‘വാർത്തകളിലെ കേട്ടറിവിനേക്കാൾ വലുതാണ് കിം ജോങ് ഉന്നിന്റെ ആസ്ഥാനം’’

Photo: Youtube/nknewsorg

ഉത്തരകൊറിയയെക്കുറിച്ചുള്ള വാർത്തകളിൽ നിന്നുള്ള കേട്ടുകേള്‍വിയും നേരിട്ടുള്ള അനുഭവവും തമ്മില്‍ വലിയ പൊരുത്തമില്ലെന്നാണ് പുതിയ 360 വിഡിയോ കാണിക്കുന്നത്. വെറുതേയങ്ങ് പറയുന്നതല്ല, ഉത്തരകൊറിയ വരെ പോയി താമസിച്ചവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറച്ചില്‍. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ്ങിലെ ആകാശകാഴ്ച നിങ്ങളെ അദ്ഭുതപ്പെടുത്തും.

പുറം ലോകത്തുനിന്നും സ്വയം തീര്‍ത്ത ഇരുമ്പു മറക്കുള്ളില്‍ കഴിയുന്ന രാജ്യമാണ് ഉത്തരകൊറിയ. ആ രാജ്യത്തെക്കുറിച്ച് വിശ്വസനീയമായ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ പുറത്തെത്തിയിട്ടുള്ളൂ. ഉത്തരകൊറിയന്‍ ഭരണകൂടം ആഗ്രഹിക്കുന്നതിന് അപ്പുറത്തുള്ള ചിത്രങ്ങളോ ദൃശ്യങ്ങളോ കാര്യമായി അന്യദേശക്കാര്‍ കണ്ടിട്ടു പോലുമില്ല. ഇങ്ങനെയുള്ള ഉത്തരകൊറിയയിലെ തലസ്ഥാനമായ പ്യോങ്‌യാങിനെ ആകാശത്തു നന്നും 360 ഡിഗ്രി ക്യാമറയില്‍ ചിത്രീകരിക്കാനുള്ള ഭാഗ്യം ലഭിച്ച ഫൊട്ടോഗ്രാഫറാണ് അരാം പാന്‍. 

ഉത്തരകൊറിയൻ അധികൃതരുടെ അനുമതിയോടെ അവരുടെ പ്രധാന നഗരത്തിന്റെ ആകാശ ദൃശ്യങ്ങളെടുക്കുകയെന്ന മറ്റാര്‍ക്കും ലഭിക്കാത്ത ഭാഗ്യമാണ് സിംഗപ്പൂരുകാരനായ അരാം പാനിന് ലഭിച്ചത്. തനിക്ക് ലഭിച്ച അവസരം പരമാവധി ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ചെറിയൊരു വിമാനത്തില്‍ 360 ഡിഗ്രി കാമറയും ഘടിപ്പിച്ച് പ്യോങ്‌യാങിന് മുകളിലൂടെ പറന്ന അരാം പാന്‍ പ്രധാനപ്പെട്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. യുട്യൂബിലിട്ട ഈ ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചുവെന്നത് സ്വാഭാവികം. 

തന്റെ മറക്കാനാവാത്ത ഉത്തരകൊറിയന്‍ യാത്രയിലെ അനുഭവങ്ങളെക്കുറിച്ച് അരാം പാന്‍ തന്നെ പറയുന്നു. 

∙ ഉത്തരകൊറിയയെ ചിത്രീകരിക്കാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെങ്ങനെ?

അരാംപാന്‍: 2013 ഓഗസ്റ്റിലാണ് ആദ്യമായി ഉത്തരകൊറിയയിലേക്ക് പോകുന്നത്. ആദ്യ യാത്രയില്‍ തന്നെ ഉത്തരകൊറിയ എന്ന രാജ്യത്തോട് ഒരുപാടിഷ്ടം തോന്നി. അധികമാര്‍ക്കും താത്പര്യം തോന്നാത്ത അല്ലെങ്കില്‍ അറിയാനാഗ്രഹിക്കാത്ത ഉത്തരകൊറിയയുടെ നല്ല വശങ്ങളോടാണ് എനിക്ക് പ്രിയം തോന്നിയത്. ഭൂരിഭാഗം പേരും എന്തോ പേടിക്കേണ്ട രാജ്യമായാണ് ഉത്തരകൊറിയയെ കരുതുന്നത്. മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാവുന്ന വിധത്തില്‍ സാധാരണ രീതിയില്‍ ജീവിക്കുന്ന മനുഷ്യരുള്ള നാടാണത്. ഞാന്‍ കണ്ട കാര്യങ്ങള്‍ ലോകത്തോട് പറയണമെന്ന് തീരുമാനിച്ചു. 

