അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും തമ്മിൽ നടന്ന സിംഗപ്പൂർ ഉച്ചക്കോടിക്ക് ശേഷം ഉത്തര കൊറിയയിലെ മിസൈൽ നിർമാണവും ആണവ പ്ലാന്റുകളും പ്രവർത്തനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പ്രകാരം ഉത്തര കൊറിയയിൽ ബാലിസ്റ്റിക് മിസൈൽ നിര്‍മാണ കേനന്ദ്രത്തിന്റെ പരിഷ്കരണം നടക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഏപ്രിൽ ഒന്നിനും ജൂൺ 29 നും പകർത്തിയ ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയാണ് പുതിയ കണ്ടെത്തൽ. അമേരിക്കയിലെ സാറ്റ്‌ലൈറ്റ് ഇമേജറി വിദ്ഗധരാണ് കിം ജോങ് ഉൻ ബാലിസ്റ്റിക് മിസൈല്‍ നിർമാണ ജോലികൾ നിർത്തിയിട്ടില്ലെന്ന് കണ്ടെത്തിയത്.
അതേസമയം, യോങ് ബ്യോണിലെ ആണവ കേന്ദ്രം പരിഷ്കരിക്കുന്ന നടപടികളുമായി ഉത്തരകൊറിയ മുന്നോട്ടു പോകുകയാണെന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഉത്തരകൊറിയയുടെ നീക്കങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്ന നിരീക്ഷണ സംഘമായ 38 നോർത്ത് പ്രസിദ്ധീകരിച്ച അവലോകനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഉത്തരകൊറിയയിലെ പ്രധാന ആണവ കേന്ദ്രങ്ങളിലൊന്നായ യോങ്ബ്യോങിലെ പ്ലൂട്ടോണിയം നിർമാണ റിയാക്ടറിൽ വരുത്തിയ മാറ്റങ്ങളും അനുബന്ധ സഹായ സംവിധാനങ്ങളുടെ നിർമാണവും വ്യക്തമാക്കുന്ന ഫോട്ടോ ജൂൺ 21ന് എടുത്തതാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിൽ സിംഗപ്പൂരിൽ നടന്ന കൂടിക്കാഴ്ചയുടെ സമയത്തുതന്നെ നടന്നിരുന്ന അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങളാണിവ. റിപ്പോർട്ട് സ്ഥിരീകരിക്കാനാകില്ലെന്നും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യുഎസ് യൂണിഫിക്കേഷൻ മന്ത്രാലയം പ്രതികരിച്ചു.