ബാബാ രാംദേവിന്റെ മെസേജിങ് ആപ്ലിക്കേഷനായ കിംഭോ വൻ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നീക്കം ചെയ്തിരിക്കുകയാണ്. ബോലോ എന്ന ആപ്പിന്റെ തനി പകർപ്പായിരുന്ന കിംഭോ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പിന്‍വലിച്ചു. കേവലം 5000 പേർ ഇൻസ്റ്റാൾ ചെയ്തപ്പോഴേക്കും ആപ്പ് അപ്രത്യക്ഷമായി.
വാട്സാപ്പിനെ വെല്ലുവിളിച്ചെത്തിയ കിംഭോ മണിക്കൂറുകൾ മാത്രമാണ് ലൈവിൽ ഉണ്ടായിരുന്നത്. ഇതിനകം തന്നെ ആപ്പും ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ അടിത്തറ വരെ ഹാക്കര്‍മാരും ടെക് വിദഗ്ധരും കണ്ടെത്തി സോഷ്യൽ മീഡിയകളിലൂടെ പുറത്തുക്കൊണ്ടുവന്നു.
ബോലോ ആപ്പിന്റെ എല്ലാം പകർത്തിയാണ് കിംഭോ നിർമിച്ചത്. ഇതിനിടെ സോഴ്സ് കോഡുകളിൽ പല സ്ഥലങ്ങളിലും ബോലോ നീക്കം ചെയ്യാൻ ആപ്പ് നിർമാതാക്കൾ മറന്നുപോയി. ആപ്പിന്റെ ബാക്ക് എൻഡ് പ്രവർത്തിച്ചിരുന്ന സെർവർ വരെ ചിലർ ഹാക്ക് ചെയ്തു വെളിപ്പെടുത്തി. വ്യക്തമായ മുന്നൊരുക്കങ്ങളില്ലാതെ ഒരു മെസേജിങ് ആപ്പ് അവതരിപ്പിച്ചതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്നാണ് ഒരു സംഘം ടെക് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

ലക്ഷ്യം ഡേറ്റ തന്നെ
രാജ്യത്തെ ജനങ്ങളുടെ വ്യക്തി വിവരങ്ങളും മറ്റു ഡേറ്റകളും തന്ത്രപരമായി ചോർത്തുകയായിരുന്നു കിംഭോ ആപ്പിന്റെ ലക്ഷ്യമെന്നാണ് ടെക്കികൾ പറയുന്നത്. കാര്യമായി നിക്ഷേപം ഇറക്കാതെ തന്നെ ആപ്പ് വഴി കോടിക്കണക്കിന് പേരുടെ വിലപ്പെട്ട ഡേറ്റകൾ സ്വന്തമാക്കാൻ സാധിക്കും. ഈ ഡേറ്റ മറ്റു കമ്പനികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ വിൽക്കാം. കൂടാതെ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും ഇതുവഴി സാധിക്കും.
കിംഭോ വൻ ദുരന്തം
വൻ ദുരന്തമാണെന്ന് ടെക് വിദഗ്ധര്‍. അനോണിമസ് ഹാക്കറായ എലിയറ്റ് ആൽഡേഴ്സൺ രൂക്ഷമായ ആരോപണങ്ങളാണ് കിംഭോ ആപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

കിംഭോ ആപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും മെസേജുകളും വിഡിയോയും തനിക്ക് കാണാൻ സാധിക്കുമെന്നും എലിയറ്റ് തെളിയിച്ചു. അതീവ സുരക്ഷയുള്ള ആധാർ സംവിധാനങ്ങൾക്കെതിരെയും പാർട്ടികളുടെ ആപ്പുകളുടെ സുരക്ഷാ വീഴ്ചകളും ചൂണ്ടിക്കാണിച്ചിട്ടുള്ള ഹാക്കറാണ് എലിയറ്റ്. ഇതുവരെ 5000 ത്തോളം പേർ കിംഭോ ഇൻസ്റ്റാൾ ചെയ്തു പരീക്ഷിച്ചിരുന്നു. ഇതിനിടെ സോഷ്യൽമീഡിയകളിലും വിവിധ ഹാക്കർമാരും കിംഭോയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.