അഞ്ചു കോടി ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി സ്ഥിരീകരണം. ഫെയ്സ്ബുക്ക് തന്നെയാണ് ഗുരുതരമായ ഈ സുരക്ഷ പിഴവ് പുറത്തുവിട്ടത്. കമ്പനിയുടെ വൈസ്പ്രസിഡന്റുമാരില്‍ ഒരാളായ ഗെയ് റോസണാണ് (Guy Rosen) ഈ വിവരം അറിയിച്ചത്. ഈ പാളിച്ച തങ്ങള്‍ സെപ്റ്റംബര്‍ 25-ാം തീയതി കണ്ടെത്തിയിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ലോകമെമ്പാടുമായി അഞ്ചു കോടിയോ അതിലേറെയോ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെക്കുറിച്ചുള്ള അന്വേഷണം ആദ്യ ഘട്ടത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഫെയ്‌സ്ബുക്കിന്റെ വ്യൂ ആസ് ('View As') ഫീച്ചര്‍ മുതലെടുത്താണ് അക്കൗണ്ടുകളിലേക്ക് കടന്നു കയറിയിരിക്കുന്നത്. അക്കൗണ്ട് പ്രൊഫൈല്‍ എഡിറ്റു ചെയ്യുമ്പോഴോ പ്രൊഫൈല്‍ ഫോട്ടോ മാറ്റുമ്പോഴൊ (edit your account details or the profile picture) കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നിങ്ങളുടെ അക്കൗണ്ട് മറ്റാരെങ്കിലുമാണെന്ന രീതിയില്‍ കാണാന്‍ അനുവദിക്കാനായി ആണ് ഇതുണ്ടാക്കിയിരുന്നത്. അക്കൗണ്ട് ടോക്കണ്‍സ് ഒരുതരം ഡിജിറ്റല്‍ താക്കോലുകളാണ്. ഒരാള്‍ ഫെയ്‌സ്ബുക്കിലേക്കു ലോഗ്-ഇന്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും പാസ്‌വേഡ് കൊടുക്കുന്ന ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് നല്‍കിയിരിക്കുന്നത് എന്നാണ് കമ്പനി പറയുന്നത്.
ഹാക്കര്‍മാര്‍ തങ്ങളുടെ കോഡിലേക്ക് കടന്നു കയറുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വ്യാഖ്യാനം. ഫെയ്‌സ്ബുക്കില്‍ വിഡിയോ അപ്‌ലേഡിങ് ഫീച്ചറിന് 2017 ജൂലൈയില്‍ വരുത്തിയ മാറ്റത്തിനൊപ്പമാണ് നുഴഞ്ഞു കയറാന്‍ അനുവദിക്കുന്ന തരം ദൂഷ്യവും സൈറ്റില്‍ കടന്നു കൂടി. ഇത് വ്യൂ ആസ് ഫീച്ചറിനെ ബാധിക്കുകയായിരുന്നത്രെ. ആരാണു ഹാക്കു ചെയ്തത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും കമ്പനി പുറത്തു വിട്ടിട്ടില്ല.
എന്നാല്‍, തങ്ങള്‍ തത്കാലം ഈ പ്രശ്‌നം പരിഹരിക്കുകയും നിയമപാലകരെ വിവരമറിയിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. പ്രശ്‌നബാധിതരായ 5 കോടി ഉപയോക്താക്കളുടെ അക്‌സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തു. ഒരു മുന്‍കരുതലെന്നവണ്ണം 4 കോടി ഉപയോക്താക്കളുടെ കൂടി അക്‌സസ് ടോക്കണുകള്‍ റീസെറ്റു ചെയ്തായി കമ്പനി അറിയിച്ചു. ഒപ്പം, വ്യൂ ആസ് ഫീച്ചര്‍ താത്കാലികമായി നിറുത്തിവച്ചു.
ഫെയ്‌സ്ബുക്ക് വലിയൊരു വിഷമഘട്ടത്തിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. കമ്പനി നടത്തുന്ന സ്വകാര്യ ഡേറ്റാ ഖനനത്തിനെതിരെ യൂറോപ്യന്‍ യൂണിയനൊപ്പം ട്രമ്പ് ഭരണകൂടവും ഫെയ്‌സ്ബുക്കിനു പിന്നാലെയുണ്ട്. പുതിയ വെളിപ്പെടുത്തലിനു പിന്നില്‍ ഫെയ്‌സ്ബുക്കിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് ഇപ്പോള്‍ പറയാനാവില്ല.