Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെല്ലിന്റെ പുതിയ ലാപ്‌ടോപ്പിന് ചൊവ്വാ ഗ്രഹത്തിലെ മാര്‍സ് റോവറിന്റെ കൂളിങ് സിസ്റ്റം!

dell

ഈ വര്‍ഷത്തെ മൂന്നാറിലെ തണുപ്പനുഭവിച്ച മിക്കവര്‍ക്കും അല്‍പ്പം ചൂടു കിട്ടിയെങ്കില്‍ എന്നു തോന്നിയിട്ടുണ്ടാകാം. അതു പോലെ പാചകം ചെയ്യുമ്പോഴും നല്ല ചൂടു വേണം. എന്നാല്‍ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനിടെ ചുട്ടു പഴുത്താല്‍ അവയുടെ ഇലക്ട്രോണിക് ഘടകങ്ങകള്‍ വളരെ വേഗം നശിക്കാം. ഫോണും കംപ്യൂട്ടറും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്.

ഗെയ്മിങ്ങിനും വിഡിയോ എഡിറ്റിങ്ങിനും മറ്റും ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ വളരെ പെട്ടെന്നു ചൂടാകും. ഇവയ്ക്കായി ഫാനുകളും ഹീറ്റ് സിങ്കുകളുമാണ് കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ ഉപയോഗിക്കുന്നത്. എന്നാൽ പോലും പല കംപ്യൂട്ടറുകളും അകാലത്തില്‍ ക്രാഷാകുന്നതായി കാണുന്നു. ചില നിര്‍മാതാക്കള്‍ കാര്‍ റേഡിയേറ്ററില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള വാട്ടര്‍ കൂളന്റുകളെ അനുസ്മരിപ്പിക്കുന്ന കൂളിങ് സിസ്റ്റം പോലും ഉപയോഗിക്കുന്നു. പക്ഷേ, ഇതൊന്നും ഗെയ്മിങ് കമ്പക്കാരുടെയും മറ്റും മണിക്കൂറുകള്‍ നീളുന്ന ഉപയോഗത്തില്‍ തളരാതിരിക്കുന്നതില്‍ നിന്നു കംപ്യൂട്ടറുകളെ തടയാന്‍ പര്യാപ്തമല്ല.

ഇതെല്ലാം, പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കളായ ഡെല്ലിനെ (Dell) പുതിയൊരു വഴിക്കു ചിന്തിപ്പിച്ചു. ബഹിരാകശത്തേക്കു പോകുമ്പോള്‍ ഉപയോഗിക്കുന്നതു പോലെയുള്ള കൂളിങ് സിസ്റ്റം പരീക്ഷിച്ചാലെന്താ? അങ്ങനെ, അവര്‍ തങ്ങളുടെ പുതിയ XPS 13 ലാപ്‌ടോപ്പില്‍ ഗോര്‍ കൂളിങ് സിലിക്കാ എയ്‌റോജെല്‍സ് (Gore cooling silica aerogels) ഉപയോഗിച്ചു. ഇതാണ്, ചൊവ്വാ ഗ്രഹത്തില്‍ കറങ്ങി നടന്ന മാര്‍സ് റോവറില്‍ (Mars Rover) ഉപയോഗിച്ചത്. ഇതെങ്കിലും ചൂടു വര്‍ധിക്കുന്നതു തടയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം നടത്തുമെന്നു പറയുന്ന XPS 13 കഴിഞ്ഞ മാസം നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് അവതരിപ്പിച്ചത്. ഷോയില്‍ ഈ പിസി സ്റ്റാറായത് അതിലെ കൂളിങ് സിസ്റ്റത്തെക്കുറിച്ച് അറിഞ്ഞപ്പോഴാണ്. 'സയന്‍സ് നോവലുകളുടെ പേജുകളില്‍ നിന്ന് നേരിട്ടറിങ്ങിവന്നതു പോലെ', എന്നാണ് ഒരു ടെക്‌നോളജി റിപ്പോര്‍ട്ടര്‍ ഇതേക്കുറിച്ചു പ്രതികരിച്ചത്.

'ഗോര്‍' വസ്തു ഉപയോഗിച്ച് ചൂടിനെ വ്യാപിക്കാന്‍ അനുവദിക്കാതെ വളരെ പെട്ടെന്ന് കംപ്യൂട്ടറിന്റെ വെളിയില്‍ തള്ളാനാകുമെന്ന് കമ്പനി അവകാശപ്പെട്ടു. 100C വരെ ചൂടില്‍ വരെ ചില പ്രൊസസറുകള്‍ക്ക് പ്രവര്‍ത്തിക്കേണ്ടതായി വന്നുവെന്നും ഡെല്‍ പറഞ്ഞു. ഇതെല്ലാം ചെറിയ ലാപ്‌ടോപ്പുകളെ പെട്ടെന്നു കേടാക്കും. അതിന് എയ്‌റോജെല്‍ ഒരു പരിഹാരമായേക്കാമെന്ന് കമ്പനി പറഞ്ഞു. തങ്ങള്‍ നാലു കൊല്ലമായി ഇതേപ്പറ്റി ഗവേഷണം നടത്തുകയായിരുന്നുവെന്നും ഡെല്‍ വ്യക്തമാക്കി.

dells-xps-13

ചൂടു കുറയ്ക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ വേറെയുമുണ്ട്. മൈക്രോസോഫ്റ്റിന്റെ Xbox One X ല്‍ അവര്‍ കഴിഞ്ഞ വര്‍ഷം ഡിസൈന്‍ മാറ്റത്തിലൂടെ പുതിയ കൂളിങ് സിസ്റ്റം പരീക്ഷിച്ചതായി കാണാം.