ഡേറ്റ ദുരുപയോഗം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്കിനെ ചോദ്യം ചെയ്യാനായി രൂപീകരിക്കപ്പെട്ട രാജ്യാന്തര കമ്മിറ്റി
കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചുവെന്നും അദ്ദേഹം പിടികൊടുക്കാതെ മാറിയെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. അദ്ദേഹത്തിനു പകരം ചോദ്യം ചെയ്യലിന് എത്തിയത് ഫെയ്‌സ്ബുക്കിന്റെ പോളിസി മേധാവി റിച്ചാഡ് അലന്‍ ആണ്. ഒൻപതു രാജ്യങ്ങളിൽനിന്നുള്ള പാർലമെന്റ് പ്രതിനിധികളാണ് ചോദ്യം ചെയ്യാന്‍ എത്തിയത്. 165 മിനിറ്റ് നീണ്ട ചോദ്യം ചെയ്യലിൽ ആരും ഒരു ദയയുമില്ലാതെയാണ് കമ്പനിയെക്കുറിച്ചും മേധാവി സക്കര്‍ബര്‍ഗിനെക്കുറിച്ചും സംസാരിച്ചത് എന്നതു കമ്പനിയുടെ ഭാവിയെക്കുറിച്ച് ചില സന്ദേഹങ്ങളുണര്‍ത്തുന്നു.
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററില്‍ നടന്ന ചോദ്യം ചെയ്യലിന് എത്തിച്ചേരാതിരുന്ന സക്കര്‍ബര്‍ഗിനെതിരെ നിശിതമായ പരാമര്‍ശങ്ങളാണ് ചില കമ്മിറ്റി അംഗങ്ങള്‍ നടത്തിയത്. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ത്തന്നെ ആക്രമിച്ചു മുന്നേറിയത് കാനഡയിൽനിന്നുള്ള എംപി ചാര്‍ലി ആങ്ഗസ് ആണ്. ‘ആരാണ് സക്കര്‍ബര്‍ഗ്? അദ്ദേഹം ഈ മീറ്റിങ്ങിന് എത്താതിരിക്കാനുള്ള കാരണമെന്ത്?’ എന്ന ചോദ്യത്തിന് അലന്‍ കുറ്റമേറ്റു. കത്തിക്കയറിയ ആങ്ഗസ്, ഫെയ്‌സ്ബുക് ജനാധിപത്യത്തിനു ഭീഷണിയാണെന്ന് വാദിച്ചു. ഫെയ്‌സ്ബുക് ജനങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കാന്‍ ഉണ്ടാക്കിയ നിഷ്‌കളങ്കമായ ഒരു വെബ്‌സൈറ്റാണെന്നു കരുതിയാണ് പലരും അതില്‍ ചേരുന്നത്. പക്ഷേ, അതിന്റെ ഗൂഢലക്ഷ്യങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ആങ്ഗസ് പറഞ്ഞു.
‘ഞങ്ങള്‍, ഞങ്ങളുടെ ഫോണുകളിലും ആപ്പുകളിലും കളിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങളുടെ ജനാധിപത്യ സംവിധാനങ്ങളെ കലിഫോര്‍ണിയയില്‍ നിന്നുള്ള ശതകോടീശ്വരനായ ഒരു ‘അലമ്പു പയ്യന്‍’ തലകീഴാക്കിവച്ചു’ എന്നും അദ്ദേഹം ആരോപിച്ചു.
