ഡ്രോൺ ക്യാമറ: സിനിമ ഷൂട്ടിങ് മുതൽ തിരക്കു നിയന്ത്രിക്കാൻ വരെ

‘പറക്കുന്ന’ ക്യാമറയിൽനിന്നു ലഭിക്കുന്ന വിവരങ്ങളെടുത്ത് സുരക്ഷാക്രമീകരണങ്ങളൊരുക്കുന്നതായിരുന്നു ഡ്രോണിന്റെ ആദ്യ ഉപയോഗമെങ്കിൽ, ഇപ്പോൾ കാർഷിക മേഖലയിൽ വരെ ഉപയോഗിക്കാവുന്ന സാങ്കേതിക ഉപകരണമായി മാറിയിരിക്കുന്നു ഈ കുഞ്ഞൻ വിമാനങ്ങൾ.

ആവേശം അപ്പാടെ എത്തിക്കാൻ

സ്പോർട്സ് മേഖലയിൽ ലൈവ് ബ്രോഡ്കാസ്റ്റിങ്ങിനുള്ള ചെലവു കുറയ്ക്കാൻ ഡ്രോണുകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 10 ക്യാമറ വയ്ക്കുന്ന ഫലം ഒരു ഡ്രോൺകൊണ്ടു കിട്ടുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, എഫ്1 എല്ലാം ഈ സാധ്യതകൾ ഉപയോഗിക്കുന്നുണ്ട്. 360 ഡിഗ്രിയിലുള്ള കാഴ്ച കുറഞ്ഞ ചെലവിൽ ഡ്രോണുകൾ സാധ്യമാക്കും. ഇന്റലിന്റെ ഡ്രോണുകളാണ് സ്പോർട്സിൽ കൂടുതൽ.

തിരക്കു നിയന്ത്രിക്കാൻ

തിരക്കുകൂടിയ സ്ഥലങ്ങളിൽ നിയമപാലനത്തിനായി സേനകൾക്ക് ഡ്രോണുകളെ ഉപയോഗപ്പെടുത്താനാകും. ശബരിമലയിൽ തിരക്കു നിയന്ത്രിക്കാൻ അണ്ണാ സർവകലാശാല രൂപകൽപന ചെയ്ത ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. സുരക്ഷാക്രമീകരണങ്ങളൊരുക്കാനും ഡ്രോണുകൾ നൽകുന്ന വിവരങ്ങളുപകരിക്കും.

ഡെലിവറി ഡ്രോൺ

ഇ–കൊമേഴ്സ് സൈറ്റുകളിൽ ഓർഡർ ചെയ്യുന്ന അന്നുതന്നെ ഉൽപന്നങ്ങൾ വീട്ടിലെത്തിയാൽ സൈറ്റുകളോട് ഉപയോക്താക്കൾ കൂടുതൽ അടുക്കും. ഡെലിവറി ഡ്രോണുകൾ പറന്നുതുടങ്ങിയിട്ടുണ്ട്. വലിയ ഗവേഷണങ്ങളാണ് ഈ മേഖലയിൽ.

കൃഷിക്കാരൻ ഡ്രോൺ

കൃഷിത്തോട്ടത്തിന്റെ കാവൽക്കാരനായും ചിലപ്പോൾ തോട്ടക്കാരനായും ഡ്രോൺ പ്രവർത്തിപ്പിക്കാം. വലിയ പാടശേഖരത്തിൽ ഏതൊക്കെയിടങ്ങളിൽ കളകളുടെയും കീടങ്ങളുടെയും ആക്രമണമുണ്ട്, ഏതൊക്കെ മേഖലകളിലാണു കൂടുതൽ വെള്ളം ആവശ്യമുള്ളത്, വിളവെടുപ്പിനു സമയമായോ തുടങ്ങി എല്ലാ വിവരങ്ങളും നൽകാൻ ഡ്രോണുകൾക്കു കഴിയും. മൾട്ടി സെക്ടറൽ ചിത്രങ്ങൾ ലഭിക്കുന്നതിനാൽ ഓരോ മേഖലയിലെയും പ്രത്യേക വിവരങ്ങൾ ലഭിക്കും. തെർമൽ ഇമേജിങ്ങിലൂടെ ഓരോ പ്രദേശത്തിനും ലഭിക്കുന്ന ചൂടും വെള്ളത്തിന്റെ ആവശ്യകതയും മനസ്സിലാക്കാം. ഇൻഫ്രാറെഡ് ഇമേജിങ്ങിലൂടെ കീടങ്ങളുടെ ഉപദ്രവം എവിടെയാണുണ്ടാകുന്നതെന്ന് അറിയാം.  ഡിജെഐ അഗ്ര ഡ്രോണുകൾ കൃഷിക്കുവേണ്ടി മാത്രമുപയോഗിക്കുന്ന ഡ്രോണുകളാണ്.

