സാൻഫ്രാൻസിസ്കോ∙ ഐഫോൺ 7 ഔദ്യോഗികമായി പ്രഖ്യാപിക്കും മുൻപ് ട്വിറ്ററിൽ ചോർന്നു. ഐഫോൺ 7ന്റെ വാട്ടർ റെസിസ്റ്റന്റ് ഫീച്ചറും പുതിയ ‘ജെറ്റ് ബ്ലാക്ക്’ നിറവും ഉള്‍പ്പെടെ വ്യക്തമാക്കിയായിരുന്നു ട്വീറ്റ്. തൊട്ടുപിറകെ ട്വീറ്റ് പിൻവലിച്ചെങ്കിലും ഒട്ടേറെ പേരിലേക്ക് റീട്വീറ്റുകളായി ഐഫോൺ7ന്റെ ‘സസ്പെൻസ്’ അപ്പോഴേക്കും എത്തിയിരുന്നു.
തൊട്ടുപിറകെ സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി ആപ്പിൾ ഐഫോൺ 7, 7 പ്ലസ്, സ്മാർട് വാച്ച് സീരീസ് 2 എന്നിവ പുറത്തിറക്കി.
ഇയർഫോൺ ജാക്കില്ലാതെയാണ് ഐഫോൺ 7ന്റെ വരവ്. പകരം ലൈറ്റ്നിങ് കണക്ടർ ഉപയോഗിക്കാം. പക്ഷേ ലൈറ്റ്നിങ് പോർട്ടിൽ കണക്ട് ചെയ്യാവുന്ന ഡോംഗിൾ വഴി 3.5 എംഎം ഹെഡ്ഫോണുകൾ ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. എയർപോഡ് എന്ന പേരിൽ വയർലസ് ഇയർഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആപ്പിൾ വാച്ചുമായും കണക്ട് ചെയ്യാം.
മൊബൈലിന്റെ സ്റ്റോറേജ് കപ്പാസിറ്റിയും കൂട്ടി; 32 ജിബിയിൽ തുടങ്ങുന്നു. പുത്തൻ ഡിസൈനിനൊപ്പം ഇനി ജെറ്റ് ബ്ലാക് ഉൾപ്പെടെയുള്ള നിറങ്ങളിലും ഐഫോൺ ലഭ്യമാകും. ഐഫോൺ സീരീസിലെ ആദ്യ വാട്ടർ-ഡസ്റ്റ് റെസിസ്റ്റന്റ് ഫോൺ കൂടിയാണിത്. കൂടുതൽ ഫീച്ചറുകളും ക്യാമറയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഐഫോൺ 7 പ്ലസിൽ പിൻക്യാമറ ഡ്യുവൽ ആയിരിക്കും. 12 എംപി ക്യാമറകളാണ്. സൂമിങ് ഉൾപ്പെടെ കൂടുതൽ കാര്യക്ഷമമാക്കുന്നതാണ് ഈ ഫീച്ചർ. മുൻക്യാമറ 7എംപിയാണ്.
ഐഒഎസ് 10 എന്ന ‘മോസ്റ്റ് അഡ്വാൻസ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിന്’ അത്രയും തന്നെ മികച്ച ഫോൺ വേണമെന്ന മുഖവുരയോടെയായിരുന്നു ഐഫോണിന്റെ പ്രഖ്യാപനം. സ്വിം പ്രൂഫ് ആണ് ആപ്പിളിന്റെ പുതിയ സ്മാർട് വാച്ച് എസ് 2. ബിൽറ്റ് ഇൻ ജിപിഎസുമുണ്ട്. നൈക്കിയുമായി ചേർന്ന് ആപ്പിൾ വാച്ച് നൈക്കി പ്ലസും പുറത്തിറക്കി.
പുതിയ വാച്ചിൽ പോക്കിമോൻ ഗോയും കൂടാതെ ആപ്പിൾ സ്റ്റോറിൽ മാരിയോ ഗെയിമും പ്രഖ്യാപിച്ചിട്ടുണ്ട്. ഐഫോൺ 7 പ്രീ ഓർഡർ ഒൻപതിന് ആരംഭിക്കും. 16ന് യുഎസ് വിപണിയിലെത്തും. ഒക്ടോബർ അവസാനത്തോടെ ഇന്ത്യയിലും.