മൂന്നാം ലോകമഹായുദ്ധ ഭീതി: രക്ഷയ്ക്ക് 18,000 ഭൂഗര്‍ഭ അറകള്‍, ദക്ഷിണകൊറിയ ഒരുങ്ങുന്നു!

അമേരിക്കയും ഉത്തരകൊറിയയും പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മൂന്നാം ലോകമഹാ യുദ്ധ ഭീതിയിലാണ് ലോകം. ശത്രുതാനയം യുഎസ് അവസാനിപ്പിക്കും വരെ അണ്വായുധങ്ങൾ നശിപ്പിക്കുന്നതിൽ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്ന് ഉത്തരകൊറിയ അറിയിച്ചു കഴിഞ്ഞു. കൊറിയൻ പെനിസുലയിലെ സംഘർഷം നിർണായക ഘട്ടത്തിലാണ്. ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്നും യുഎന്നിലെ ഡപ്യൂട്ടി അംബാസഡർ കിം ഇൻ റയോങ് പറഞ്ഞത്. 

ഇതിനിടെ ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സിയോളില്‍ നിന്നും വെറും 42 കിലോമീറ്റര്‍ അകലെയുള്ള ഉത്തരകൊറിയന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിന് മിസൈലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്തെങ്കിലും വ്യോമാക്രമണം നടന്നാല്‍ രക്ഷപ്പെടാനുള്ള ഭൂഗര്‍ഭ അറകള്‍ തങ്ങളുടെ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി നിര്‍മിക്കുന്ന തിരക്കിലാണ് ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍. എങ്കിലും തങ്ങളെ ലക്ഷ്യംവെച്ചു നില്‍ക്കുന്ന ഈ മിസൈലുകളെക്കുറിച്ച് സത്യത്തില്‍ ഒരു കോടിയോളം വരുന്ന സിയോള്‍ ജനത വലിയതോതില്‍ ആശങ്കപ്പെടുന്നില്ല. 

ഒറ്റനോട്ടത്തില്‍ കണ്ടെത്താനാകാത്ത 3253 ഭൂഗര്‍ഭ അറകളാണ് ജനങ്ങള്‍ക്കുവേണ്ടി ദക്ഷിണകൊറിയ സിയോളില്‍ മാത്രം നിര്‍മിച്ചിരിക്കുന്നത്. പല ദക്ഷിണകൊറിയക്കാര്‍ക്കും ഇക്കാര്യം അറിയുകപോലുമില്ലെന്നതാണ് മറ്റൊരു വസ്തുത. ഷോപ്പിങ് മാളുകളുടെയും റെയില്‍വേ സ്റ്റേഷനുകളുടേയും ഹോട്ടല്‍ പാര്‍ക്കിങ്ങിന്റേയുമൊക്കെ ഭൂഗര്‍ഭ അറകള്‍ കൂട്ടാതെയാണ് ഇതെന്നതും ഓര്‍ക്കണം. ഇതുകൂടി കണക്കിലെടുത്താല്‍ വ്യോമാക്രമണ സമയത്ത് രക്ഷപ്പെടാനുള്ള അറകളുടെ എണ്ണവും വലിപ്പവും കൂടും. കുറച്ച് വര്‍ഷങ്ങളായി ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി നല്‍കുമ്പോള്‍ ഇത്തരം ഭൂഗര്‍ഭ അറകളുടെ സാന്നിധ്യം കൂടി പ്രോത്സാഹിപ്പിച്ചിരുന്നു.

സിയോളിലെ വഴിയോരങ്ങളില്‍ ഇത്തരം ഭൂഗര്‍ഭ അറകളിലേക്കുള്ള വഴികാട്ടി ബോര്‍ഡുകള്‍ പുതുതായി സ്ഥാപിച്ചുകഴിഞ്ഞു. കൊറിയന്‍, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലാണ് ചുവന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എങ്കിലും അറുപത് വര്‍ഷത്തോളമായി തുടരുന്ന കൊറിയന്‍ സംഘര്‍ഷം ദക്ഷിണകൊറിയക്കാര്‍ക്ക് ശീലമായതിനാല്‍ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയേയും പലരും കാര്യമായെടുക്കുന്നില്ല. ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നാണ് മുപ്പത്തിയാറുകാരിയായ ബാങ്ക് ജീവനക്കാരി സുന്‍ ജിന്‍ പറയുന്നത്. 'ഉത്തരകൊറിയ ആക്രമിച്ചാല്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ഞാന്‍ ഇപ്പോഴും ചിന്തിച്ചിട്ടില്ല. അങ്ങനെയൊരു സാധ്യതയെപ്പറ്റി ആശങ്കപ്പെടാത്തവരാണ് ദക്ഷിണകൊറിയയിലെ ഭൂരിഭാഗംപേരും''

