Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ കാണാന്‍ കിം പറന്നു വരുന്നത് സോവിയറ്റ് വിമാനത്തിൽ

kim-jo-un

ദശലക്ഷത്തോളം വരുന്ന സൈനികര്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍, അണ്വായുധങ്ങള്‍ എന്നിങ്ങനെ സൈനിക രംഗത്തെ അപൂര്‍വ്വതകൊണ്ട് അമേരിക്കയടക്കമുള്ള വന്‍ശക്തിരാജ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കുന്നവരാണ് ഉത്തരകൊറിയക്കാര്‍. ട്രംപുമായുള്ള കൂടിക്കാഴ്ച്ചക്ക് മുൻപ് ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് മറ്റൊരു രാജ്യത്തേക്ക് കിം ജോങ് ഉന്‍ എങ്ങനെ വരുമെന്നതാണ്. കിം സ്വയം വിമാനം പറത്തി വരുമെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലും ദീര്‍ഘസഞ്ചാരത്തിന് ശേഷിയുള്ള വിമാനങ്ങള്‍ ഉത്തരകൊറിയക്കില്ലെന്ന വാദവും ശക്തമാണ്. 

ഉത്തര - ദക്ഷിണ കൊറിയകള്‍ക്കിടയിലെ പ്രദേശത്തായിരുന്നു സാധാരണ നിലയില്‍ ഉത്തരകൊറിയന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ നടന്നിരുന്നത്. ചൈനയും പലപ്പോഴും ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ക്ക് വേദിയായിട്ടുണ്ട്. ഇവിടേക്കെല്ലാം ഉത്തരകൊറിയയില്‍ നിന്നും ട്രയിനില്‍ എത്താവുന്ന ദൂരമേ ഉള്ളൂ. എന്നാല്‍ പസഫിക് സമുദ്രത്തിന് മുകളിലൂടെയോ യൂറോപിലേക്കോ പറക്കാന്‍ ശേഷിയുള്ള വിമാനം ഉത്തരകൊറിയക്കില്ലെന്നാണ് അമേരിക്കയടക്കമുള്ള പാശ്ചാത്യ ശക്തികള്‍ കരുതുന്നത്. സോവിയറ്റ് നിര്‍മിത വിമാനങ്ങളില്‍ മിനുക്കുപണികള്‍ നടത്തിയാണ് ഇപ്പോഴും ഉത്തരകൊറിയ ഉപയോഗിക്കുന്നത്. 

കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്‍ വളരെ അപൂര്‍വ്വമായേ പ്യോങ്‌യാങില്‍ നിന്നും പുറത്തുപോയിരുന്നുള്ളൂ. വിമാനയാത്രയെ ഭയപ്പെട്ടിരുന്ന കിം ജോങ് ഇല്‍ ദൂരയാത്രകള്‍ക്ക് ട്രയിനുകളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പിതാവിന്റെ വിമാനയാത്രാ പേടി തനിക്കില്ലെന്ന് കിം ജോങ് ഉന്‍ വിമാനം പറത്തി തന്നെ തെളിയിച്ചയാളാണ്. മാത്രമല്ല സ്വിറ്റ്‌സര്‍ലണ്ടിലെ ബോര്‍ഡിംങ് സ്‌കൂളിലേക്ക് വിമാനമാര്‍ഗമാണ് കിം ജോങ് ഉന്‍ പോയിരുന്നത്. 

കിം ജോങ് ഉന്‍ വിമാനം പറത്തുന്ന ദൃശ്യങ്ങള്‍ 2014 ഡിസംബറില്‍ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഉക്രെയിന്‍ നിര്‍മിത 148 വിമാനമായിരുന്നു കിം പറത്തിയത്. ഉത്തരകൊറിയന്‍ വിമാന സര്‍വ്വീസായ എയര്‍ കൊര്‍യോയുടെ വിമാനമായിരുന്നു ഇത്. രണ്ട് മാസം കഴിഞ്ഞ് കിം പ്രസിഡന്‍ഷ്യല്‍ ജറ്റ് വിമാനം പറത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉത്തരകൊറിയയിലെ ഒരു നിര്‍മാണ കേന്ദ്രം സന്ദര്‍ശിക്കാനായിരുന്നു പ്രസിഡന്റിന്റെ സ്വന്തം വിമാനത്തിലെ യാത്ര. ഇടംകയ്യില്‍ സിഗരറ്റും പിടിച്ചായിരുന്നു കിം ജോങ് ഉന്‍ നിന്നിരുന്നത്. സോവിയറ്റ് നിര്‍മിത ഇന്യൂഷിന്‍ 62 ജെറ്റ് വിമാനമായിരുന്നു ഇത്. 

