Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുഴപ്പക്കാരായ' മനുഷ്യരെ തിരഞ്ഞുപിടിച്ചു കൊല്ലുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ...

slaughterbots-chilling

മനുഷ്യരാശിക്ക് തന്നെ ഏറ്റവും വലിയ വെല്ലുവിളിയാണ് കൊലയാളി റോബോട്ടുകളെന്ന് കരുതുന്നവര്‍ ഏറെയാണ്. മനുഷ്യന്റെ സഹായമില്ലാതെ സ്വയം തീരുമാനമെടുത്ത് കൊലപാതകം നടത്താന്‍ ശേഷിയുള്ള ഇത്തരം റോബോട്ടുകളെ നിസാരക്കാരായി കരുതാനാകില്ല. സാങ്കേതിക വിദ്യ ഏറെ വികസിച്ച കാലത്ത് തെറ്റായ കൈകളില്‍ ഇത്തരം കൊലയാളി റോബോട്ടുകള്‍ എത്തിപ്പെട്ടാല്‍ എന്താണ് സംഭവിക്കുകയെന്ന് മുന്നറിയിപ്പാണ് 'സ്ലോട്ടര്‍ബോട്ട്‌സ്' എന്ന വിഡിയോ നല്‍കുന്നത്. 

കുഞ്ഞന്‍ കൊലയാളി റോബോട്ടുകളെക്കുറിച്ചുള്ള ഒരു വാര്‍ത്താസമ്മേളനത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. 'കുഴപ്പക്കാരായ' മനുഷ്യരെ മാത്രം തിരഞ്ഞുപിടിച്ച് കൊല്ലാനുള്ള ഈ ചെറു യന്ത്രത്തിന്റെ ശേഷിയാണ് അവതാരകന്‍ വിവരിക്കുന്നത്. കെട്ടിടങ്ങള്‍ക്കോ മറ്റു വസ്തുക്കള്‍ക്കോ യാതൊരു കുഴപ്പവുമുണ്ടാക്കാതെ പ്രത്യേകം സൈനിക നീക്കങ്ങളുടേയോ അണ്വായുധങ്ങള്‍ പോലുള്ള വന്‍ ആയുധങ്ങളുടേയോ ആവശ്യമില്ലാതെ എതിരാളികളെ മാത്രം തിരഞ്ഞുപിടിച്ച് വധിക്കാനാകുമെന്നതാണ് ഈ പറക്കും റോബോട്ടിന്റെ പ്രധാന കഴിവായി വിവരിക്കപ്പെടുന്നത്. 

dronepic

ഈ ഡ്രോണ്‍ ബോട്ട്‌സുകള്‍ക്ക് ആകെ വേണ്ടത് കൊല്ലേണ്ടയാളുടെ പ്രായം, ലിംഗം, മുഖം, വംശം തുടങ്ങിയവയെല്ലാമുള്ള ഒരു പ്രൊഫൈല്‍ മാത്രം. കൊല്ലേണ്ടയാളെ തിരിച്ചറിഞ്ഞ് നെറ്റിയിലൂടെ നിറയൊഴിക്കുകയാണ് ഈ കൊലയാളി ഡ്രോണുകള്‍ ചെയ്യുന്നത്. ഈ സാങ്കേതികവിദ്യ പുറത്തിറങ്ങി ഏറെ വൈകാതെ ഇത് ഭീകരരുടെ കൈകളിലെത്തുന്നതും വിഡിയോയിലുണ്ട്. അമേരിക്കയിലെ ഒരു പ്രത്യേക പാര്‍ട്ടിയിലെ നേതാക്കളെ മുഴുവനായും ഈ കൊലയാളി ഡ്രോണുകള്‍ വധിക്കുന്നു. 

ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് വധിക്കുന്നതും ഇവ തന്നെ. അങ്ങനെ ലോകത്തെ ഭീതിയുടെ മുനമ്പിലേക്ക് എത്തിക്കുകയാണ് ഈ കൊലയാളി റോബോട്ടുകള്‍. ആരെയും പേടിപ്പിച്ചുകളയുന്ന ഈ വിഡിയോ സങ്കല്‍പ സൃഷ്ടിയാണെന്നതാണ് ഒരു ആശ്വാസം. എഐ ആയുധങ്ങള്‍ക്കെതിരെ പ്രചരണം നടത്തുന്ന ക്യാംപയിന്‍ ടു സ്റ്റോപ് കില്ലര്‍ റോബോട്‌സ് എന്ന രാജ്യാന്തര കൂട്ടായ്മയാണ് ഈ വിഡിയോക്ക് പിന്നില്‍. എന്നാല്‍ ഇതില്‍ പറയുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് അത്തരമൊരു കൊലയാളി ഡ്രോണിനെ നിര്‍മിക്കാനാകുമെന്ന സാധ്യതയാണ് ആശങ്കപ്പെടുത്തുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന സാങ്കേതികവിദ്യകളുള്ള യന്ത്രങ്ങളുടെ ചെറു രൂപങ്ങളുണ്ടാക്കി കൂട്ടിയോജിപ്പിക്കുക മാത്രമാണ് ചെയ്യാനുള്ളതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കംപ്യൂട്ടര്‍ സയന്‍സ് വിദഗ്ധന്‍ സ്റ്റുവര്‍ട്ട് റസല്‍ ഓര്‍മിപ്പിക്കുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങളും ഗുണങ്ങളുമുണ്ടാക്കുമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുമെങ്കിലും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും ഭാവിയില്‍ വലിയ തോതില്‍ ഇത് ഭീഷണിയാകുമെന്നത് മറക്കരുതെന്നും റസല്‍ പറയുന്നു. സ്ലോട്ടര്‍ ബോട്‌സ് എന്ന ഈ വിഡിയോയിലെ കാര്യങ്ങള്‍ സങ്കല്‍പം മാത്രമാണ്. എന്നാല്‍ അത് ഒരിക്കലും അസംഭവ്യമാണെന്ന് പറയാനാകില്ല. അത്തരം ഭാവിയെ തടയാന്‍ ഇപ്പോള്‍ നമുക്കാകും. എന്നാല്‍ അതിനുള്ള സാധ്യത സമയമേറും തോറും കുറഞ്ഞുവരികയാണെന്നും റസല്‍ കൂട്ടിച്ചേര്‍ക്കുന്നു. 

drones-attack

സ്റ്റീഫന്‍ ഹോക്കിങ്ങിനേയും എലോണ്‍ മസ്‌കിനേയും പോലുള്ള പ്രതിഭകള്‍ പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനെതിരെ അതിശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ്. പൈലറ്റില്ലാ ചെറു ഡ്രോണുകള്‍ ഇപ്പോള്‍ തന്നെ സാധാരണമാണ്. മനുഷ്യരേക്കാള്‍ വേഗത്തില്‍ മുഖം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യയും വിപണിയിലുണ്ട്. ഇത്തരത്തില്‍ ലക്ഷ്യം തിരിച്ചറിഞ്ഞ് കാഞ്ചിവലിക്കാന്‍ ശേഷിയുള്ള ഒരു സ്ലോട്ടര്‍ബോട്‌സ് പിറന്നാല്‍ അത് മനുഷ്യര്‍ക്കെല്ലാം വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പാണ് ഈ വിഡിയോ നല്‍കുന്നത്.