ഫെയ്സ്ബുക് ഇന്ന് ടെക് ലോകം ബഹുമാനിക്കപ്പെടുന്ന ഒരു കമ്പനിയാണ്. കമ്പനിയുടമ മാര്‍ക് സക്കര്‍ബര്‍ഗിനും ധാരാളം ബഹുമാനം ലഭിക്കുന്നു. എന്നാല്‍, ഈ കമ്പനിയുടെ തുടക്കവും വിജയവുമൊക്കെ യാദൃശ്ചകിമായിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം? വെബ്സൈറ്റ് ആദ്യമായി തുടങ്ങുന്നത് 2004ല്‍ ഹാര്‍വാര്‍ഡിലാണ്. അന്ന് അതിന്റെ പേര് ദിഫെയ്‌സ്ബുക് ഡോട് കോം (thefacebook.com) എന്നായിരുന്നു. ഇതാകട്ടെ, പുര്‍ണ്ണമായും ഫ്രണ്ട്സ്റ്റര്‍ (friendster) എന്ന വെബ്‌സൈറ്റിന്റെ അനുകരണവുമായിരുന്നു.
സക്കര്‍ബര്‍ഗിന്റെ ഈ വെബ്‌സൈറ്റ് ക്യാമ്പസില്‍ ഒരു വൻ ഹിറ്റായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സിലിക്കണ്‍ വാലിയിലേക്കു നീങ്ങാന്‍ തീരുമാനിച്ചത്. 2004ല്‍ സിലിക്കണ്‍ വാലിയിലെ പൊതുധാരണ വെബിലെ പണമൊഴുക്ക് അവസാനിച്ചു എന്നായിരുന്നു. മൂന്നു വര്‍ഷം മുൻപ് തന്നെ വെബ്സൈറ്റ് ബൂം അവസാനിച്ചുവെന്നാണ് പലരും കരുതിയിരുന്നത്. അന്ന് സക്കര്‍ബര്‍ഗ് ആരുമായിരുന്നില്ല. കംപ്യൂട്ടറുകളെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ അറിയാമെന്നതാല്ലാതെ ഒരു കാര്യത്തെക്കുറിച്ചും വിവരമില്ലാതിരുന്ന കൗമാരക്കാരന്‍ മാത്രമായിരുന്നു അദ്ദേഹം. സക്കർബർഗ് ഹാര്‍വര്‍ഡില്‍ ആയിരുന്ന സമയത്ത്, നാപ്സ്റ്റര്‍ (Napster) തുടങ്ങിയ വെബ്‌സൈറ്റുകള്‍ ആളുകള്‍ ബിസിനസിനായി നടത്തുന്നവയാണ് എന്നൊക്കെ വിശദീകരിച്ചു കൊടുക്കേണ്ടിയിരുന്നു. ഫെയ്‌സ്ബുക് എന്ന കമ്പനിയുടെയും അതിനു തുടക്കമിട്ട സക്കര്‍ബര്‍ഗും സിലിക്കണ്‍ വാലിയിലെത്തിയപ്പോള്‍ അതായിരുന്നു സ്ഥിതി.
ഒരു വലിയ കമ്പനി എങ്ങനെ ആയിരിക്കരുതോ അങ്ങനെ തുടങ്ങിയതാണ് ഫെയ്‌സബുക്. 'ഡോട് കോം യുഗം' അവസാനിക്കുന്ന കാലത്താണ് ഫെയ്‌സ്ബുക് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ ഉയര്‍ന്നു വരുന്നത്. അക്കാലത്ത് വെബ് പേജ് എന്നു പറഞ്ഞാല്‍ പുസ്തകത്താളുകളെയൊ, മാസികയുടെ താളുകളെയോ ഓര്‍മിക്കുന്ന രീതിയിലായിരുന്നു. നാപ്സ്റ്ററായിരുന്നു പുതിയ സങ്കല്‍പ്പം കൊണ്ടുവരുന്നത്. ബ്ലോഗുകളുടെ യുഗം കൂടെ ആയിരുന്നു അത്. എന്നാല്‍ പേജുകള്‍ക്കല്ല, ആളുകള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ബിസിനസ് എന്നതായിരുന്നു സാമൂഹ്യമാധ്യമങ്ങള്‍ക്കു പിന്നിലുള്ള ബിസിനസ് തന്ത്രം.
