Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സക്കർബർഗ് മുങ്ങി, ഫെയ്‌സ്ബുക്കിനെ നേരിടാൻ ഏഴു രാഷ്ട്ര കമ്മറ്റി

zuckerberg

ഫെയ്‌സ്ബുക്കും ഗൂഗിളും പോലെയുള്ള കമ്പനികള്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം പല രാജ്യങ്ങളുടെയും നിയമങ്ങളെ ലംഘിക്കുന്ന തരത്തിലുള്ളതാണ്. കൂടുതല്‍ രാജ്യങ്ങളും വ്യക്തികളും ഇതേക്കുറിച്ച് ബോധമുള്ളവരാകുന്നുവെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ കാണിച്ചുതരുന്നത്. ഈ വര്‍ഷമാദ്യം ഫെയ്‌സ്ബുക്കിന് ഡേറ്റാ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതായി വന്നു. അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പു പ്രക്രീയയിലും ഇടപെട്ട്, ജനാധിപത്യത്തിനു പോലും ഭീഷണിയാകുന്നു എന്ന ആരോപണവും അവര്‍ നേരിടുന്നു.

പുതിയ വാര്‍ത്തകള്‍ പ്രകാരം ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തന രീതിയുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിന് അടുത്തതായി കമ്പനി നേരിടേണ്ടത് ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 22 അംഗ പ്രതിനിധി സംഘത്തെയാണ്. ബ്രിട്ടൻ‍, അര്‍ജന്റീന, ബ്രസീല്‍, കാനഡ, ലാറ്റ്‌വിയ, സിംഗപൂര്‍, ഐര്‍ലന്റ് എന്നീ രാഷ്ട്രങ്ങളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ചോദ്യം ചെയ്യലിന് ലണ്ടനില്‍ ഹാജരാകാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയാറായില്ല. പകരം ഫെയ്‌സ്ബുക്കിന്റെ യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വൈസ് പ്രസിഡന്റ് ഓഫ് പോളിസി പദവിയിലിരിക്കുന്ന റിച്ചാഡ് അലന്‍ ആയിരിക്കും കമ്പനിയെ പ്രതിനിധീകരിക്കുക.

വ്യാജ വാര്‍ത്തയുടെ പ്രചാരണവും ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ദുരുപോയോഗം ചെയ്യുന്നുവെന്ന ആരോപണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ ഭാഗം കേള്‍ക്കാനായി അടുത്തയാഴ്ച ഒത്തു ചേരുന്നത് ഏഴു രാജ്യങ്ങളില്‍ നിന്നുള്ള 22 പാര്‍ലമെന്റ് പ്രതിനിധികളാണ്. ഇന്റര്‍നെറ്റിലെ പുതിയ പ്രതിസന്ധിയെ രാഷ്ട്രങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ എടുത്തു തുടങ്ങി എന്നതിന്റെ തെളിവായിട്ടാണ് ടെക് മാധ്യമപ്രവർത്തകർ ഇതിനെക്കാണുന്നത്. ഈ കമ്മറ്റിയോട് ഒരു വിഡിയോ ചാറ്റ് നടത്താന്‍ പോലും സക്കര്‍ബര്‍ഗ് ധൈര്യം കാണിച്ചില്ലെന്നും വാര്‍ത്തകളുണ്ട്.

എതിരാളികളുടെ മേല്‍ ചെളിവാരിയെറിയാന്‍ അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പബ്ലിക് റിലേഷന്‍സ് കമ്പനിയെ വാടകയ്ക്ക് എടുത്താതായി ഒരു അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ നിന്ന് ഫെയ്‌സ്ബുക്കിന്റെ പ്രധാനികള്‍ അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതെന്നും പറയുന്നു. തുടര്‍ന്ന് റഷ്യക്കാര്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റ് കമ്പനിയുടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് പോളിസി മേധാവി എലിയറ്റ് (Elliot Schrage) രാജിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, മറ്റുള്ളവരെ രക്ഷിക്കാനുള്ള ഒരു ബലിയാടു മാത്രമായിരുന്നു എലിയറ്റ് എന്നും ആരോപണമുണ്ട്.

ഫെയ്‌സ്ബുക് മേധാവി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിനുമേല്‍ ഫെയ്‌സ്ബുക് ഓഹരിയുടമകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും അദ്ദേഹം അത്തരമൊരു സാധ്യത പാടെ തള്ളിക്കളയുകയായിരുന്നു. സക്കര്‍ബര്‍ഗും ഫെയ്‌സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗും മുന്‍ ബ്രിട്ടിഷ് വൈസ് പ്രസിഡന്റ് ആയിരുന്ന നിക്ക് ക്ലെഗിനെ കമ്പനിയുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് തലവനായി നിയമിച്ചിരുന്നു. അദ്ദേഹത്തോട് കമ്പനിയെടുത്ത പല മുന്‍ തീരുമാനങ്ങളും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം തൊലിപ്പുറത്തെ മാറ്റങ്ങള്‍ കമ്പനിയുടെ തലപ്പത്തുള്ളവരെ രക്ഷിക്കുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു.

related stories