Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉന്നിനെ പിടിച്ചുകെട്ടാൻ ജപ്പാന്റെ ‘ചാരപ്പണി’, ദൗത്യത്തിന് എഫ്–35 എ

f-35a-japan

ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിനെ പിടിച്ചുകെട്ടാൻ ലക്ഷ്യമിട്ട് വൻ തന്ത്രങ്ങളാണ് ജപ്പാൻ പ്രതിരോധ വിഭാഗം ആസൂത്രണം ചെയ്യുന്നത്. ഉത്തരകൊറിയക്കു മേലുള്ള നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി എഫ്–35 എ ചാര വിമാനങ്ങള്‍ ആദ്യമായി വാങ്ങാൻ പോകുകയാണ് ജപ്പാന്‍. റഡാറുകള്‍ക്ക് പോലും കണ്ടെത്താനാകാത്ത ഈ അമേരിക്കന്‍ നിര്‍മിത സ്പൈ വിമാനങ്ങള്‍ നിലവിലെ എഫ്–4 വിമാനങ്ങള്‍ക്ക് പകരമായാണ് ജപ്പാന്‍ വാങ്ങുന്നത്. ഇത് ഉത്തരകൊറിയയെ കൂടുതല്‍ ഫലപ്രദമായി നിരീക്ഷിക്കുന്നതിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍. 

ഏപ്രില്‍ മുതല്‍ പത്ത് എഫ്–35എ ചാരവിമാനങ്ങള്‍ അമേരിക്കയില്‍ നിന്നും വാങ്ങാനാണ് ജപ്പാന്റെ തീരുമാനം. നിരന്തരം വ്യോമാതിര്‍ത്തി ലംഘിക്കുന്ന ഉത്തരകൊറിയന്‍ നിലപാടുകളും ജപ്പാനെ ഇത്തരമൊരു തീരുമാനമെടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങള്‍ അതിവേഗം വ്യോമ സേനകളെ ആധുനികവല്‍ക്കരിക്കുമ്പോള്‍ ജപ്പാന് അധികകാലം കണ്ടു നില്‍ക്കാനാവില്ലെന്ന് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോഡെര തന്നെ വ്യക്തമാക്കി കഴിഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആകെ 42 എഫ്–35എ ചാരവിമാനങ്ങള്‍ വാങ്ങാനാണ് ജപ്പാന്റെ പദ്ധതി. പുതിയ പോര്‍വിമാനങ്ങൾ എത്തുന്നതോടെ ജാപ്പനീസ് വ്യോമസേനക്ക് തന്നെ പുത്തനുണര്‍വും മാറ്റവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കാനാകുന്ന ദീര്‍ഘദൂര ജെഎസ്എം മിസൈലുകളും ജപ്പാന്‍ വാങ്ങുന്നുണ്ട്. 

മിസൈലുകള്‍ വാങ്ങുന്നുണ്ടെങ്കിലും തങ്ങളുടെ അയല്‍രാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന നിലപാട് ജാപ്പനീസ് പ്രതിരോധ മന്ത്രി ആവര്‍ത്തിച്ചു. 'മിസൈലുകള്‍ വാങ്ങുകയെന്നാല്‍ അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്നല്ല അര്‍ഥം. ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇപ്പോഴും ജപ്പാന്‍ ആശ്രയിക്കുന്നത് സഖ്യരാജ്യമായ അമേരിക്കയുടെ സൈനിക ശേഷിയെയാണ്. അതില്‍ മാറ്റമുണ്ടാകില്ല.' ഒനോഡെര പറഞ്ഞതായി ജപ്പാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. 

അതേസമയം, അമേരിക്കയും ദക്ഷിണകൊറിയയും നടത്താനിരുന്ന സംയുക്ത സൈനികാഭ്യാസം നീട്ടിവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് എല്ലാ വര്‍ഷവും ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനികാഭ്യാസം നടക്കാറ്. ഈവര്‍ഷത്തെ ശൈത്യകാല ഒളിംപിക്‌സിന് ശേഷമായിരിക്കും സൈനികാഭ്യാസം നടക്കുകയെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.