടിസ്ഥാനപരമായി ഒരു ഡയഗ്നോസ്റ്റിക്‌സ് കമ്പനിയായിരുന്നു തെറോനസ്. വെറും ഒരു പൊടി രക്തം മാത്രം മതി. അതില്‍ നിന്നും 200ലധികം ടെസ്റ്റുകള്‍ നടത്താം. റിസള്‍ട്ട് ഉടന്‍ കൈയിലെത്തും. മറ്റ് ഡയഗ്നോസ്റ്റിക്‌സ് കമ്പനികള്‍ ഈടാക്കുന്നതിന്റെ പത്തിലൊന്ന് തുകയ്ക്കാണ് എലിസബത്ത് ഹോംസിന്റെ കമ്പനി ടെസ്റ്റുകള്‍ ചെയ്ത് നല്‍കുന്നത്.
സംഭവം വന്‍വാര്‍ത്തയായി. ഇത്തരത്തിലൊരു സേവനം നല്‍കാന്‍ സാധിക്കുന്ന സാങ്കേതികവിദ്യ തന്റെ പക്കലുണ്ടെന്നായിരുന്നു ഹോംസ് പറഞ്ഞത്. മാധ്യമങ്ങള്‍ ഹോംസിനെ വാഴ്ത്താന്‍ തുടങ്ങി. പ്രത്യേകിച്ചും കറുപ്പ് ഡ്രസ് മാത്രം അണിയുന്ന പെണ്‍കുട്ടി, സുന്ദരി, ടിവി കാണില്ല, ഡേറ്റിംഗ് ഇല്ല, ആഡംബരമില്ല...സംരംഭകത്വമേ ജീവന്‍. പോരേ പൂരം. ഹോംസ് അതിവേഗം സെലിബ്രിറ്റിയായി.
ഹോംസിന്റെ പക്കലുണ്ടെന്ന് പറയപ്പെട്ടിരുന്ന സാങ്കേതികവിദ്യ വിശ്വസിച്ച് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തെറാനോസിലേക്ക് പണമൊഴുക്കി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്വയം വളര്‍ന്നുവന്ന ശതകോടീശ്വരിയായി മാറി ഹോംസ്. 2013-15 കാലഘട്ടത്തില്‍ 5,000 കോടി രൂപയാണ് തെറാനോസ് നിക്ഷേപമായി സമാഹരിച്ചത്. കമ്പനിക്ക് കല്‍പ്പിക്കപ്പെട്ട മൂല്യമാകട്ടെ 60000 കോടി രൂപയും.
പ്രശസ്തിയുടെ പാരമ്യത്തിലെത്തി ഹോംസ്. പിന്നീടായിരുന്നു ആന്റിക്ലൈമാക്‌സ്. ഹോംസ് നടത്തുന്ന ടെസ്റ്റുകളുടെ റിസള്‍ട്ടില്‍ പ്രശ്‌നങ്ങള്‍ വരാന്‍ തുടങ്ങി. എന്താണ് നിങ്ങളുടെ സാങ്കേതികവിദ്യയെന്ന ചോദ്യത്തിന് ഹോംസിന് ഉത്തരമില്ലാതായി. പിന്നീടാണ് ബോധ്യമായത് എല്ലാം ഒരു മായയാണെന്ന്. എലിസബത്ത് ഹോംസ് ഇല്ലാത്ത സാങ്കേതികവിദ്യയും മറ്റും പറഞ്ഞ് നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോള്‍ ആക്ഷേപിക്കപ്പെടുന്നു. ഒറ്റ സുപ്രഭാതം കൊണ്ട് അവള്‍ പാപ്പരായി. മൂല്യം വട്ടപ്പൂജ്യം.
അമേരിക്കയില്‍ ഹോംസിനെതിരെ ക്രിമിനല്‍ അന്വേഷണം നടക്കുകയാണ്. തെറാനോസിന്റെ സാങ്കേതിക വിദ്യയെയും വില്‍പ്പന കണക്കുകളെയും കുറിച്ച് ഹോംസ് നിക്ഷേപകരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോഴത്തെ വിലയിരുത്തലുകള്‍. ഹോംസുമായി ബന്ധപ്പെട്ട സകല കഥകളും ഉള്‍പ്പെടുത്തി ജോണ്‍ കാരിയ്രോ ഒരു പുസ്തകം അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്, പേര് ബാഡ് ബ്ലഡ്: സീക്രട്‌സ് ആന്‍ഡ് ലൈസ് ഇന്‍ എ സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പ്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam