വിപണി പിടിക്കാൻ മോട്ടോ M, ലെനോവോ P2

സ്മാർട്ട്ഫോൺ വിപണിയിൽ തരംഗമാകാൻ രണ്ടു ഫോണുകൾ കൂടി എത്തുന്നു. പുതിയ ഫീച്ചറുകളുമായി മോട്ടോ എം, ലെനോവോ വൈബ് പിടു എന്നീ രണ്ടു ഫോണുകൾ നവംബര്‍ എട്ടിന് ചൈനയിൽ അവതരിപ്പിക്കും. കഴിഞ്ഞ കുറച്ചു മാസങ്ങളായി മോട്ടോ എം ഫീച്ചറുകൾ പലതും ചോര്‍ന്നിരുന്നു. ലോഹനിര്‍മിതമായ യൂണിബോഡി ഡിസൈന്‍, പിന്‍ പാനലിലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ തുടങ്ങിയവയായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകതകൾ.

നേരത്തെ പുറത്തായ സവിശേഷതകളും ഇപ്പോള്‍ ഷെയര്‍ ചെയ്യുന്ന കമ്പനിയുടെ ലോഞ്ചിങ് ക്ഷണത്തില്‍ പറഞ്ഞിരിക്കുന്ന സവിശേഷതകളും ഒന്നുതന്നെയാണ്. 4ജി LTE സവിശേഷതയോടുകൂടിയ ഫോണിനു 5.5 ഇഞ്ച് ഫുൾ എച്ച്ഡി (1080x1920 pixels) ഡിസ്‌പ്ലേയാണുള്ളത്. ആൻഡ്രോയ്ഡ് 6.0.1 മാഷ്മലോയാണ് പ്ലാറ്റ്‌ഫോം. കൂടാതെ ഒക്ടാ കോർ മീഡിയ ടെക് ഹീലിയോ P10 SoC, 4GB RAM, 32GB/64GB ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ മറ്റു ഫീച്ചറുകളാണ്.

എല്‍ഇഡി ഫ്‌ലാഷോടു കൂടിയ 16 മെഗാപിക്സൽ പിന്‍ക്യാമറയ്‌ക്കൊപ്പം 8MP/5MP സെല്‍ഫി ക്യാമറയുമുണ്ട്. ടര്‍ബോ ചാര്‍ജിങ് സഹിതമുള്ള 3000mAh ബാറ്ററി കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ മോട്ടോ എം ഫോണിനെ സഹായിക്കും.

IFA 2016ല്‍ ഔദ്യോഗികമായി അതരിപ്പിച്ചതാണ് ലെനോവോ പിടു ഫോൺ. അപ്പോഴാണ് 18,200 രൂപയോളം വില വരുന്ന ഫോണിന്റെ ലോഞ്ച് ഡേറ്റ് നവംബറിലായിരിക്കുമെന്ന് കമ്പനി അറിയിച്ചത്. എന്നാല്‍ ഏറ്റവും പ്രധാന പ്രത്യേകത ഇതിന്റെ 5100mAh ബാറ്ററിയാണ്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി (1080x1920 pixels) AMOLED ആണ് ഡിസ്‌പ്ലേ. ഇതു കൂടാതെ സ്നാപ്ഡ്രാഗൻ 625 SoC, 3GB RAM, 32GB ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്.

4GB RAM, 64GB സ്റ്റോറേജ് എന്നീ സവിശേഷതകളോടു കൂടിയ ഫോണാണ് ചൈനയില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 128GB വരെ ഉയര്‍ത്താവുന്നതാണ്.