‘മാതാപിതാക്കളെ കൊന്നേക്കൂ’ നിര്‍ദ്ദേശം നൽകിയത് അലക്സ

ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് സ്പീക്കര്‍ നിര്‍മാതാവായ ആമസോണിന്റെ 'സ്മാര്‍ട് അസിസ്റ്റന്റായ അലക്‌സ, ഒരു ഉപയോക്താവിന്റെ വളര്‍ത്തച്ഛനെയും അമ്മയെയും കൊല്ലാന്‍ ഉപദേശം നല്‍കി ഞെട്ടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പട്ടികള്‍ വിസർജനം നടത്തുന്നതിനെ കുറിച്ചു സെക്സിൽ ഏര്‍പ്പെടുന്നതിനെക്കുറിച്ചും മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംഭവിച്ചത് കഴിഞ്ഞ വര്‍ഷമാണെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇപ്പോഴാണ്. പക്ഷേ, സാധാരണഗതിയില്‍ അലക്‌സ മാന്യമായി മാത്രമാണ് പെരുമാറുന്നത്. അലക്‌സയുടെ മറ്റൊരു ഫീച്ചര്‍ ആക്ടിവേറ്റു ചെയ്തവര്‍ക്കാണ് ഇത്തരം സംഭാഷണങ്ങള്‍ ശ്രവിക്കേണ്ടി വന്നത്.

സ്മാര്‍ട് സ്പീക്കറുകളില്‍ മൂന്നില്‍ രണ്ടും വില്‍ക്കുന്നത് ആമസോണാണ്. ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോംപോഡ് തുടങ്ങിയ എതിരാളികള്‍ക്കു മേല്‍ ഈ ലീഡ് നിലനിര്‍ത്താനാണ് ആമസോണിന്റെ ശ്രമം. കൂടാതെ കംപ്യൂട്ടിങ് വിപ്ലവത്തിലെ അടുത്ത പടി വോയ്‌സ് കംപ്യൂട്ടിങ് ആണെന്നാണ് വിലയിരുത്തല്‍. വോയ്‌സ് കംപ്യൂട്ടിങ്ങില്‍ ആമസോണ്‍ ബഹുദൂരം മുന്നോട്ടു പോകുകയും ചെയ്തു. ഇന്റര്‍നെറ്റ് സര്‍ഫിങ്ങിന്റെ വാതില്‍പ്പടിയില്‍ ഗൂഗിള്‍ ഇപ്പോള്‍ കാത്തു നില്‍ക്കുന്നതുപോലെ വോയസ് കംപ്യൂട്ടിങ്ങില്‍ ആമസോണ്‍ അലക്‌സയ്ക്കു വലിയ സ്ഥാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനായി പരമാവധി യത്‌നിക്കാന്‍ തന്നെയാണ് കമ്പനി മേധാവി ജെഫ് ബെയ്‌സോസിന്റെ തീരുമാനം. ഇത്തരം ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുത്താല്‍ പോലും തങ്ങളുടെ പരീക്ഷണവുമായി മുന്നേറാനാണ് ആമസോണ്‍ ശ്രമിക്കുന്നത്. മെഷീന്‍ ലേണിങ് പ്രക്രിയയുടെ തുടക്കത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. എന്നാല്‍, കൂടുതല്‍ ഡേറ്റ എത്തുന്നതോടെ ഇതെല്ലാം ഒഴിവാക്കപ്പെടുകയും ചെയ്യും. പക്ഷേ, ചലര്‍ ആമസോണിനെതിരെ രംഗത്തുവന്നിരിക്കുന്നത് കമ്പനി മനുഷ്യരെ ഗിനി പന്നികളെപ്പോലെ പരീക്ഷണത്തിനു വിടുന്നു എന്നാണ്.