വെബ് ഒരു വലിയ കോക്‌ടെയ്ല്‍ പാര്‍ട്ടിയാക്കി മാറ്റിയാല്‍ എങ്ങനെയിരിക്കും? ആ സങ്കല്‍പ്പത്തില്‍ നിന്നാണ് 'പീപ്പിൾ വെബ്' എന്ന ആശയം വരുന്നത്. ഗൂഗിളിനെക്കാള്‍ പ്രാധാന്യമുള്ള ഒന്നായിരിക്കും ഇതെന്നും ഈ സങ്കല്‍പ്പം ഉണ്ടാക്കിയവര്‍ കരുതി. ഇതിനെയാണ് വെബ് 2.0 എന്നു വിളിക്കുന്നത്. പിന്നോട്ടു നോക്കിയാല്‍ 2000നും 2004നും ഇടയ്ക്കുള്ള കാലത്ത് വെബിന്റെ എല്ലാ സാധ്യതയും അസ്തമിച്ചു എന്നാണ് പലരും കരുതിയതെന്നു കാണാം. ഈ വര്‍ഷങ്ങളാണ് ഒരു ഫെയ്‌സ്ബുക് സംഭവിക്കാന്‍ ഇടയാക്കുന്നതും. വൈറല്‍ വളര്‍ച്ച എന്ന സങ്കല്‍പ്പം ഈ കാലത്താണ് ഉയര്‍ന്നു വരുന്നത്. ഇതു സംഭവിക്കുന്നത് ഒരു പ്രൊഡക്ട് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് കൈമാറപ്പെടുമ്പോഴാണെന്ന് മനസിലാക്കുന്നതും ഇക്കാലത്താണ്. ഈ ആശയങ്ങളുടെ മൂല രൂപങ്ങള്‍ നാപ്സ്റ്റര്‍, പ്ലാക്‌സോ (Plaxo) ലിങ്ക്ട്ഇന്‍, ഫ്രണ്ട്സ്റ്റര്‍, മൈസ്‌പെയ്‌സ് എന്നിവയിലൂടെ ഉരുത്തിരിഞ്ഞ് ഫെയ്‌സ്ബുക്കിൽ എത്തുകയായിരുന്നു. ഫോട്ടോ ടാഗിങ് തുടങ്ങിയ കാര്യങ്ങള്‍ ഫെയ്‌സ്ബുക്കാണ് ജനപ്രിയമാക്കുന്നത്.
അന്നു വരെ നിലനിന്നിരുന്ന സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളില്‍ വ്യാജ പേരുകളില്‍ അക്കൗണ്ടുകള്‍ സൃഷ്ടിക്കാമായിരുന്നു. ഫെയ്‌സ്ബുക്കാണ് ആദ്യമായി സ്വന്തം പേരു തന്നെ വേണമെന്ന് പറയാന്‍ തുടങ്ങിയത്. അതിനാല്‍ കൂടുതല്‍ പേരും സ്വന്തം പേരില്‍ അക്കൗണ്ട് എടുത്തു. മറ്റു വെബ്‌സൈറ്റുകളിലെ ഉദ്യോഗസ്ഥരില്‍ മൂന്നില്‍ രണ്ടു പേരും വ്യാജ നാമധാരികള്‍ അപ്‌ലോഡു ചെയ്യുന്ന അശ്ലീല ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. സ്വന്തം പേരു വേണം എന്നതായിരുന്നു ഫെയ്‌സ്ബുക്കിന്റെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഇത് വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നത്തിന്റെ ലളിതമായ പ്രതിവിധിയായിരുന്നുവെന്ന് സക്കര്‍ബര്‍ഗ് പറയുന്നു.
