യുദ്ധമുണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശങ്ങളുമായി സ്വീഡിഷ് സര്‍ക്കാര്‍. ശീതയുദ്ധകാലത്ത് പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ തുടര്‍ച്ചയായ നിര്‍ദേശങ്ങളാണ് മുപ്പത് വര്‍ഷത്തിന് ശേഷം സ്വീഡന്‍ നല്‍കിയിരിക്കുന്നത്. ഇരുപത് പേജ് വരുന്ന നിര്‍ദ്ദേശങ്ങളാണ് 48 ലക്ഷത്തോളം ജനസംഖ്യയുള്ള രാജ്യത്തിനു മുൻപാകെ സ്വീഡന്‍ മുന്നോടുവെച്ചിരിക്കുന്നത്.
എന്തെങ്കിലും പ്രതിസന്ധിയോ യുദ്ധമോ സംഭവിച്ചാല്‍ എന്നാണ് നിര്‍ദേശങ്ങളുടെ തലക്കെട്ട്. രാജ്യത്ത് എവിടെയെല്ലാം ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഷെല്‍ട്ടറുകളുണ്ട്, ഏതെല്ലാം സ്ഥലങ്ങള്‍ സുരക്ഷിതമാണ്, ആവശ്യമായ ഭക്ഷണം, ശുദ്ധജലം തുടങ്ങിയവ എങ്ങനെ ഉറപ്പുവരുത്താം എന്നിവയൊക്കെയാണ് നിര്‍ദേശങ്ങളിലുള്ളത്.
രണ്ടാം ലോകമഹായുദ്ധക്കാലത്താണ് ഇത്തരം നിര്‍ദേശങ്ങള്‍ സ്വീഡന്‍ അവരുടെ പൗരന്മാര്‍ക്ക് ആദ്യമായി നല്‍കിയത്. പിന്നീട് ശീതയുദ്ധകാലത്ത് ഈ നിര്‍ദേശങ്ങള്‍ പുതുക്കി അവതരിപ്പിക്കപ്പെട്ടു. അതേ നിര്‍ദേശങ്ങളാണ് കാലാനുസൃതമായ മാറ്റങ്ങളോടെ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
ഏതെങ്കിലും രാജ്യം നമ്മളെ ആക്രമിച്ചാല്‍ ഒരിക്കലും നമ്മള്‍ കീഴടങ്ങില്ലെന്ന് ബുക്‌ലെറ്റ് പറയുന്നു. 2014 മാര്‍ച്ചില്‍ ഉക്രയിനിലെ ക്രീമിയയിലേക്ക് റഷ്യ ആക്രമണം നടത്തിയതോടെയാണ് സ്വീഡനടക്കമുള്ള മേഖലയിലെ രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പുലർത്താൻ തുടങ്ങിയത്. തങ്ങളുടെ വ്യോമാതിര്‍ത്തി റഷ്യ ലംഘിക്കുന്നുവെന്ന ആരോപണം പലപ്പോഴായി സ്വീഡന്‍ അടക്കമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇത്തരം ആരോപണങ്ങളോട് മോസ്‌കോ പ്രതികരിച്ചിട്ടു പോലുമില്ല.
പ്രതിരോധ ചിലവ് കുറച്ചുകൊണ്ടുവരുന്ന രീതിക്ക് വിരുദ്ധമായി വര്‍ഷങ്ങള്‍ക്കുശേഷം 2016ല്‍ പ്രതിരോധ ബജറ്റില്‍ സ്വീഡന്‍ വര്‍ധന വരുത്തിയിരുന്നു. നാറ്റോ സഖ്യത്തില്‍ ചേരണമെന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ സ്വീഡനില്‍ നടക്കുന്നുണ്ട്. ആണവാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സംവിധാനങ്ങള്‍ ഗോട്ട്‌ലാന്റ് ദ്വീപില്‍ സജ്ജീകരിക്കണമെന്ന ആവശ്യത്തിനും സ്വീഡനില്‍ കരുത്തേറിയിട്ടുണ്ട്.
രാജ്യത്തെ പൗരന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം സ്വീഡന്‍ വീണ്ടും കൊണ്ടുവന്നിരുന്നു. ബാള്‍ട്ടിക് മേഖലയിലെ സംഘര്‍ഷ സാധ്യതകളാണ് സ്വീഡനെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ഓരോ വീടുകളിലും അവശ്യം വേണ്ട സാധനങ്ങളുടെ പട്ടികയും സ്വീഡന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ച ബുക്ക്‌ലെറ്റിലുണ്ട്. അത്തരം സാഹചര്യങ്ങളില്‍ വലിയതോതില്‍ പ്രചരിക്കാന്‍ സാധ്യതയുള്ള വ്യാജ വാര്‍ത്തകളെക്കുറിച്ചും പരാമര്‍ശമുണ്ട്. അത്തരം വ്യാജവാര്‍ത്തകളെ എങ്ങനെ തിരിച്ചറിയാമെന്നും ബുക്ക്‌ലെറ്റ് പറയുന്നു. സ്വീഡിഷും ഇംഗ്ലീഷും അടക്കം 12ലേറെ ഭാഷകളിലാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്.