ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകശക്തികളുടെ പട്ടികയിൽ ഇന്ത്യയും. ഇന്ത്യയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ അഗ്നി–5 വൈകാതെ തന്നെ സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. അടുത്ത ആഴ്ചകളിലെ കുറച്ചു പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ സൈനിക ആവശ്യങ്ങൾക്ക് ഔദ്യോഗികമായി തന്നെ അഗ്നി–5 വിന്യസിക്കാം.
അമേരിക്ക, ചൈന, റഷ്യ, ഫ്രാൻസ്, ഉത്തര കൊറിയ തുടങ്ങി രാജ്യങ്ങൾക്ക് മാത്രമാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുള്ളത്. പരീക്ഷണങ്ങൾ പൂർത്തിയായാൽ ഇന്ത്യൻ സൈന്യത്തിന്റെ സ്ട്രാറ്റജിക് ഫോഴ്സസ് കമാന്‍ഡിനാണ് (എസ്എഫ്സി) അഗ്നി–5 കൈമാറുക.
ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പരിധിയില്‍, പരീക്ഷണം വൻ വിജയം
ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയർത്തുന്ന ഭൂഖണ്ഡാന്തര മിസൈൽ അഗ്നി–5ന്റെ പരീക്ഷണങ്ങൾ ഇതുവരെ വൻ വിജയമാണ് കാഴ്ചവെച്ചത്. ആണവായുധങ്ങളെ വഹിക്കാൻ ശേഷിയുള്ള മിസൈലിന്റെ പരീക്ഷണം വൻ വിജയമാണെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.
അഗ്നി-5ന്റെ ആദ്യപരീക്ഷണം 2012 ഏപ്രിൽ 19നും, രണ്ടാം പരീക്ഷണം 2013 സെപ്റ്റംബർ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നടന്നിരുന്നു. 2015 ജനുവരിയിൽ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകൾ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങൾ നടത്തിയത്.
അയ്യായിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യം ഭേദിക്കാനാവുന്ന മിസൈലിന് ഒരു ടണ്ണിലേറെ ഭാരമുള്ള ആണവ പോർമുന വഹിക്കാനുള്ള ശേഷിയുണ്ട്. 17 മീറ്റർ നീളവും 50 ടണ്ണിലേറെ ഭാരമുള്ളതാണു മിസൈൽ. ചൈനയെ ആദ്യമായി പ്രഹരപരിധിയിൽ കൊണ്ടുവന്നത് അഗ്നി മിസൈലാണ്. അഗ്നിയുടെ പരിധിയിൽ ഏഷ്യൻ ഭൂഖണ്ഡം പൂർണമായും വരും. യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങൾ ഭാഗികമായും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ, ഇന്തൊനീഷ്യ, തായ്‌ലൻഡ്, മലേഷ്യ, പാക്കിസ്‌ഥാൻ, അഫ്‌ഗാനിസ്‌ഥാൻ, ഇറാൻ, ഇറാഖ്, ഈജിപ്‌ത്, സിറിയ, സുഡാൻ, ലിബിയ, റഷ്യ, ജർമനി, യുക്രെയ്‌ൻ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളെ പ്രഹരപരിധിയിലാക്കുമ്പോൾ യുഎസ്, ചൈന, ഫ്രാൻസ്, റഷ്യ എന്നീ വൻശക്‌തികൾക്കൊപ്പം ഇടം നേടാനും ഇന്ത്യയ്‌ക്കു വഴിയൊരുക്കുകയാണ് അഗ്നി-5.
1550 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-1, 2500 കിലോമീറ്റർ ദൂരപരിധിയുള്ള രണ്ടാം പതിപ്പ്, 3500 കിലോമീറ്ററിന്റെ മൂന്നാം പതിപ്പ്, അതിനുശേഷം 5000ൽ അധികം കിലോമീറ്റർ ദൂരപരിധിയുള്ള അഞ്ചാം പതിപ്പ് എന്നിവയാണ് ഇതുവരെ പരീക്ഷിച്ചു വിജയിച്ച ദീർഘദൂര ബാലിസ്‌റ്റിക് മിസൈലുകൾ. അഗ്നി-5 മിസൈൽ റെയിൽ വാഹനത്തിലും പടുകൂറ്റൻ ട്രക്കിന്റെ ട്രെയിലറിൽ ഘടിപ്പിച്ചും സ്‌ഥാനം മാറ്റാം. കനിസ്‌റ്ററിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുപോകുമ്പോൾ ശത്രു ഉപഗ്രഹങ്ങൾ ഇതിന്റെ സ്‌ഥാനം കണ്ടെത്തുകയില്ല. ഇന്ത്യയുടെ ഏതു കോണിൽ നിന്നു വിക്ഷേപിച്ചാലും ചൈനയുടെ ഏതു കോണിൽ വരെയും പറന്നെത്താൻ കഴിയുന്ന മിസൈലാണ് അഗ്നി-5.