യുദ്ധം മുതൽ കല്യാണം വരെ

ഒന്നാം വട്ടം കണ്ടപ്പോൾ അമേരിക്കൻ സൈന്യത്തിന്റെ 'Eye in the sky'. ഈയിടെ രണ്ടാം വട്ടം കണ്ടതോ, മിലൻ ഫാഷൻ വീക്കിൽ ‘ഡോൾസ് ൻ ഗബാന’യുടെ ബാഗുകളുമായി റാംപിലെത്തിയ മോഡൽസ്. കഴിഞ്ഞ 10 വർഷങ്ങളിൽ കൊലക്കളം മുതൽ കല്യാണ വേദികൾവരെ കീഴടക്കിയ, ഡ്രോൺ(drone) എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന  Unmanned Aerial Systems (UAS) ടെക്നോളജിയിലെ സാധ്യതകൾ ചെറുതൊന്നുമല്ല. 

തുടക്കം സൈനികോപയോഗങ്ങൾക്ക് ആയിരുന്നെങ്കിലും വളരെ വേഗം വാണിജ്യപരമായി വളർന്ന ഡ്രോണുകൾ ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കപ്പെടുന്നതു താഴെപ്പറയുന്ന രീതികളിലാണ്.

1. Photogrammetry - 2ഡി/5ഡി ചിത്രങ്ങൾ, വിഡിയോ മാപ്പിങ്...

2. Monitoring - ഹൈവേ, എണ്ണ പൈപ്‌ലൈൻ, വൈദ്യുതി ഗ്രിഡ് തുടങ്ങിയ വലിയ അടിസ്ഥാനസൗകര്യവികസനം, കൃഷിയിടങ്ങളിലെ വിളവ്, വെള്ളം, വളം തുടങ്ങിയവയുടെ പരിശോധന, വനങ്ങളിൽ അനധികൃത നായാട്ട്, കാട്ടുതീ നിയന്ത്രണം...

3. Communication – പ്രകൃതി ദുരന്തങ്ങളിൽ റേഡിയോ‌/ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കൽ, സിനിമ, സ്പോർട്സ്, സ്റ്റേജ് ഷോ സംപ്രേഷണങ്ങൾ...

4. Transportation - ദുരന്തബാധിത പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കൽ, ഗതാഗത നിയന്ത്രണം, തിരച്ചിൽ, രക്ഷപ്പെടുത്തൽ...

വലുപ്പവും ചെലവും കുറഞ്ഞുകുറഞ്ഞ് ശരിക്കും ‘ആകാശം നമ്മുടെ കൈവെള്ളയിൽ’ എന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. 

LIDAR സെൻസർ, തെർമൽ ഇമേജിങ് ക്യാമറ, എച്ച്ഡി 4കെ ക്യാമറ എന്നിങ്ങനെ പല കളർ സാധനങ്ങളും കൂടെയാകാം എന്നതിനാൽ നമ്മുടെ കാഴ്ചപ്പാടുതന്നെ മാറ്റി ഡ്രോണുകൾ. 

സാധാരണ ഡ്രോണുകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവ ആയതിനാൽ ഇപ്പോഴത്തെ ശരാശരി പറക്കൽ സമയം അര മണിക്കൂർ മാത്രമാണ്. ഈ ചെറിയ പ്രശ്നം പരിഹരിച്ചാൽ ഡ്രോണിനെ പിടിച്ചാൽ കിട്ടില്ല. ചില വെല്ലുവിളികളും അതോടൊപ്പം ഉയരുന്നു. കള്ളക്കടത്ത്, തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഒളിഞ്ഞുനോട്ടം, മനഃപൂർവമല്ലെങ്കിലും വ്യോമാതിർത്തികൾ ലംഘിക്കുന്നതു വഴിയുള്ള സുരക്ഷാ ഭീഷണി എന്നിങ്ങനെയുള്ള ദുരുപയോഗങ്ങൾ കാരണം ഡ്രോണിന് സമൂഹത്തിൽ ഒരു ചീത്തപ്പേരുമുണ്ട്. പിന്നെ യുദ്ധ ആയുധങ്ങളായതുകൊണ്ട് പൊതുവെയുള്ള പേടിപ്പെടുത്തുന്ന ഇമേജും. Anti-drone technollgy ആണ് അതിനു ചില സമർഥർ കണ്ട പ്രതിവിധി. Signal Imaging, laser attack, guided missiles എന്നുവേണ്ട പരുന്തുകൾ വരെയുണ്ട്.

∙ ബെംഗളൂരുവിൽ ഐടി കൺസൽറ്റന്റാണു ലേഖിക.