സിനിമ പിടിക്കും ഡ്രോൺ

സിനിമ, വിഡിയോ ചിത്രീകരണത്തിന് ഡ്രോണിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. രാജ്യാന്തര മാധ്യമങ്ങൾ വാർത്താശേഖരണത്തിനായി വൻതോതിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു. 

വെയർഹൗസ്  കണക്കെടുപ്പ്

വെയർഹൗസുകളുടെ നിരീക്ഷണത്തിനും വമ്പൻ കമ്പനികൾ ഇപ്പോൾ ഡ്രോണുകളെയാണ് ഉപയോഗപ്പെടുത്തുന്നത്. വലിയ ഗോഡൗണുകളിൽപോയി സാധനങ്ങൾ എണ്ണിത്തിട്ടപ്പെടുത്തണമെങ്കിൽ ദിവസങ്ങളുടെ താമസം വരും.  വർഷാവസാനത്തിൽ ആകെ സ്റ്റോക് എത്രയെന്നു കണ്ടുപിടിക്കാനും പുതിയ ബിസിനസ് പ്ലാനുകൾ തയാറാക്കാനുമെല്ലാം കണക്കുകൾ കൃത്യമായി എടുത്തുകൊടുക്കുന്നത് ഡ്രോണുകളാണ്. ഒരു മാസംകൊണ്ട് ഒട്ടേറെ ആളുകൾ ചെയ്തുതീർക്കേണ്ട ജോലി ഡ്രോണുകൾ മിനിറ്റുകളിൽ‌ തീർക്കും.

വെർച്വൽ റിയാലിറ്റി  ചേർന്നാൽ

ഡ്രോൺ നൽകുന്ന ചിത്രങ്ങൾ വെർച്വൽ റിയാലിറ്റിയിൽ നിന്നു കാണാൻ കഴിയുന്ന സംവിധാനങ്ങൾ ഇപ്പോഴുണ്ട്. പാരറ്റ് പോലുള്ള കമ്പനികൾ ഇത്തരം ഡ്രോണുകൾ നിർമിക്കുന്നുണ്ട്. ക്യാമറയിൽ നിന്ന് റേഡിയോ ഫ്രീക്വൻസിയോ, വൈഫൈയോ, 4 ജി സിമ്മോ ഉപയോഗിച്ച് നെറ്റ്‌വർക്കിലേക്ക് ബ്രോഡ്കാസ്റ്റ് ചെയ്യും. റിസീവിങ് എൻഡിൽ ആൻഡ്രോയിഡ്, ഐഒഎസ് മൊബൈൽ ഉണ്ടാവണം. ഇതിൽ വിആർ ആപ്പ് ഉണ്ടെങ്കിൽ വെർച്വൽ റിയാലിറ്റി ചിത്രങ്ങൾ കാണാം. ഒരു അഗ്നിപർവത സ്ഫോടനം തൊട്ടടുത്തുനിന്നു കാണുന്നതുപോലുള്ള അനുഭവം ഇതിലൂടെ നമുക്കു ലഭിക്കും. 360 ഡിഗ്രി ക്യാമറ ഡ്രോണിൽ ഘടിപ്പിച്ചിരിക്കണം.  രണ്ടു 180 ക്യാമറകളാണെങ്കിലും മതി. ചെറിയ റേഡിയസിൽ കറങ്ങാൻ കഴിയുന്ന (ഹോവറിങ്) ഡ്രോണുകളിലൂടെ,  ഏറ്റവും വ്യക്തമായ ചിത്രങ്ങളാണു ലഭിക്കുന്നത്.