കാനഡയുടെ തന്നെ ബോബ് സിമറും ബ്രിട്ടനിലെ രാഷ്ട്രീയക്കാരനായ ഡെയ്മിയന്‍ കോളിന്‍സും ചേര്‍ന്നാണ് ഫെയ്‌സ്ബുക്കിനെ ചോദ്യം ചെയ്യാനുള്ള ഗ്രാന്‍ഡ് കമ്മറ്റിയുണ്ടാക്കിയത്. സിമറും സക്കര്‍ബര്‍ഗിന്റെ അഭാവത്തെ അപലപിച്ചു. ‘നിങ്ങളുടെ സിഇഒ എത്താത്തത് ഞങ്ങളെ അധിക്ഷേപിക്കുന്നതിനു തുല്യമാണ’ എന്നാണ് അദ്ദേഹം അലനോടു പറഞ്ഞത്. മീറ്റിങ്ങിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ കോളിന്‍സ് ഫെയ്‌സ്ബുക്കിനെ വിശേഷിപ്പിച്ചത്, ഹൈസ്‌കൂള്‍ കുട്ടികളുടെ ഒരു കമ്പനി പ്രായപൂര്‍ത്തിയായവരുടെ വരുമാനം നേടുന്നതു പോലെയാണെന്നാണ്. അവര്‍ക്കതു മനസ്സിലാവില്ല. ഇപ്പോഴും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒൻപതു രാജ്യത്തെ എംപിമാരും സക്കർബർഗിന്റെ അസാന്നിധ്യത്തെ അപലപിക്കുകയും അദ്ദേഹത്തിന്റെ പ്രതിനിധിയായി എത്തിയ അലനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
അലനോട്, നിങ്ങള്‍ ഒരു സീനിയര്‍ ഉദ്യോഗസ്ഥനല്ലെന്നും ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാനുള്ള അറിവില്ലെന്നും പറഞ്ഞു. അതു ശരിയാണെന്നും താനല്ല, സക്കര്‍ബര്‍ഗായിരുന്നു വരേണ്ടതെന്നും അലൻ സമ്മതിക്കുകയും ചെയ്തു.
എന്നാല്‍ ഏറ്റവും കൗശലത്തോടെ സക്കര്‍ബര്‍ഗിന്റെ അഭാവത്തെ കളിയാക്കിയത് ബെല്‍ജിയത്തിന്റെ പ്രതിനിധി നെൽ ലൈനൻ ആയിരുന്നു. അവര്‍ അലനോടു ചോദിച്ചു: ‘നിങ്ങളുടെ പൂച്ചയെ അയയ്ക്കുക ('sending your cat') എന്ന പ്രയോഗത്തിന്റെ അര്‍ഥമെന്താണെന്നറിയാമോ?’. തനിക്കു പ്രതിരോധമില്ല എന്നു മനസ്സിലായ അലന്‍ പൊട്ടന്‍കളിച്ചു നോക്കി. അപ്പോഴേക്കും അവര്‍ പറഞ്ഞു, എത്തിച്ചേരാതിരിക്കലിനെയാണ് അങ്ങനെ വിശേഷപ്പിക്കുന്നതെന്ന്. ഇത് കൂട്ടച്ചിരിക്കിടയാക്കി. അലനും കൂടെച്ചിരിച്ച് രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു.
‘അലമ്പ് പയ്യൻ’ (Frat boy) പ്രയോഗത്തിനു പിന്നിലെന്ത്?
സക്കര്‍ബര്‍ഗ് കോളേജില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടാക്കിയ ഒരു വെബ്‌സൈറ്റിന്റെ പേരാണ് ഫെയ്‌സ്മാഷ് (Facemash). ഈ വെബ്‌സൈറ്റില്‍ പെണ്‍കുട്ടികളെ അവരുടെ ആകര്‍ഷണീയതയ്ക്ക് അനുസരിച്ച് റാങ്ക് ചെയ്യാമായിരുന്നു. ഇതാണ് പിന്നീട് ഫെയ്‌സ്ബുക്കായി പരിണമിച്ചതെന്ന് ഉറച്ചു വിശ്വസിക്കുന്നവരുണ്ട്. (സക്കര്‍ബര്‍ഗ് ഇത് നിഷേധിച്ചിട്ടുണ്ട്.) അതു നടത്തുന്നവര്‍ക്ക് സ്ത്രീകളുടെ ഫോട്ടോ ലഭിക്കാനായി തുടങ്ങിയതാണ് ഫെയ്‌സ്ബുക്ക് എന്ന ആരോപണവുമുണ്ട്. കാരണം ഇതെല്ലാം ഒരു പ്രായത്തിലുള്ളവര്‍ക്ക് തോന്നുന്ന കാര്യങ്ങളാണ്. Frat എന്നവാക്കിന് ഫ്രറ്റേണിറ്റി അഥവാ ഭ്രാതൃസംഘം എന്നാണ് അര്‍ഥം. കോളജുകളിലെ ആണ്‍കുട്ടികളുടെ കൂട്ടായ്മകളെ വിശേഷിപ്പിക്കാനും ഈ വാക്ക് ഉപയോഗിക്കുന്നു. സക്കര്‍ബര്‍ഗിന്റെ അപക്വതയാണ് അലമ്പ് പയ്യൻ എന്ന പദപ്രയോഗത്തിലൂടെ ആങ്ഗസ് ലക്ഷ്യമിട്ടത്.
