1,25000 രൂപയുടെ ഗെയിമിങ് ലാപ്‌ടോപുമായി ലെനോവെ

പ്രീമിയം റെയ്ഞ്ചിൽ പുതിയ ഗെയിമിങ് ലാപ്ടോപ് ലെനോവെ പുറത്തിറക്കി. ഐഡിയപാഡ് വൈ700-17ഐഎസ്കെ എന്നാണു മോഡലിന്റെ പേര്. മുംബൈയിൽ നടക്കുന്ന ലെനോവെ ഇൻഡ്യ ഗെയിമിങ് വീക്കിൽ വച്ചാണു പുതിയ മോഡൽ പുറത്തിറക്കിയത്. കമ്പനിയുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോമിൽ എക്സ്ക്ലൂസിവായാണു വിൽപന.

ക്വാഡ് കോർ ഐ7- 6700 എച്ച് ക്യൂ പ്രോസസർ. 2.6 ജിഗാഹെട്ട്സ് അടിസ്ഥാന വേഗത. 5400 ആർപിഎം ഹാർഡ് ഡ്രൈവ്, 16 ജിബി ഡിഡിആർ 4റാം, നാലു ജിബി ഡിഡിആർ 5റാം, നിവീദിയ ജീടിഎക്സ് 960എം വീഡിയോ കാർഡ് എന്നിവ പ്രധാന ആകർഷണങ്ങൾ. 17 ഇഞ്ച് എച്ച്ഡി (1920x1080 പിക്സല്‍) ഡിസ്പ്ലേ. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം. 3.5 കിലോഗ്രാം ഭാരം.

നിവീദിയ ഗ്രാഫിക്സ് കാർഡുകളുപയോഗിക്കുന്ന ചില മോഡലുകൾ നേരത്തെയും ലെനോവെ പുറത്തിറക്കിയിട്ടുണ്ട്. പുതിയ ഗെയിമുകളും നിവീദിയ ഗ്രാഫിക്സിൽ അധിഷ്ഠിതമായിരിക്കുമെന്നാണു സൂചന.

ഈ ലാപ്ടോപ്പിന്റെ 15 ഇഞ്ച് ഡെസ്ക്ടോപ് വേരിയന്റും തയ്യാറാക്കുന്നുണ്ട് ലെനോവെ. ഗെയിമിങ്ങിനു വേണ്ടി പ്രത്യേക മോഡലുകൾ തയ്യാറാക്കുന്നതിനു പിന്നിൽ കമ്പനി ചില ഗെയിമുകൾ തയ്യാറാക്കുകയാണെന്നു റിപ്പോർട്ടുണ്ട്. ഈ റിപ്പോർട്ടുകളെക്കുറിച്ചു ചോദിച്ചപ്പോൾ ഈ മോഡലുകളെ ഉദ്ദേശിച്ചല്ലെന്നും എന്നാൽ ഇത്തരം ചില പദ്ധതികൾ ഉണ്ടെന്നു കമ്പനി വെളിപ്പെടുത്തി. ഈ മോഡലുകൾ റീടെയിലർമാരിലൂടെ വിൽക്കും.

പുതിയ ചില ഗെയിമിങ് ആക്സസറീസും കമ്പനി പുറത്തിറക്കി. 5070 രൂപയുടെ വൈ ഗെയിമിങ് സറൗണ്ട് ഹെഡ്സെറ്റ്, വൈ ഗെയിമിങ് പ്രിസീഷൻ മൗസ് (3770 രൂപ), വൈ ഗെയിമിങ് മെക്കനിക്കൽ സ്വിച്ച് കീബോർഡ് (8000 രൂപ), വൈ ഗെയിമിങ് ബായ്ക്ക് പായ്ക്ക് (8000 രൂപ), വൈ ഗെയിമിങ് മൗസ് മാറ്റ് (715 രൂപ) എന്നിവയാണവ.