Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോയിന്റ് നേമോ: പസഫിക് സമുദ്രത്തിലെ ‘ശ്മശാനദ്വീപ്’, നിയന്ത്രണം നാസയ്ക്ക്!

nasa-space

ബഹിരാകാശത്തെ സാറ്റ‌്‌ലൈറ്റുകള്‍ക്ക് ഭൂമിയിലെ ഒരിടത്ത് നാസ ശ്മശാനം ഒരുക്കിയിട്ടുണ്ട്. ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമെന്ന വിശേഷണമുള്ള പോയിന്റ് നേമോയിലാണ് സാറ്റ്‌ലൈറ്റുകള്‍ക്കായുള്ള ശ്മശാനമുള്ളത്. ആരുമില്ല എന്നര്‍ഥം വരുന്ന പോയിന്റ് നേമോയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെയാണ് സാറ്റ്‌ലൈറ്റുകളുടെ അന്ത്യ വിശ്രമകേന്ദ്രമായി തിരഞ്ഞെടുക്കാനുള്ള കാരണം.

പസഫിക് സമുദ്രത്തില്‍ കരയില്‍ നിന്നും കുറഞ്ഞത് 2,400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പോയിന്റ് നേമോ. ഏറ്റവും അടുത്തുള്ള മനുഷ്യവാസകേന്ദ്രത്തിലെത്താന്‍ 2,400 കിലോമീറ്ററെങ്കിലും യാത്ര ചെയ്യണമെന്നതു തന്നെയാണ് പോയിന്റ് നേമോയെ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് നാസ വ്യക്തമാക്കുന്നു. 

മനുഷ്യര്‍ക്കോ മറ്റേതെങ്കിലും വസ്തുക്കള്‍ക്കോ ജീവജാലങ്ങള്‍ക്കോ അപകടം സംഭവിക്കുമോ എന്ന പേടിയില്ലാതെ സാറ്റ്‌ലൈറ്റുകള്‍ പോയിന്റ് നേമോയില്‍ ഇടിച്ചിറക്കാനാകും. അടുത്ത ദശാബ്ദത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്ന രാജ്യാന്തര ബഹിരാകാശ നിലയം അടക്കമുള്ളവയുടെ അന്ത്യവിശ്രമ കേന്ദ്രം പോയിന്റ് നേമോയായിരിക്കും. വര്‍ഷങ്ങള്‍ക്കുള്ളില്‍ സമുദ്രത്തില്‍ നാല് കിലോമീറ്ററോളം ആഴത്തില്‍ കിടക്കാനായിരിക്കും രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഗതി.

1971നും 2016നും ഇടയില്‍ ലോകത്തെ വിവിധ ബഹിരാകാശ ഏജന്‍സികള്‍ ഈ മേഖലയില്‍ 260ഓളം കൃത്രിമോപഗ്രഹങ്ങളേയും അനുബന്ധ വസ്തുക്കളേയും ഇടിച്ചിറക്കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. അടുത്തിടെയായി ഇത്തരം ഇടിച്ചിറക്കലുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും പോപ്പുലര്‍ സയന്‍സ് വ്യക്തമാക്കുന്നു. റഷ്യയാണ് ഏറ്റവും കൂടുതല്‍ സാറ്റ‌്‌ലൈറ്റുകളെ പോയിന്റ് നേമോയില്‍ തള്ളിയ രാജ്യം. അവരുടെ ബഹിരാകാശ നിലയമായ മിര്‍ 2001ല്‍ കാലാവധി അവസാനിച്ചിരുന്നു. മിറിന്റെ അന്തിമ വിശ്രമകേന്ദ്രവും ഇവിടെ തന്നെ.

