കിം ജോങ് ഉന്നിനെ ചൈനയിലെത്തിച്ചത് പച്ച ട്രെയിൻ, 21 കോച്ചുകൾ, ബുള്ളറ്റ് പ്രൂഫ് സുരക്ഷ

ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ സ്വന്തം രാജ്യം വിട്ട് യാത്ര പോകുന്നത് അപൂർവ്വമാണ്. ഉത്തര കൊറിയൻ മേധാവിയായി തിരഞ്ഞെടുത്തതിന് ശേഷം അയൽ രാജ്യമായ ചൈനയിൽ പോലും കിം ജോങ് ഉൻ പോയിട്ടില്ല. എന്നാൽ സമാധാനം നിലനിർത്താൻ ചർച്ചകൾ വേണ്ടതുണ്ടെന്ന് മനസ്സിലാക്കിയ കിം ജോങ് ഉൻ ചൈനയുടെ ആസ്ഥാന നഗരയിൽ എത്തിയെന്നാണ് റിപ്പോർട്ട്.

യാത്ര പച്ച ട്രെയിനിൽ

കിം ജോങ് ഉന്നിന്റെ ചൈനീസ് സന്ദർശനം ഉത്തര കൊറിയൻ മാധ്യമങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ എപ്പോൾ, എങ്ങനെയാണ് യാത്ര എന്നത് സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരങ്ങൾ പ്രകാരം കിം ജോങ് ഉന്നും അനുയായികളും 22 കോച്ചുകളുള്ള പച്ച ട്രെയിനിൽ തിങ്കളാഴ്ച തന്നെ ചൈനയിൽ എത്തിയിട്ടുണ്ടെന്നാണ്. 2011 ൽ ഉന്നിന്റെ പിതാവ് ചൈന സന്ദർശിച്ചപ്പോഴും ട്രെയിൻ വഴിയാണ് യാത്ര ചെയ്തിരുന്നത്.

ട്രെയിനിന്റെ ദൃശ്യങ്ങൾ ജപ്പാനിലെ നിപ്പോൺ ന്യൂസ് നെറ്റ്‌വർക്ക് പുറത്തുവിട്ടിട്ടുണ്ട്. തിരശ്ചീനയായി മഞ്ഞ വരകളുള്ള പച്ച ട്രെയിനിന്റെ ദൃശ്യങ്ങൾ കാണാം. ഡാൻഡോങ്ങില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് 1,100 കിലോമീറ്റർ ദൂരമുണ്ട്. തുടർച്ചയായി 14 മണിക്കൂർ സഞ്ചരിച്ചാലെ ചൈനയുടെ ആസ്ഥാനത്തെത്തൂ. ചൈനയിലെ റെയിൽവെ സ്റ്റേഷനുകളില്ലെല്ലാം വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിലെ ഗ്രേറ്റ് ഹാളിലെ സുരക്ഷയും ശക്തമാക്കി. ഇതിനു മുൻപ് സ്വിറ്റ്സർലൻഡിൽ പഠനത്തിനു വേണ്ടി  മാത്രമാണ് ഉൻ വിദേശത്ത് പോയിട്ടുള്ളത്.

ബുള്ളറ്റ് പ്രൂഫ് ട്രെയിൻ

കിം ജോങ് ഉൻ സഞ്ചരിക്കുന്ന പച്ച ട്രെയിനിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകി നിർമിച്ചിട്ടുള്ള ട്രെയിൻ മിസൈൽ, ബുളളറ്റ് പ്രൂഫാണ്. ആഡംബര സൗകര്യങ്ങളുള്ള ട്രെയിനിൽ കോൺഫറൻസ് റൂമുകൾ, ബെഡ്റൂം, ഓഡിയൻസ് ചേംബറുകൾ, ഹൈ–ടെക് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, സാറ്റലൈറ്റ് ഫോണുകൾ, ഫ്ലാറ്റ് സ്ക്രീൻ ടെലിവിഷനുകൾ, ഡൈനിങ് റൂം എന്നിവയുമുണ്ട്.

കിം ജോങ് ഉന്നിന് വിമാനം വഴി യാത്ര ചെയ്യാൻ ഭയമുണ്ടെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ യാത്രയ്ക്കായി മൂന്നു ട്രെയിനുകളാണ് കിം ജോങ് ഉൻ സജ്ജമാക്കിയിരുന്നത്. മൂന്നു ട്രെയിനുകളിൽ മധ്യത്തിലുള്ള വണ്ടിയിൽ കിമ്മും പിന്നിലും മുന്നിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ വണ്ടികളും. ഇതായിരുന്നു കിമ്മിന്റെ ബെയ്ജിങ് യാത്രാ പദ്ധതി.

ഇതേ ട്രെയിനിൽ ബുള്ളറ്റ് പ്രൂഫ് സുരക്ഷയുള്ള രണ്ട് മെർസിഡസും ഉണ്ട്. ചൈനയിൽ എത്തിയതിനു ശേഷം ഈ വാഹനങ്ങളിലാണ് കിം സഞ്ചരിക്കുക. ഉത്തര കൊറിയയിലെ കുറച്ചു പേർക്ക് മാത്രമാണ് ഈ ട്രെയിനിലെ സാങ്കേതിക സംവിധാനങ്ങളെ കുറിച്ച് അറിയൂ. ഇത്തരത്തിൽ ആറോളം ട്രെയിനുകൾ ഉണ്ടെന്നാണ് ഉത്തര കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മണിക്കൂറിൽ 60 കിലോമീറ്ററാണ് പച്ച ട്രെയിനിന്റെ വേഗം. 2004 ൽ സംഭവിച്ച ദുരന്തത്തിനു ശേഷം ട്രെയിൻ യാത്രയിൽ വൻ മാറ്റങ്ങളാണ് ഉത്തര കൊറിയ നടപ്പിലാക്കിയത്. അന്നത്തെ ദുരന്തത്തിൽ 160 പേർ മരിക്കുകയും 1,300 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.