ഫെയ്സ്ബുക്കിന്റെ തുടക്കം ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും അതു പിന്നീട് അധികം സ്വകാര്യ കമ്പനികള്‍ക്കും ലഭിക്കാത്ത സ്വീകാര്യതയോടെ ലോകമെമ്പാടും പടരുകയായിരുന്നു. ഇന്ന് ലോകത്തെ ഒരു രാജ്യത്തിനുമില്ലാത്തത്ര പൗരന്മാരുളള ഒരു ദേശമാണ് ഫെയ്‌സ്ബുക് എന്നു പറയാം. കമ്പനി അതിന്റെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് യാതൊരു ലജ്ജയുമില്ലാതെ ഒളിഞ്ഞുനോക്കുകയാണ്. കമ്പനിയുടെ കൈയിലുള്ള ഡേറ്റ ‘അലമ്പ് പയ്യൻ’ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യുമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. മുൻപു വന്ന ഗൗരവമുളള നിർദേശങ്ങളിലൊന്ന് കമ്പനി മറ്റാരെങ്കിലും ഏറ്റെടുക്കുക എന്നതാണ്. സക്കര്‍ബര്‍ഗിനെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനത്തുനിന്നു നീക്കാനുള്ള ശ്രമങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. അതിനൊന്നും തന്നെ കിട്ടില്ലെന്ന് ഒരു ശങ്കയ്ക്കുമിടയില്ലാത്ത രീതിയില്‍ സക്കർബർഗ് പറഞ്ഞിട്ടുമുണ്ട്. ഫെയ്‌സ്ബുക്കിന്റെ ഉടമയ്ക്ക് ഉപയോക്താവിന്റെ മേലുള്ള അവകാശത്തെക്കുറിച്ച് സാങ്കേതികമായി അറിയാമായിരുന്നെങ്കില്‍ പലരും ഇതില്‍ ചേരുമായിരുന്നില്ല. നിങ്ങള്‍ക്ക് ഒരു സേവനം സൗജന്യമായി കിട്ടുന്നുണ്ടെങ്കില്‍ നിങ്ങളവിടെ സേവകനാണ് എന്നത് ഫെയ്‌സ്ബുക്കിന്റെ കാര്യത്തില്‍ പൂര്‍ണമായും ശരിയാണ്.
ചര്‍ച്ച പുരോഗമിച്ചപ്പോള്‍
ലണ്ടനില്‍ നടന്ന ചര്‍ച്ച പുരോഗമിച്ചപ്പോള്‍ ഫെയ്‌സ്ബുക്കിനെ സംബന്ധിച്ച നിരവധി രേഖകള്‍ ഡെയ്മിയന്‍ കോളിന്‍സ് കണ്ടിരുന്നുവെന്നു വ്യക്തമായി. ഫെയ്‌സ്ബുക്കിനുള്ളില്‍ കൈമാറപ്പെട്ട ഇമെയിലുകളും ഇതില്‍ ഉള്‍പ്പെടും. ഇതില്‍ സ്‌ഫോടനാത്മകമായ വിവരങ്ങള്‍ ഉണ്ടെന്നും പറയപ്പെടുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച് പിടിച്ചെടുത്തതായിരുന്നു അവ. (ഫെയ്‌സ്ബുക്കും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ പല രാജ്യങ്ങളുടെയും നിയമങ്ങൾ ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയില്‍ സ്വകാര്യത ഒരു മൗലികാവകാശമാണ്. പക്ഷേ, മേല്‍പ്പറഞ്ഞ കമ്പനികള്‍ എല്ലാ ഉപയോക്താക്കളുടെയും സ്വകാര്യതയിലേക്കു കടന്നുകയറുന്നു. പല രാജ്യങ്ങളും ഇതേപ്പറ്റി മനസ്സിലാക്കി വരുന്നതേയുള്ളു. അതിനാല്‍ വരും വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനരീതിക്കു മാറ്റം വരികയോ ഉടമസ്ഥാവകാശത്തില്‍ മാറ്റമുണ്ടാകുകയോ ചെയ്‌തേക്കാം.)