ഇതാണ് എന്റെ പ്രൊഫൈല്‍ ചിത്രം. ഇവരാണ് എന്റെ കൂട്ടുകാര്‍ എന്ന് ആളുകള്‍ സ്വയം വിളംബരം ചെയ്തു തുടങ്ങുന്നത് ഫെയ്‌സ്ബുക്കിന്റെ പേജുകളിലാണ്. ഇതു താനാണ് എന്ന് ഉപയോക്താവിനെ കൊണ്ടു പറയിക്കാനാണ് ഫെയ്‌സ്ബുക് അധികാരികള്‍ ശ്രമിച്ചിരുന്നത്.
ഫെയ്‌സ്ബുക് എന്ന പേരു വന്നതെങ്ങനെ?
ഹാര്‍വാര്‍ഡിലെ ഡോര്‍മിറ്ററികളില്‍ കുട്ടികള്‍ക്ക് പരസ്പരം അറിയാനായി ഡയറക്ടറികള്‍ ഉണ്ടായിരുന്നു. അവയുടെ പേരാണ് ഫെയ്‌സ് ബുക്. (face book). ഇതിന്റെ ചുവടു പിടിച്ചാണ് ദിഫെയ്‌സ്ബുക് ക്യാമ്പസിനുള്ളില്‍ അവതരിപ്പിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആയിരക്കണക്കിനു കുട്ടികള്‍ ഇതില്‍ ചേര്‍ന്നുവെന്ന് സക്കര്‍ബര്‍ഗ് സാക്ഷ്യപ്പെടുത്തുന്നു. ഹാര്‍വാര്‍ഡിനുള്ളില്‍ മാത്രം തുടങ്ങിയ ഇത് വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് മറ്റു യൂണിവേഴ്‌സിറ്റികളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും അഭ്യര്‍ഥനകള്‍ ലഭിച്ചിരുന്നതായും അദ്ദേഹം പറയുന്നു. ഇതിനു ശേഷമാണ് ഫെയ്‌സ്ബുക് സിലിക്കണ്‍ വാലിയിലെത്തുന്നത്.
ഇനി ചില ആദ്യകാല വിശേഷങ്ങള്‍
ഇന്ന് പലരുടെയും സ്വപ്‌നങ്ങളിലൊന്ന് ഫെയ്‌സ്ബുക്കില്‍ ഒരു ജോലി കിട്ടുക എന്നതാണ്. പക്ഷേ, ആദ്യകാലത്ത് അവവരുടെ ഓഫിസ് ജോലിക്കു പോകാന്‍ ഭയപ്പെടേണ്ട (NSFW) സ്ഥലങ്ങളിലൊന്നു പോലും ആയിരുന്നത്രെ. അവിടെ എത്തുന്നവരെ സ്വാഗതം ചെയ്തിരുന്നത് ഭിത്തിയില്‍ വരച്ചിരുന്ന ചിത്രമായിരുന്നു. ഒരു ബുള്‍ഡോഗിന്റെ മേല്‍ ഇരിക്കുന്ന വലിയ സ്തനങ്ങളുള്ള ഒരു തടിച്ച സ്ത്രീയുടെ പടമായിരുന്നു. സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പരിപൂണ്ണമായും നഗ്നമായ രണ്ടു സ്ത്രീകള്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്നതിന്റെ ചിത്രവുമുണ്ടായിരുന്നു. മറ്റൊരിടത്ത് രണ്ടു പേര്‍ ലൈംഗിബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ചിത്രവുമുണ്ടായിരുന്നു.