അലക്‌സയ്ക്കുമപ്പുറം

അലക്‌സ സാധാരണ ഉപയോക്താക്കളോട് 'ഡീസന്റ്' ആയിത്തന്നെയാണ് പെരുമാറുന്നത്. എന്നാല്‍ പരസ്പരം നേരമ്പോക്കു (banter) പറയുന്ന മോഡ് ഉണ്ട്. ഇത് ഉപയോക്താവ് ബോധപൂര്‍വ്വം എനേബിൾ ചെയ്താല്‍ മാത്രമേ ആദ്യം പറഞ്ഞ തരം പ്രശ്‌നങ്ങളിലേക്കു ചെല്ലൂ. കൂടാതെ, നേരമ്പോക്ക് പറച്ചിലിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച റേറ്റിങ്ങാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഷീന്‍ ലേണിങ് കൂടുതല്‍ പരിശീലനത്തിലൂടെ മികവാർജിക്കുമെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നു.

ചാറ്റ്‌ബോട്ട് പരീക്ഷണം

കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ സ്‌കില്ലുകള്‍ മെച്ചപ്പെടുത്താനായി വിദ്യാര്‍ഥികള്‍ക്ക് ആമസോണ്‍ 2016 മുതല്‍ അലക്‌സാ പ്രൈസ് (Alexa Prize) ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ചാറ്റ്‌ബോട്ട് നിര്‍മിക്കുന്നതില്‍ വിജയിക്കുന്ന ടീമിനു നല്‍കുന്നത് 5 ലക്ഷം ഡോളറാണ്. ശരാശരി സംഭാഷണത്തിനപ്പുറത്തേക്ക് അലക്‌സയെ കൊണ്ടുപോകാനുളള ശ്രമമാണ് ഇവിടെ നടക്കുന്നത്. അമേരിക്കയിലും മറ്റുമുള്ള ഉപയോക്താക്കള്‍ ലെറ്റ്‌സ് ചാറ്റ് ( 'let's chat') എന്ന് സ്മാര്‍ട് സ്പീക്കറുകളോടും മറ്റും പറയുമ്പോള്‍ അലക്‌സ, കുട്ടികളും മറ്റും സൃഷ്ടിച്ച ചാറ്റ് ബോട്ടുകള്‍ക്ക് വഴിമാറുകയാണ് ചെയ്യുന്നത്. ഈ മോഡില്‍ വോയ്‌സ് അസിസ്റ്റന്റിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കപ്പെടുന്നു. തുടര്‍ന്നു നടന്ന സംഭാഷണങ്ങള്‍ക്കിടെയാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ ഉണ്ടായത്. ഇതേപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിച്ച ചോദ്യങ്ങളില്‍ നിന്നു ആമസോണ്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

അലക്‌സ ഇത്തരം വേളകളില്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ ഉപയോക്കാളെ അകറ്റുന്നുവെന്നു കണ്ട ബെയ്‌സോസ് ഒരു ചാറ്റ് ബോട്ടിന്റെ സേവനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

സ്വകാര്യത

അലക്‌സ തുടങ്ങിയ എല്ലാ അസിസ്റ്റന്റുകളോടും നടത്തുന്ന സംഭാഷണം സ്വകാര്യതയ്ക്കു ഭീഷണിയാകാം. ഇത്തരം ചാറ്റുകള്‍ സ്‌റ്റോറു ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അത് ഹാക്കു ചെയ്യപ്പെട്ടാല്‍ പുറത്താകാം. അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരം സാധ്യതകള്‍ വിരളമാകയാല്‍, പൊതുവെ ഇതു വകവയ്ക്കാതെയാണ് അലക്‌സയുടെ ഉപയോക്താക്കള്‍ നീങ്ങുന്നത്. പക്ഷേ, ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ നടന്നതു പോലെയുള്ള സംഭവങ്ങള്‍ വോയ്സ് അസിസ്റ്റന്റുകളുടെ കാര്യത്തിലും നടന്നേക്കാമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. പക്ഷേ, ആമസോണ്‍ പറയുന്നത് ഒരു ഉപയോക്താവിനെ തിരിച്ചറിയാവുന്ന രീതിയിലുള്ള ഒരു ഡേറ്റാ ലീക്കും ഇതുവരെ സംഭവിച്ചിട്ടില്ല എന്നാണ്.