പിടിച്ചെടുത്ത ഇ മെയിലിലെ ചില കാര്യങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. 2014ല്‍ ഫെയ്‌സ്ബുക്കിലെ ഒരു എൻജിനീയര്‍ കമ്പനിയെ അറിയിച്ചത് പിന്ററെസ്റ്റിന്റെ എപിഐ കീ (Pinterest API key) ഉപയോഗിച്ച് റഷ്യന്‍ ഐപി അഡ്രസുള്ള ആരൊക്കെയോ ദിവസേന മൂന്നു ബില്ല്യന്‍ ഡേറ്റാ പോയിന്റുകള്‍ സൃഷ്ടിച്ചു എന്നാണ്. ഇത് കമ്പനിയെ അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് അലന്‍ നൽകിയ ഉത്തരം, ആ റിപ്പോര്‍ട്ട് ഭാഗികമോ വഴിതെറ്റിക്കനുളളതോ ആയിരുന്നുവെന്നാണ്. (തങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഒരു റഷ്യന്‍ ഇടപെടലും കണ്ടെത്തിയില്ലെന്ന് ഫെയ്‌സ്ബുക് പിന്നീട് വിശദമാക്കി.)
താന്‍ പിടിച്ചെടുത്ത രേഖകൾ ഇതുവരെ കോളിന്‍സ് പ്രസിദ്ധീകരിച്ചിട്ടില്ല. അടുത്തയാഴ്ച അതുണ്ടായേക്കാമെന്നാണ് വിവരം.
വാട്‌സാപ്
അര്‍ജന്റീനയെ പ്രതിനിധീകരിച്ചെത്തിയ ലിയോപോള്‍ഡോ മോറോ (Leopoldo Moreau), ഫെയ്‌സ്ബുക്കിന്റെ കമ്പനിയായ വാട്‌സാപ്പിന്റെ കാര്യത്തില്‍ എന്തു ചെയ്യാനാണ് ഉദ്ദേശ്യമെന്നാണു ചോദിച്ചത്. (ഇന്ത്യയും വാട്‌സാപ്പിന്റെ കാര്യത്തില്‍ ഒരു മയവുമില്ലാതെയാണ് നില്‍ക്കുന്നത്). ഇപ്പോള്‍ ബ്രസീലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്റെ രാജ്യത്ത് 2019 ല്‍ തിരഞ്ഞെടുപ്പു നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. വേഗം എന്തെങ്കിലും ചെയ്യണമെന്നാണ് അദ്ദേഹം നല്‍കിയ നിർദേശം. ഫെയ്‌സബുക്കിനോട് ഇതേപ്പറ്റി സംസാരിക്കാന്‍ ശ്രമിച്ചിട്ടു നടന്നില്ലെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ അലന്‍ പറഞ്ഞത്, എനിക്കാകെ ഒരു ക്ഷമാപണം നടത്താനേ സാധിക്കൂ എന്നാണ്.
അടുത്ത കാലത്തായി ആല്‍ഫബെറ്റ് (ഗൂഗിളിന്റ പിതൃകമ്പനി), ആമസോണ്‍, ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ ആളുകളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നത് മിക്ക രാജ്യങ്ങളും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിന്റെ ഓഹരികള്‍ 40 ശതമാനം വരെ ഇടിയുകയും ചെയ്തിട്ടുണ്ട്. വരും മാസങ്ങളില്‍ ഫെയ്‌സ്ബുക് കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടാനാണ് വഴി.