ആദ്യകാലത്ത് ഒരു പക്ഷേ, സക്കര്‍ബര്‍ഗ് തന്റെ ജോലിക്കാര്‍ക്കൊപ്പം കഞ്ചാവ് വലിച്ചിരുരുന്നിരിക്കാമെന്നും പറയുന്നു. ഏതാനും കുട്ടികള്‍ ഒരു വീട്ടില്‍ കൂടുന്നു. അവര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നു. സമയത്ത് എഴുന്നേല്‍ക്കുകയോ ഓഫിസിലെത്തുകയോ ചെയ്യില്ല. ജോലി അന്വേഷിച്ചു വരുന്നവരെ ഞങ്ങളുടെ വീട്ടിലേക്ക് വിളിക്കും. അവടെ ഞങ്ങളോടൊപ്പം പാര്‍ട്ടിയിങ് നടത്താന്‍ ആവശ്യപ്പെടും. പുകയെടുക്കാന്‍ പോലും പ്രേരിപ്പിച്ചിരുന്നു എന്നാണ് സക്കര്‍ബര്‍ഗ് തന്നെ ആദ്യ കാലത്തെക്കുറിച്ചു പറയുന്നത്. (എന്നാല്‍, സക്കര്‍ബര്‍ഗിന് മയക്കു മരുന്ന് അലര്‍ജിയായിരുന്നുവെന്നും വാദമുണ്ട്.) എന്തായാലും, ഫെയ്സ്ബുക്കിൽ ആദ്യകാലത്ത് ഓഫിസില്‍ യഥേഷ്ടം മദ്യപിക്കാന്‍ അനുവാദമുണ്ടായിരുന്നു.
ഫെയ്‌സ്ബുക്കിന്റെ ഭാഗ്യവാതില്‍ തുറക്കുന്നത് മാര്‍ക്ക് പിങ്കസ് (Mark Pincus) നല്‍കിയ ഫണ്ടിങ്ങിലൂടെയാണ്. എന്നാല്‍ അദ്ദേഹവുമായുള്ള ആദ്യ അഭിമുഖത്തിനു ചെല്ലുമ്പോള്‍ പോലും സക്കര്‍ബര്‍ഗ് ടി-ഷര്‍ട്ട് ആയിരുന്നു അണിഞ്ഞിരുന്നത്!
ആദ്യ കാലത്ത് അമിതമായ മദ്യപാനവും ഉച്ചവരെ ഉറക്കവുമായിരുന്നു ഫെയ്‌സ്ബുക് ജോലിക്കാരുടെ പണി. കാലഹന്‍ (Callahan) എന്ന ജോലിക്കാരന്‍ പറയുന്നത് താന്‍ മാത്രം രാവിലെ കൃത്യം ഒൻപതിന് ഓഫിസിൽ എത്തുമെന്നാണ്. എന്തിനാണെന്നോ? കെട്ടിടത്തിന്റെ വാതിലുകള്‍ അടയ്ക്കാന്‍! തലേന്ന് എല്ലാം തുറന്നു മലര്‍ത്തിയിട്ടിട്ടായിരിക്കും എല്ലാവരും പോയിട്ടുണ്ടാകുക. ഉച്ചവരെ അങ്ങനെ വാതിലുകളടച്ചിടും. മോഷണം പേടിച്ചിട്ടായിരുന്നു അതു ചെയ്തിരുന്നത് എന്നാണ് കാലഹന്‍ പറയുന്നത്.
എൻജിനീയര്‍മാര്‍ ഉച്ചയ്ക്കു പണി തുടങ്ങും. അഞ്ചുമണിക്ക് ബാറിലെത്തി കുടിക്കുകയും 11 മണി വരെ പണി തുടരുകയും ചെയ്യും. അവര്‍ക്ക് അപ്‌ഡേറ്റുകള്‍ നല്‍കാനുണ്ടാകും. പുലര്‍ച്ചെ ഒരുമണിയൊക്കെ ആകുമ്പോള്‍ ഒന്നുകില്‍ ഒന്നും ചെയ്യാന്‍ സാധ്യമല്ലാത്ത രീതിയില്‍ കുഴയും. അല്ലെങ്കില്‍ അല്‍പ്പനേരം ഉറങ്ങിയിട്ട് പണി തുടരും. കുഴയുന്നതു വരെ കുടിച്ചിട്ടുണ്ടെങ്കില്‍ 'എല്ലാം ഇപ്പോള്‍ ശരിയാക്കാം' എന്നു കരുതി പണി തുടരും. പലപ്പോഴും ഇത്തരം രാത്രികളില്‍ വെളുപ്പിന് അഞ്ചുമണി വരെയും മറ്റും ഫെയ്‌സ്ബുക്കിന്റെ എൻജിനീയര്‍മാര്‍ 'അധ്വാനിച്ചിരുന്നു'. ഇത്തരം ജോലി ചെയ്യല്‍ കുടുംബന്ധങ്ങളിലും മറ്റും വിള്ളല്‍ സൃഷ്ടിച്ചു. ആദ്യ വര്‍ഷങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ജോലി ചെയ്തിരുന്നവരില്‍ 30 വയസിനു മുകളിലുള്ള, കല്യാണം കഴിച്ചവരില്‍ 75 ശതമാനം പേരും വിവാഹമോചിതരായി എന്നാണ് കാറ്റി (Katie Geminder ) പറയുന്നത്.