ഉത്തരകൊറിയന്‍ വിമാനങ്ങള്‍ നിരന്തരം പറക്കുകയോ സാങ്കേതിക വിദ്യകളില്‍ കാര്യമായ പുരോഗതി വരുത്തുകയോ ചെയ്യാത്തത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. ഉത്തരകൊറിയക്ക് പുറത്തേക്ക് കിം ജോങ് ഉന്‍ സ്വന്തം വിമാനത്തില്‍ പറന്നാല്‍ അത് സുരക്ഷിതമാണോ എന്ന ആശങ്കയാണ് പല വിദഗ്ധരും പങ്കുവെക്കുന്നത്. കൂടിക്കാഴ്ച്ച നടക്കേണ്ട വേദിയിലെത്താന്‍ കിം ജോങ് ഉന്നിനെ അയല്‍രാജ്യങ്ങളായ ദക്ഷിണകൊറിയയോ ചൈനയോ സഹായിക്കാമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍ സഞ്ചരിക്കാന്‍ സ്വന്തം വിമാനമില്ലാത്ത രാഷ്ട്ര തലവനെന്ന നാണംകെട്ടപദവിക്ക് കിം ജോങ് ഉന്‍ നിന്നുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. 

2010ല്‍ എയര്‍ കൊറിയോ രണ്ട് ടുപലേവ് ജെറ്റ് വിമാനങ്ങള്‍ വാങ്ങിയിരുന്നു. ബോയിംങ് 757 വിമാനങ്ങള്‍ക്ക് തുല്യമായ ഈ വിമാനങ്ങള്‍ക്ക് സുരക്ഷയുടെ കാര്യത്തില്‍ മികച്ച റെക്കോഡാണുള്ളത്. 5000 കിലോമീറ്റര്‍ വരെ നിര്‍ത്താതെ പറക്കാന്‍ ടുപലേവ് ജെറ്റ് വിമാനങ്ങള്‍ക്കാകും. മലേഷ്യയിലേ ക്വാലാലംപൂരിലേക്കും കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ നല്‍കുന്ന കുവൈത്തിലേക്കും ഉത്തരകൊറിയ ഈ വിമാനങ്ങള്‍ പറത്തുന്നുണ്ട്.  

ട്രംപ് കിം ജോങ് ഉന്‍ കൂടിക്കാഴ്ച്ച സിംഗപൂരില്‍ നടക്കുമെന്ന സൂചനകളാണ് ഒടുവിലായി പുറത്തുവന്നത്. ജൂണ്‍ 12ന് കൂടിക്കാഴ്ച്ച നടക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഉത്തരകൊറിയയുമായും അമേരിക്കയുമായും നല്ല ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് സിംഗപൂര്‍. ഇത്തരത്തിലുള്ള രാജ്യാന്തര കൂടിക്കാഴ്ച്ചകള്‍ക്ക് സുരക്ഷിതമായി വേദിയായ ചരിത്രവും അവരെ പിന്തുണയ്ക്കുന്നു. ഉത്തരകൊറിയയില്‍ നിന്നും 2900 മൈൽ‍(ഏകദേശം 4667 കിലോമീറ്റര്‍) ദൂരം മാത്രമാണ് സിംഗപൂരിലേക്കുള്ളത്. അതുകൊണ്ടുതന്നെ കിം ജോങ് ഉന്‍ സ്വന്തം വിമാനം പറത്തി സിംഗപൂരില്‍ വന്നിറങ്ങിയാലും അദ്ഭുതപ്പെടാനില്ല. അമേരിക്കയില്‍ നിന്നും സിംഗപൂരിലെത്തണമെങ്കില്‍ ട്രംപിന് 9600 മൈല്‍ സഞ്ചരിക്കേണ്ടി വരും.