Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന സൂര്യ മിസൈലുമായി ഇന്ത്യയും, ഇത് ‌ചൈനയ്ക്കുള്ള മറുപടി!

Surya-Missile

ലോകത്തെവിടെയും ലക്ഷ്യം വയ്ക്കാവുന്ന ആണവ ബാലിസ്റ്റിക് മിസൈൽ ചൈനീസ് സേനയുടെ ഭാഗമാകുന്നതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒന്നിലധികം ആണവ പോർമുനകൾ വഹിക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ അടുത്ത വർഷത്തോടെ ചൈനീസ് സേനയുടെ ഭാഗമാകുമെന്നാണ് വിവരം. ചൈനീസ് മിസൈലിന്റെ പരിധി 12,000 കിലോമീറ്ററാണ്. എന്നാൽ ഇതിലും മികച്ച അത്യാധുനിക ശേഷിയുള്ള മിസൈലിന്റെ പണിപ്പുരയിലാണ് ഇന്ത്യ.

കഴിഞ്ഞ നാലു ദശാബ്ദത്തിനുള്ളില്‍ മിസൈല്‍ നിര്‍മാണ രംഗത്ത് അതിവേഗം മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 1983ല്‍ കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന പൃഥ്വി മിസൈല്‍ നിര്‍മിച്ചുകൊണ്ടാണ് ഇന്ത്യയുടെ മിസൈല്‍ പദ്ധതി ആരംഭിച്ചത്. ഇന്ന് ലോകത്തെ ഏതൊരു സൈനിക ശക്തിയോടും കിടപിടിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈലുകള്‍ ഇന്ത്യയുടെ ആവനാഴിയിലുണ്ട്.

ബാലിസ്റ്റിക് മിസൈലുകളില്‍ ഇന്ത്യയ്ക്ക് അഭിമാനമായിട്ടുള്ളത് അഗ്നി പരമ്പരയിലെ മിസൈലുകളാണ്. ഒറ്റഘട്ടമായി വിക്ഷേപിക്കുന്ന 1250 കിലോമീറ്റര്‍ പരിധിയുള്ള മിസൈലായിരുന്നു അഗ്നി 1. രണ്ട് ഘട്ടങ്ങളില്‍ 2000 കിലോമീറ്റര്‍ വരെ ദൂരത്തുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ളതായിരുന്നു അഗ്നി 2 മിസൈല്‍. രണ്ടു ഘട്ടങ്ങളായി സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുന്ന അഗ്നി 3യുടെ പരിധി 3500 കിലോമീറ്ററാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. അഗ്നി 4ന്റെ പരിധി ഇന്ത്യ 4000 കിലോമീറ്ററായി ഉയര്‍ത്തുകയും ചെയ്തു. അഗ്നി പരമ്പരയിലെ മിസൈലുകളെല്ലാം തന്നെ അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതായിരുന്നു.

ഭൂഖണ്ഡാന്തര മിസൈലുകളെന്ന സ്വപ്‌നം ഇന്ത്യ സാക്ഷാത്കരിക്കുന്നത് 2012 ഏപ്രില്‍ 19ന് അഗ്നി 5 വിക്ഷേപിച്ചുകൊണ്ടാണ്. വിജയകരമായി പരീക്ഷിച്ച അഗ്നി 5ന്റെ പരിധിയുടെ കാര്യത്തില്‍ അയല്‍രാജ്യമായ ചൈന സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ 5000 കിലോമീറ്ററാണ് അഗ്നി 5ന്റെ പരിധിയായി പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്നും കുറഞ്ഞത് 8000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലാണിതെന്നുമാണ് ചൈനയുടെ വാദം. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആയുധ കിടമത്സരം ഒഴിവാക്കാനായി ഇന്ത്യ മിസൈലിന്റെ പരിധി ബോധപൂര്‍വ്വം കുറച്ചു പറയുകയാണെന്നാണ് ചൈനീസ് ആരോപണം.

ഡിആര്‍ഡിഒ ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇന്ത്യ 12,000 മുതൽ 16,000 കിലോമീറ്റര്‍ പരിധിയുള്ള മിസൈലിന്റെ പണിപ്പുരയിലാണെന്നാണ് റിപ്പോര്‍ട്ട്. സൂര്യ എന്ന് പേരിട്ടിരിക്കുന്ന ഈ മിസൈലിന് മൂന്ന് ഘട്ടങ്ങളാണുണ്ടാകുക. ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിയുടെ ആദ്യ ഘട്ടത്തിലെ രീതികളായിരിക്കും സൂര്യയും പിന്തുടരുക. പേര് സൂര്യയെന്നാണെങ്കിലും ഫലത്തില്‍ അഗ്നിയുടെ ആറാം പതിപ്പാണിതെന്നും വിദഗ്ധാഭിപ്രായമുണ്ട്.

അതേസമയം, മറ്റൊരു ഡിഫൻസ് വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത് സൂര്യ മിസൈലിന് നാല് ഘട്ടങ്ങളുണ്ടെന്നാണ്. മൂന്ന് ടണ്‍ വരെ ആയുധം വഹിക്കാനുള്ള ശേഷി സൂര്യക്കുണ്ട്. അഗ്നി മിസൈലുകളുടെ മൂന്നിരട്ടിയാണിത്. ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങളിലെത്താനുള്ള ശേഷിയും സൂര്യയെ ശത്രുക്കളുടെ പേടി സ്വപ്‌നമാക്കി മാറ്റുന്നു.

സൂര്യ മിസൈലിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിക്കിപിഡീയ റിപ്പോർട്ട് പ്രകാരം 55,000 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ (ആകെ ഭാരം) മിസൈലിന് സാധിക്കും. ശബ്ദത്തേക്കാൾ 24 ഇരട്ടി വേഗതയിലായിരിക്കും സൂര്യ മിസൈൽ കുതിക്കുക (Mach 24, മണിക്കൂറിൽ 29,401 കിലോമീറ്റർ). വിക്കിപീഡിയ റിപ്പോർട്ടുകൾ പ്രകാരം മൂന്നു സ്റ്റേജുകളിലായാണ് സൂര്യ മിസൈൽ പ്രവർത്തിക്കുക. ആദ്യ, രണ്ടാം ഘട്ടത്തിൽ ഖരവും മൂന്നാം ഘട്ടത്തിൽ ദ്രാവക ഇന്ധനവുമാണ് ഉപയോഗിക്കുന്നത്.