∙ മറ്റാര്‍ക്കും നല്‍കാത്ത അനുമതി ഉത്തരകൊറിയ നിങ്ങള്‍ക്ക് നല്‍കിയത് എന്തുകൊണ്ടായിരിക്കും?

അരാം പാന്‍: ഉത്തരകൊറിയക്കാരെ ഭീകരന്മാരായി ഒരിക്കലും ഞാന്‍ കണ്ടിരുന്നില്ല. ഇക്കാര്യം എന്റെ പെരുമാറ്റത്തില്‍ നിന്ന് അവര്‍ക്കും തോന്നിയിരിക്കണം. കൂടുതല്‍ സൗഹൃദം കാണിക്കുമ്പോള്‍ അവര്‍ അതിലേറെ സൗഹൃദം തിരിച്ചു തന്ന അനുഭവമാണ് എനിക്കുള്ളത്. 'സൗമ്യമായ ഒരു മറുപടി ഏത് കോപത്തേയും തണുപ്പിക്കും. പക്ഷേ, ഒരു മോശം വാക്കില്‍ നിന്നു ദേഷ്യം ആളിക്കത്തിയേക്കാം' എന്നൊരു പഴമൊഴി ഞങ്ങളുടെ നാട്ടിലുണ്ട്. 

∙ പ്യോങ്‌യാങിന് മുകളിലൂടെ പറന്ന് ചിത്രീകരിക്കാനുള്ള അനുമതി എങ്ങനെ ലഭിച്ചു? എങ്ങനെയുണ്ടായിരുന്നു ആ അനുഭവം?

അരാംപാന്‍: അടുത്തിടെയാണ് ചെറുവിമാനങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകളും ക്യാമറകളും ഉത്തരകൊറിയ പൂര്‍ണ്ണമായും നിരോധിച്ചത്. യാത്രക്കാരുടെ തന്നെ സുരക്ഷയെ കരുതിയെടുത്ത തീരുമാനമായിരുന്നു ഇത്. അതിവേഗത്തിലുള്ള കാറ്റിനെ തുടര്‍ന്ന് കയ്യില്‍ നിന്നും മറ്റും ക്യാമറയും സ്മാര്‍ട്ട്‌ഫോണുമൊക്കെ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഉത്തരകൊറിയയിലെ ടൂറിസ്റ്റ് അധികൃതരുമായി ആദ്യം ഞാന്‍ ബന്ധപ്പെട്ടു. ഉത്തരകൊറിയയിലെ നാഷണല്‍ ടൂറിസം അഡ്മിനിസ്‌ട്രേഷനും കൊറിയ ഇന്റര്‍നാഷണൽ ട്രാവല്‍ കമ്പനിയും ചേര്‍ന്ന് നടത്തിയ ശ്രമങ്ങളാണ് അത്തരമൊരു അപൂര്‍വ്വ അനുമതി സാധ്യമാക്കിയത്. നിലത്തു വീഴാത്ത രീതിയില്‍ സുരക്ഷിതമായി ഉറപ്പിച്ചു വെച്ചാല്‍ എത്ര ക്യാമറയും കൊണ്ടുപോകാമെന്ന് അനുമതി ലഭിച്ചു. 