എല്ലാ സാറ്റ്‌ലൈറ്റുകളും പോയിന്റ് നേമോയിലെ അടിത്തട്ടിലല്ല അവസാനിക്കുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള യാത്രക്കിടെ ഘര്‍ഷണത്തെ തുടര്‍ന്ന് ചെറിയ സാറ്റ്‌ലൈറ്റുകള്‍ കത്തിപ്പോകും. സാധാരണഗതിയില്‍ സാറ്റ്‌ലൈറ്റുകള്‍ കാലാവധി തീരുന്നതിനോട് അടുക്കുമ്പോള്‍ അവസാന ഇന്ധനം ഉപയോഗിച്ച് പരമാവധി ദൂരത്തേക്ക് പോകുകയും പതിവുണ്ട്. എന്നാല്‍ സാറ്റ്‌ലൈറ്റുകളില്‍ ഭൂമിയില്‍ നിന്നുള്ള നിയന്ത്രണം നഷ്ടമാകുമ്പോഴാണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമാകാറ്.

ചൈന സ്ഥാപിച്ച ആദ്യത്തെ ബഹിരാകാശ ലബോറട്ടറിയായ തിയാങോങ് -1ന് ഇത്തരത്തിലൊരു ഗതി വന്നിരിക്കുന്നു. 2011 സെപ്റ്റംബറിലാണ് ചൈന ബഹിരാകാശ ലബോറട്ടറി വിക്ഷേപിക്കുന്നത്. പരമാവധി മൂന്ന് പേര്‍ക്ക് ബഹിരാകാശത്ത് ഗവേഷണം നടത്താനുള്ള സൗകര്യം ഈ ലാബിലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ ബഹിരാകാശ ലബോറട്ടറി തങ്ങളുടെ നിയന്ത്രണം വിട്ടുപോയെന്ന് ചൈന അറിയിച്ചു. 2018 ഏപ്രിലിനുള്ളില്‍ ഏപ്പോള്‍ വേണമെങ്കിലും തിയാങോങ് 1 ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്നാണ് പ്രതീക്ഷ. പത്തു മീറ്റര്‍ നീളവും 8,500 കിലോഗ്രാം ഭാരവുമുള്ള തിയോങോങ് 1 ഭൂമിയിലേക്കുള്ള യാത്രക്കിടെ കത്തിയമരുമെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ഇതില്‍ പല ശാസ്ത്രജ്ഞരും സംശയം രേഖപ്പെടുത്തിക്കഴിഞ്ഞു.

പ്രവര്‍ത്തനരഹിതമായ സാറ്റ്‌ലൈറ്റുകളും ഉപയോഗരഹിതമായ സാറ്റ‌്‌ലൈറ്റ് ഭാഗങ്ങളും നിറഞ്ഞ് ഭൂമിയുടെ അന്തരീക്ഷം നിറയുന്നുവെന്ന് ശാസ്ത്രലോകം നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ നിലയില്‍ പോയാല്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ ബഹിരാകാശം പുതിയൊരു കൃത്രിമോപഗ്രഹം വിക്ഷേപിക്കാന്‍ പോലും കഴിയാത്ത നിലയിലെത്തും. 

point-nemo

ഭൂമിക്ക് ചുറ്റും 170 ദശലക്ഷം മനുഷ്യനിര്‍മിത വസ്തുക്കള്‍ പറന്നു നടക്കുന്നെന്നാണ് കണക്ക്. മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗതയിലാണ് ഇവയുടെ സഞ്ചാരം. ഇതില്‍ 22,000 എണ്ണത്തിന് മേല്‍ മാത്രമേ മനുഷ്യര്‍ക്ക് നിയന്ത്രണമുള്ളൂ. 900 ബില്യണ്‍ ഡോളര്‍ കണക്കാക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് വലിയ ഭീഷണിയാണിവ. ഇത്തരം മനുഷ്യ നിര്‍മിത വസ്തുക്കളെ അന്തരീക്ഷത്തിലെത്തിച്ച് കത്തിക്കുകയോ പോയിന്റ് നേമോപോലുള്ള കേന്ദ്രങ്ങളിലെത്തിക്കുകയോ ആണ് ഇതിനുള്ള പരിഹാരമായി കരുതപ്പെടുന്നത്.

related stories