ഓഫിസില്‍ ഡെയ്റ്റിങും ലൈംഗിക ബന്ധവും ഉണ്ടായിരുന്നു. പല ഓഫിസുകളുടെയും ഹ്യൂമന്‍ റിസോഴ്‌സസ് ഇത്തരം പ്രവര്‍ത്തികള്‍ പാടില്ലെന്നു കട്ടായം വിലക്കിയിരുന്നുവെന്ന് ഓര്‍ക്കുക. എന്നാല്‍, ആദ്യകാല ജോലിക്കാരില്‍ ഒരാളായിരുന്ന രുചി സാങ്‌വി (Ruchi Sanghvi) പറയുന്നത് ഇത്തരം പല ബന്ധങ്ങളും വിവാഹങ്ങളില്‍ കലാശിച്ചുവെന്നാണ്. (രുചി ഫെയ്‌സ്ബുക്കില്‍ ചേരുമ്പോള്‍ അവര്‍ക്ക് 23 വയസായിരുന്നു. കമ്പനിയുടെ ആദ്യ സ്ത്രീ എൻജിനീയറും അവരായിരുന്നു. ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡുകള്‍ക്ക് തുടക്കമിട്ടത് രുചിയാണ്.)
സക്കര്‍ബര്‍ഗിന്റെ ആദ്യകാല ബിസിനസ് കാര്‍ഡുകളും കുപ്രസിദ്ധമാണ്. അതില്‍, എഴുതിയിരുന്നത് 'I'm CEO, Bitch' എന്നാണ്. അദ്ദേഹം എപ്പോഴും പറഞ്ഞു നടന്നിരുന്ന പദാവലി തന്നെയാണ് എഴുതിവച്ചിരിക്കുന്നതെന്നും പറയുന്നു.
യാഹു ഫെയ്‌സ്ബുക്കിനെ വാങ്ങാന്‍ ഒരു ശ്രമം നടത്തിയിരുന്നു. ഇത്, ഫെയ്‌സ്ബുക്ക് ജോലിക്കാരെ രോഷം കൊള്ളിച്ചു. വില്‍ക്കില്ലെന്നു മാത്രമല്ല തങ്ങള്‍ വേണമെങ്കില്‍ യാഹുവുനെ വാങ്ങുമെന്നും അവര്‍ പറഞ്ഞു. (ഇപ്പോള്‍ ഫെയ്‌സ്ബുക്കിനു വേണമെങ്കില്‍ വാങ്ങാം. പക്ഷെ, എന്തിന്?)
പിന്നീട് ഫെയ്‌സ്ബുക്കിന്റെ പ്രശസ്തി വര്‍ധിക്കുകയും, നിയമപാലകര്‍ കമ്പനിയില്‍ കുടുതല്‍ ശ്രദ്ധകൊടുക്കാന്‍ തുടങ്ങുകയും ചെയ്തപ്പോഴാണ് പതിയെ മാറ്റങ്ങള്‍ കൊണ്ടുവന്നു തുടങ്ങിയതത്രെ.
(വിവരങ്ങള്‍ക്ക് ആഡം ഫിഷര്‍ എഴുതിയ 'വാലി ഓഫ് ജീനിയസ്' എന്ന പുസ്തകത്തെയാണ് കൂടുതലും ആശ്രിയിച്ചിരിക്കുന്നത്.)