ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറിന്‍റെ ആയിരമിരട്ടി പ്രവര്‍ത്തനക്ഷമതയുള്ള സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ചൈന. നെക്സ്റ്റ് ജനറേഷന്‍ കംപ്യൂട്ടറുകളുടെ അതുല്യമായ സാധ്യതകള്‍ കണക്കിലെടുത്താണ് ചൈനയുടെ ഈ ഉദ്യമം. ചൈനയുടെ തന്നെ അപ്‌ഗ്രേഡഡ് കംപ്യൂട്ടറായ Tianhe1A യെ വെല്ലുന്ന ശേഷിയുള്ളതായിരിക്കും ഈ സൂപ്പര്‍ കംപ്യൂട്ടര്‍.
ടിയാന്‍ജിനിലെ നാഷണല്‍ സൂപ്പര്‍ കംപ്യൂട്ടര്‍ സെന്റര്‍ വരുന്ന 2017-2018 കാലയളവില്‍ ഇതിന്‍റെ ആദ്യമാതൃക പുറത്തു വിടും. ഒരു സെക്കന്റില്‍ ബില്യണ്‍ ബില്യണ്‍ കണക്കുകൂട്ടലുകള്‍ ചെയ്യാന്‍ ഇതിനാവുമെന്നാണ് അധികൃതര്‍ പറയുന്നത്.
സെക്കന്റില്‍ കോടിക്കണക്കിനു കണക്കുകൂട്ടലുകൾ ചെയ്യാനാവുന്ന എക്‌സാസ്‌കെയില്‍ (Exascale )കംപ്യൂട്ടിംഗ് സാങ്കേതികവിദ്യ പുത്തന്‍ തലമുറ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗിന്റെ മുഖമുദ്രയാണ്. നിരന്തരം പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. Tianhe1A ആയിരുന്നു 2010 വരെ അറിയപ്പെട്ടിരുന്നതില്‍ വച്ച് ഏറ്റവും വേഗത കൂടിയ കംപ്യൂട്ടര്‍. പിന്നീട് Tianhe2 വന്നതോടുകൂടി വേഗതയില്‍ ഇതായി ഒന്നാമത്.
വേഗത കൂടിയ ഇത്തരം സൂപ്പര്‍ കംപ്യൂട്ടറുകളില്‍ നാം ഇന്ന് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പല ആപ്ലിക്കേഷന്‍സും കാര്യക്ഷമമായി ഉപയോഗിക്കുക എന്നതാണ് ഇന്ന് കംപ്യൂട്ടര്‍ ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇന്ധന പര്യവേക്ഷണ ഡാറ്റാ മാനേജ്മെന്റ്, ആനിമേഷൻ, വിഡിയോ എഫക്റ്റ്സ്, ബയോമെഡിക്കൽ ഡാറ്റാ പ്രോസസ്സിങ് എന്നിവയില്‍ ഇന്നുപയോഗിക്കുന്ന സൂപ്പര്‍ കംപ്യൂട്ടറിന്‍റെ സാധ്യതകള്‍ കൂടുതല്‍ വ്യാപ്തിയോടെ ഇതില്‍ ഉപയോഗിക്കപ്പെടും.
പുതിയ കംപ്യൂട്ടര്‍ നിര്‍മ്മാണം പൂര്‍ണമായും നാഷണൽ സൂപ്പർ കംപ്യൂട്ടർ സെന്ററിന്റെ മേല്‍നോട്ടത്തിലായിരിക്കും. ചൈനയില്‍ നിന്നു തന്നെയുള്ള സിപിയു ചിപ്പുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.