ഭാരം വളരെ കുറഞ്ഞ ചെറുവിമാനത്തില്‍ പ്യോങ്‌യാങ് നഗരത്തിന് മുകളിലൂടെ പറക്കുമ്പോള്‍ ഡിഎസ്എല്‍ആര്‍ ക്യാമറ കൂടെ കൂട്ടുന്നത് എളുപ്പമല്ലായിരുന്നു. എന്നിട്ടും നാലു ക്യാമറകളുമായാണ് ഞാന്‍ യാത്രക്കെത്തിയത്. ഇതിലൊരു ക്യാമറ ഉപയോഗിച്ചാണ് ഉത്തരകൊറിയയുടെ ആകാശത്തു നിന്നുള്ള ആദ്യത്തെ 360 ഡിഗ്രി കാഴ്ച്ച പകര്‍ത്തിയത്. അപൂര്‍വ്വമായ അനുഭവമായിരുന്നു അത്. പുറം ലോകത്തിന് രഹസ്യകേന്ദ്രങ്ങളായുള്ള പല പ്രദേശങ്ങളുടേയും കെട്ടിടങ്ങളുടേയും ചിത്രങ്ങള്‍ എനിക്ക് സ്വന്തം ക്യാമറയില്‍ പകര്‍ത്താനായി.

∙ ആരെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ചോ?

അരാം പാന്‍: തീര്‍ച്ചയായും പരിശോധനകളുണ്ടായിരുന്നു. ഞാന്‍ എടുത്ത എല്ലാ ചിത്രങ്ങളും ദൃശ്യങ്ങളും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചു, ചിലത് ഡിലീറ്റ് ചെയ്തു. എങ്കിലും എടുത്ത ചിത്രങ്ങളില്‍ 90 ശതമാനവും ലഭിച്ചുവെന്ന് എനിക്കുറപ്പുണ്ട്. അവരുടെ നഗരത്തെയും രാജ്യത്തെയും കുറിച്ച് ഉത്തരകൊറിയക്കാര്‍ക്ക് വലിയ മതിപ്പാണ്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത വ്യക്തി പോലും തുറന്ന് സംസാരിക്കുന്നയാളായിരുന്നു.

∙ ചിത്രീകരണത്തിനിടെ എപ്പോഴെങ്കിലും ഏതെങ്കിലും ഭാഗം എടുക്കെരുതെന്ന ആവശ്യമുയര്‍ന്നിരുന്നോ?

അരാം പാന്‍: സൈന്യവുമായി ബന്ധപ്പെട്ട പ്രദേശങ്ങളും സൈനിക കേന്ദ്രങ്ങളുമാണ് ചിത്രീകരിക്കുന്നതിന് അനുമതിയില്ലായിരുന്നത്. പ്രത്യേകിച്ചും ജോലിയിലേര്‍പ്പെട്ട സൈനികരുടെ ചിത്രങ്ങള്‍. സൈനികര്‍ കെട്ടിടം പണിയിലും കൃഷിയിലുമൊക്കെ നാട്ടുകാരെ സഹായിക്കുന്നത് അവിടെ സ്ഥിരം കാഴ്ച്ചയാണ്. സൈനിക വാഹനങ്ങളും മറ്റും ചിത്രീകരിക്കുന്നതിനും വിലക്കുണ്ടായിരുന്നു. 

∙ ഉത്തരകൊറിയയുടെ സ്വാഭാവികമല്ലാത്ത ചിത്രങ്ങളാണ് എടുത്തതെന്ന് കരുതുന്നുണ്ടോ?

അരാം പാന്‍: ഒരിക്കലുമില്ല. ഞാന്‍ കണ്ട ഒരു കാര്യം പറയാം. സ്ഥിരമായി അവരുടെ ട്രേഡ് ഫെയറുകളില്‍ പങ്കെടുക്കാറുണ്ട്. ഓരോതവണയും വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടുതന്നതായാണ് കണ്ടത്. അവിടെ പരസ്യത്തിന് നിയന്ത്രങ്ങളുണ്ട്. പക്ഷേ ഓരോ കടകള്‍ തന്നെയാണ് അവരുടെ പരസ്യക്കാര്‍. 

ഉത്തരകൊറിയക്ക് മാറ്റങ്ങളുണ്ടാകുന്നുണ്ട‌്. അത് ഭൂരിഭാഗം പേരും കരുതുന്നതുപോലെ ആകണമെന്നില്ല. അവരെ നിര്‍വ്വചിക്കാന്‍ ഇപ്പോഴും ലോകത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.