'ഒരൊറ്റ യുഎസ്ബി സ്റ്റിക്ക് മതി നിങ്ങളുടെ കംപ്യൂട്ടറിനെ എന്നെന്നേക്കുമായി നശിപ്പിച്ചു കളയാൻ'. അതെ, യുഎസ്ബി പെൻ ഡ്രൈവിന്റെ രൂപത്തിൽ പുതിയ തന്ത്രങ്ങളുമായി ഹാക്കറന്മാർ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ അകാല ചരമം കുറിക്കാൻ എത്തുമ്പോൾ ലോകം ഇനി യുഎസ്ബി സ്റ്റിക്കുകളെ പേടിയോടെയാകും കാണുക. 'ഡാർക്ക് പർപ്പിൾ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന റഷ്യയിൽ നിന്നുള്ള ഒരു കംപ്യൂട്ടർ സെക്ക്യൂരിറ്റി ഗവേഷകന്റെ തലതിരിഞ്ഞ ബുദ്ധിയാണ് കില്ലർ യുഎസ്ബി സ്റ്റിക്കിന്റെ സംഹാര ശേഷിക്കു പിന്നിൽ.
സാധാരണ വൈറസ് ബാധിച്ച യുഎസ്ബി സ്റ്റിക്ക് പോലെ കംപ്യൂട്ടറിൽ മാൽവെയറോ വൈറസോ പടർത്തുകയല്ല ഈ റഷ്യൻ നിർമ്മിത യുഎസ്ബി സ്റ്റിക്കിന്റെ ലക്‌ഷ്യം. മാതൃ കംപ്യൂട്ടറിൽ സർവനാശം വിതയ്ക്കാൻ യുഎസ്ബി ഇന്റർഫേസ് ലൈനിലേക്ക് 220 വോൾട്ട് പ്രവഹിപ്പിക്കുകയാണ് ഈ യുഎസ്ബി സ്റ്റിക്കിന്റെ ദൗത്യം. ഈ സ്റ്റിക്കിനുള്ളിലെ പ്രത്യേകം തയാറാക്കിയിരിക്കുന്ന സർക്യൂട്ടറി -220 വോൾട്ട് ഇംപൾസ് വിദ്യുത്ചാലകബലം ഉത്പാദിപ്പിക്കുകയും കംപ്യൂട്ടറിന്റെ മതർബോർഡ്, ഹാർഡ് ഡിസ്ക് എന്നിവയെ നിമിഷങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമാക്കുകയും ചെയ്യും.
'ഡാർക്ക് പർപ്പിൾ' തന്റെ ബ്ലോഗിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് കംപ്യൂട്ടറുകളെ മാത്രമല്ല ഈ കില്ലർ യുഎസ്ബി സ്റ്റിക്ക് ലക്ഷ്യമിടുന്നത്. യുഎസ്ബി ഇന്റർഫേസുള്ള സ്മാർട്ട് ഫോണുകൾ, ടിവികൾ, ഡിജിറ്റൽ മീഡിയ പ്ലെയറുകൾ, കാമറകൾ, പ്രോജക്ടറുകൾ എന്നിവയൊക്കെയും ഈ യുഎസ്ബി ഭീകരന്റെ ലക്ഷ്യത്തിൽ ഉൾപ്പെടുന്നവയാണ്. ഒരു ലെനോവോ തിങ്ക്പാഡ് X60 ലാപ്ടോപ് യുഎസ്ബി കില്ലർ ഉപയോഗിച്ച് നശിപ്പിച്ചു കളയുന്നതിന്റെ ലൈവ് ഡെമോ വിഡിയോയും 'ഡാർക്ക് പർപ്പിൾ' ബ്ലോഗിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആ വീഡിയോ ഇവിടെ കാണാം.
എന്നാൽ ഈ കില്ലർ യുഎസ്ബികൾ ഒരേ സമയം തന്നെ ഉപദ്രവമായും ഉപകാരപ്രദമായും മാറാനുള്ള സാധ്യതയും കാണുന്നുണ്ട്. സിനിമകളിലൊക്കെ നാം കാണുന്നത് പോലെ ഒരു ഭീകരനെയോ, ചാവേറിനെയോ പൊലീസ് കീഴ്പ്പെടുത്തുമ്പോൾ അവർ സയനൈഡ് ഗുളിക വിഴുങ്ങി സ്വയം ജീവനൊടുക്കും പോലെ; ബിസിനസുകാർക്കോ മിലിട്ടറി ഉദ്യോഗസ്ഥർക്കോ തങ്ങൾ ശത്രുക്കളുടെ മുന്നിൽ ചെന്ന് ചാടുമ്പോൾ വിലയേറിയ ഡാറ്റയുള്ള ലാപ്ടോപ്പിനെ കൊന്നു കളയാനുള്ള സയനൈഡ് ഗുളികയായി ഈ കില്ലർ യുഎസ്ബി സ്റ്റിക്കിന്റെ ഉപയോഗിക്കാനാകും എന്നതാണ് ഇതിന്റെ ഗുണകരമായ വശം.
എന്നാൽ ഒരു വിനാശകാരിയായ ഭീകരൻ പിടിയിലാകുമ്പോൾ അവന്റെ ഡാറ്റ നശിപ്പിച്ചു കളയാനും ഇതേ മാർഗ്ഗം ഉപയോഗിക്കുമ്പോഴാണ് ഇത് ഒരേ സമയം കൊല്ലാനും, സ്വയം രക്ഷപ്പെടാനുമുള്ള ഒരു മാരക ആയുധമായി മാറുന്നത്. എന്തായാലും മുൻപരിചയമില്ലാത്ത യുഎസ്ബി ഡിവൈസുകളെ ഇനി സംശയ ദൃഷ്ടിയോടെ കാണുന്നതാകും നിങ്ങളുടെ കംപ്യൂട്ടറിന്റെയും മറ്റു വിലപിടിച്ച ഉപകരണങ്ങളുടേയും ആരോഗ്യത്തിനു നല്ലത്.