1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇതുവരെ ഉത്തര- ദക്ഷിണ കൊറിയകള്‍ക്കിടയില്‍ ഒരു സമാധാന കരാറുണ്ടായിട്ടില്ല. അതുകൊണ്ട് തത്വത്തില്‍ ഇരുരാജ്യങ്ങളും സാങ്കേതികമായി ആയുധം താഴെവെച്ചിട്ടില്ലെന്ന് പറയാം. പതിറ്റാണ്ടുകളായി ഈ അനിശ്ചിവാസ്ഥ തുടരുന്നതിനാല്‍ ഉത്തരകൊറിയന്‍ പ്രകോപനങ്ങള്‍ ദക്ഷിണകൊറിയക്കാര്‍ക്ക് ശീലമായി. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ഊര്‍ജ്ജിതമാക്കിയതും ആണവപരീക്ഷണം നടത്തിയതുമാണ് മേഖലയിലെ പുതിയ പ്രതിസന്ധിക്ക് കാരണം. 

ഉത്തരകൊറിയന്‍ പ്രകോപനത്തെ തുടര്‍ന്ന് അമേരിക്ക ആക്രമണത്തിന് തയ്യാറായാല്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടേണ്ടി വരിക ദക്ഷിണകൊറിയയാണെന്നത് പകല്‍പോലെ വ്യക്തം. എല്ലാം മറന്നുള്ള യുദ്ധമെന്നത് ഒരിക്കലും നടക്കില്ലെന്ന് ഇപ്പോഴും ഉറപ്പിക്കാനാകില്ല. വിഭജനത്തിന് ശേഷം ഉത്തരകൊറിയ കൂടുതല്‍ ഒറ്റപ്പെടുകയും സൈനികമായി നിരവധി പ്രകോപനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് അമേരിക്കയുടേയും പാശ്ചാത്യരാജ്യങ്ങളുടേയും പിന്തുണയിലാണ് ദക്ഷിണകൊറിയ മുന്നേറിയത്. 

ദക്ഷിണകൊറിയക്കാരുടെ അഭിപ്രായത്തില്‍ ഉത്തരകൊറിയന്‍ പ്രതിസന്ധിയെക്കുറിച്ച് അവരേക്കാള്‍ കൂടുതല്‍ ആശങ്കപ്പെടുന്നത് വിദേശികളാണ്. അമ്പത് വര്‍ഷത്തോളമായി ഉത്തരകൊറിയയില്‍ താമസിക്കുന്ന ഐടി മേഖലയില്‍ പണിയെടുക്കുന്ന പാര്‍ക്ക് യോങ് ബേ പറയുന്നത് യുദ്ധ സാധ്യത പൂജ്യമാണെന്നാണ്. അങ്ങനെയൊരു ആക്രമണമുണ്ടായാല്‍ അടുത്തുള്ള സബ് വേ സ്റ്റേഷനായിരിക്കും തന്റെ അഭയസ്ഥാനമെന്ന് പറയുന്ന ഇദ്ദേഹം അതിനുള്ള സാധ്യതയില്ലെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. 

സിയോളില്‍ 3200ലേറെ ഭൂഗര്‍ഭ അറകളുണ്ടെന്നത് ഇരുപത്തിയഞ്ചുകാരിയായ ചാ കോനിന് അദ്ഭുതപ്പെടുത്തുന്ന അറിവായിരുന്നു. യുവാക്കളില്‍ ഭൂരിഭാഗവും കൊറിയന്‍ യുദ്ധമെന്ന സാധ്യതയെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും ചാ കോന്‍ പറയുന്നു. 2002ല്‍ ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ തന്നെ നടത്തിയ സര്‍വ്വേയില്‍ സിയോള്‍ ജനതയിലെ 74 ശതമാനത്തിനും തങ്ങള്‍ക്ക് ചുറ്റുമുള്ള ഭൂഗര്‍ഭ അറകളെവിടെയാണെന്നതു സംബന്ധിച്ച് യാതൊരു പിടിയുമില്ല. ദക്ഷിണകൊറിയയിലാകെ 18000ത്തോളം ഭൂഗര്‍ഭ അറകള്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഒരുക്കിയിട്ടുണ്ട്. വ്യോമാക്രമണത്തെ നേരിടാന്‍ ഇത് മതിയെങ്കിലും ജൈവ- ആണവ ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ ഇത് മതിയാവില്ല. ദക്ഷിണകൊറിയക്കില്ലാത്ത അണ്വായുധം ഉത്തരകൊറിയക്കുണ്ടെന്നതില്‍ ആശങ്കപ്പെടുന്നവരും ഉണ്ട്.