ഫോണിലെ മെനു തുറന്ന് എൽ ഇ ഡി ലൈറ്റ് ഓണ്‍ ചെയ്യാനും, ചിത്രം എടുക്കാനും, എമർജൻസി കോൾ വിളിക്കാനും മറ്റും ഓരോ ഓപ്ഷനുകൾ എടുക്കുന്നതിനു പകരമായി ഫോണിന്റെ സൈഡിലെ ബട്ടണുകൾ പോലെ നമ്മുടെ ആവശ്യത്തിനു അനുസരിച്ച് കുറച്ചു ബട്ടണുകൾ ഫോണിന്റെ പുറകിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കാൻ എയർ ബട്ടണുകൾ എത്തുകയാണ്.
ഫോണിന്റെ പുറകിൽ ഒട്ടിച്ചുവെക്കാവുന്ന എൻ എഫ് സി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബട്ടണുകൾ ആണ് എയർ ബട്ടണുകൾ. ഇതിനു സമാനമായ ഉൽപ്പന്നങ്ങൾ നേരത്തെയും ഇറങ്ങിയിരുന്നു. ഡിമ്പിൾ (Dimple) എന്ന പേരിൽ 2014 ൽ ബട്ടണുകൾ ഇറങ്ങിയിരുന്നു. ക്ലിഗ് (Clig) എന്ന പേരിൽ ഇറങ്ങിയ ഉൽപ്പന്നം ഉദ്ദേശിച്ച വിജയം കണ്ടില്ല.
ഫോണുമായി പെയർ ചെയ്താണ് എയർ ബട്ടണുകൾ പ്രവർത്തിക്കുന്നത്. നിലവിൽ ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. എൻ എഫ് സി (Near Field Communication) ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ബട്ടണുകൾക്ക് പ്രത്യേകം ബാറ്ററി ആവശ്യമില്ല. എയർ ബട്ടണുകൾ ഫോണിനു പിന്നിൽ ഘടിപ്പിച്ചതിനു ശേഷം, ഫോണിൽ ലഭ്യമായ പ്രത്യേക ആപ്ലിക്കേഷൻ വഴി, ബട്ടണ്‍ ഞെക്കുമ്പോൾ ഏത് ഓപ്ഷൻ തുറക്കണമെന്ന് നിശ്ചയിക്കാം. അറിയാതെ ബട്ടണിൽ ഞെക്കിയാലും കുഴപ്പമില്ല, ഫോണിന്റെ സ്ക്രീൻ ഓണ്‍ ആക്കിയാൽ മാത്രമേ എയർ ബട്ടണുകൾ പ്രവർത്തിക്കൂ. അനാവശ്യമായി ഫോണിന്റെ ചാർജ് നഷ്ടപ്പെടാതിരിക്കാൻ കൂടിയാണിത്.
![air-button2 air-button2](https://img-mm.manoramaonline.com/content/dam/mm/ml/tech/mobiles/image/oct-15/30/air-button2.jpg.image.784.410.jpg)
മുൻപ് ഇറങ്ങിയ ഡിമ്പിൾ പോലെയുള്ള ഉല്പ്പന്നങ്ങളെക്കാൾ കാര്യക്ഷമാമാണ് പുതിയ ബട്ടണുകൾ എന്നാണ് വിലയിരുത്തൽ. മെറ്റൽ കെയ്സ് ഉള്ള ഫോണുകളിൽ എയർ ബട്ടണുകൾ ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് പ്രധാന പോരായ്മ. നിലവിൽ കിക്ക്സ്റ്റാർട്ടർ (Kickstarter) വഴി 15,000 ഡോളർ ഫണ്ടിംഗ് തേടുകയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.