ലാവാ ഹീലിയം 14: അധികം ശക്തിയുള്ള ലാപ്‌ടോപ് വേണ്ടാത്തവര്‍ക്കു പരിഗണിക്കാം

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ തുടങ്ങി ലാപ്‌ടൊപ്പ് നിര്‍മാണത്തിലേക്ക് എത്തിയ മൈക്രോമാക്‌സ്, ഐബോള്‍ തുടങ്ങിയ കമ്പനികളുടെ പാത പിന്തുടര്‍ന്ന് ലാവയും എത്തുന്നു. ലാവയുടെതായി ഏതാനും മോഡലുകള്‍ വിപണിയിലുണ്ട്. എന്നാല്‍ അവയില്‍ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയ മോഡലാണ് ലാവാ ഹീലിയം 14 (Lava Helium 14).  സോഫ്റ്റ്‌വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റും പ്രോസസര്‍ നിര്‍മാതാവ് ഇന്റലുമായി ചേര്‍ന്നാണ് ഇതിന്റെ കൂട്ടുകള്‍ ലാവ ഒരുക്കിയിരിക്കുന്നത്. ലാപ്‌ടോപിനെ കൊണ്ട് കഠിന ജോലികള്‍ ചെയ്യിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പിസി പരിഗണിക്കേണ്ടതില്ലായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ ലാപ്‌ടോപുകളില്‍ ഒരു നാഴികക്കല്ലാണ് ലാവാ ഹീലിയം 14. 

പ്രത്യേകതകള്‍ നോക്കാം:

പരിമിതികള്‍

∙ നെറ്റ്ബുക് ശൈലിയിലുള്ള പ്രവര്‍ത്തനം മാത്രം പ്രതീക്ഷിച്ചാല്‍ മതി.

∙ നെറ്റ്ബുക്കുകള്‍ക്ക് ധാരാളം ശേഷിയുള്ള ഹാര്‍ഡ് ഡിസ്‌കുകള്‍ വയ്ക്കാം. 

∙ ലാവാ ഹീലിയത്തിന് കേവലം 32GB റോം മാത്രമേയുള്ളു. 

∙ ധാരാളം പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു വലിയ പരിമിതി തന്നെയാണ്. 

∙ ഇടിയ്ക്കിടയ്ക്കു വരുന്ന വിന്‍ഡോസ് അപ്‌ഡേറ്റിനു വേണ്ടി സ്ഥലമെടുത്തു കഴിയുമ്പോള്‍ അധികം മിച്ചമുണ്ടാവില്ല. 

∙ ലാപ്‌ടോപ് 128GB വരെയുള്ള SD കാര്‍ഡുകള്‍ സ്വീകരിക്കും. സ്റ്റോറേജിന് ഇതിനെ തന്നെ ആശ്രയിക്കേണ്ടി വരും. 

∙ കേവലം 2GB (DDR3) റാമെയുള്ളു. വര്‍ധിപ്പിക്കാന്‍ സാധ്യമായേക്കില്ല. 

∙ പ്രോസസര്‍ ഇന്റല്‍ ആറ്റം ക്വാഡ് കോര്‍ പ്രോസസറാണ് ശക്തി പകരുന്നത്. അതിനാല്‍ കഠന ജോലികളോ മള്‍ട്ടി ടാസ്‌കിങോ സുഗമമാകണമെന്നില്ല.

∙ പ്ലാസ്റ്റിക് നിര്‍മിതിയായതിനാല്‍ സൂക്ഷിച്ചില്ലെങ്കില്‍ പ്രശ്‌നമുണ്ടാകാം.

∙ ചാര്‍ജിങ്ങിന് സമയം എടുക്കുന്നു.

∙ സ്പീക്കറുകള്‍ അത്ര മെച്ചമല്ല.

ഗുണങ്ങള്‍ 

∙ ഫുൾഎച്ച്ഡി ഡിസ്പ്ലെയാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചറുകളിലൊന്ന് (എൽഇഡി ബാക്ക്‌ലിറ്റ് ടിഎൻ ഡിസ്പ്ലെ).

∙ ഒറിജിനല്‍ വിന്‍ഡോസ് 10 ഹോം (വാര്‍ഷിക എഡിഷന്‍) 64 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റം.

∙ ഒറിജിനല്‍ ഒപ്പറേറ്റിങ് സിസ്റ്റം ആയതിനാല്‍ വിന്‍ഡോസ് ഡിഫെന്‍ഡറിന്റെ സേവനം ലഭിക്കും. മിക്കവര്‍ക്കും വേറൊരു ആന്റി വൈറസ് അന്വേഷിക്കേണ്ടി വരില്ല.

∙ 10,000 mAh ലിതിയം പോളിമര്‍ ബാറ്ററി. ഒൻപതു മണിക്കൂര്‍ വരെ പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി പറയുന്നു. 

∙ കേവലം 1.45 കിലോ ഭാരമാണ് ലാപ്‌ടോപിനുള്ളത്. സ്ലിം ആയി നിര്‍മിച്ചിരിക്കുന്നു. നിര്‍മാണ വസ്തു മാത്രമാണ് ഈടു നില്‍ക്കുമോ എന്നു സംശയം തോന്നിപ്പിക്കുന്നത്.