അമേരിക്കയിലെ ടെക്‌സസില്‍ നിന്നുള്ള യുവതി താന്‍ ഫെയ്‌സ്ബുക്കിലെ സെക്‌സ് ട്രാഫിക്കിങിന് ഇരയാണെന്നും കമ്പനി നഷ്ടപരിഹാരം തരണമെന്നും കാണിച്ച് കേസു നല്‍കിയിരിക്കുകയാണ്. കോടതി രേഖകളിൽ ജെയ്ന്‍ ഡോ എന്നു പേരു കാണിച്ചിരിക്കുന്ന അവര്‍ ആരോപിക്കുന്നത് തന്റെ പതിനഞ്ചാമത്തെ വയസില്‍ ഫെയ്‌സ്ബുക്കിലൂടെ ഒരാള്‍ ലൈംഗികവൃത്തിയിലേക്കു നയിച്ചുവെന്നാണ്. താന്‍ പരിചയപ്പെട്ടയാള്‍ ലൈംഗിക കെണിയില്‍ വീഴ്ത്താന്‍ കാത്തിരിക്കുന്ന ആളായിരിക്കാമെന്ന് ഫെയ്‌സ്ബുക് തനിക്കു മുന്നറിയിപ്പു നല്‍കിയില്ലെന്നും ഫെയ്‌സ്ബുക്കില്‍ സെക്‌സ് ട്രാഫിക്കിങ് സാധ്യമാണ് എന്നുമാണ് അവരുടെ വാദം.
2012ല്‍ ഈ സെക്‌സ് ട്രാഫിക് നടത്തുന്നയാള്‍ അയച്ച സന്ദേശത്തിന് മറുപടി അയക്കേണ്ടിവന്നത് യഥാര്‍ഥ ജീവിതത്തിലെ തന്റെ നിരവധി സുഹൃത്തുക്കള്‍ അയാളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. താന്‍ അമ്മയുമായി വഴക്കിട്ടപ്പോള്‍ അയാള്‍ തന്നെ സമാധാനിപ്പിക്കുയും അങ്ങനെ അയാളെ കാണാന്‍ സമ്മതിക്കുകയുമായിരുന്നു, യുവതി പറയുന്നു. കണ്ടുമുട്ടിയപ്പോള്‍ അയാള്‍ തന്നെ അടിക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തു. പിന്നീട് അയാള്‍ തന്റെ ചിത്രം ബാക്‌പേജ് ഡോട് കോമില്‍ ഒരു വേശ്യ എന്ന പേരില്‍ പോസ്റ്റു ചെയ്യുകയും ചെയ്തുവെന്നും യുവതി ആരോപിക്കുന്നു. ബാക്‌പേജ് ഇപ്പോള്‍ നിലവിലില്ല.
സെക്‌സ് ട്രാഫിക്കിങ്ങിനെതിരെ അമേരിക്ക നിയമം പാസാക്കിയതിനു ശേഷം വരുന്ന കേസുകളിലൊന്നാണിത്. അമേരിക്കയുടെ ആന്റി ട്രാഫിക്കിങ് ബില്ലായ സ്റ്റോപ് എനേബ്ളിങ് സെക്സ് ട്രാഫിക്കേർസ് ആക്ട് ഫൈറ്റ് ഓൺലൈൻ സെക്സ് ട്രാഫിക്കിങ് ആക്ട് (SESTA-FOSTA) ഈ വര്‍ഷം ഏപ്രിലിലാണ് പാസായത്.
അതേസമയം, സെക്‌സ് ട്രാഫിക്കിങ്ങിനെതിരെ വേണ്ട മുന്‍കരുതല്‍ എടുക്കുന്നുണ്ടെന്നാണ് ഫെയ്‌സ്ബുക് പ്രതികരിച്ചത്. സെക്‌സ് ട്രാഫിക്കിങ് പ്രോത്സാഹിപ്പിക്കുന്നില്ല. കണ്ടെത്തിയാല്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ടെന്നാണ് അവരുടെ നിലപാട്. അതു കൂടാതെ ട്രാഫിക്കിങ്ങിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നും ഫെയ്സ്ബുക് അവകാശപ്പെട്ടു. എന്നാല്‍, ഫെയ്‌സ്ബുക്കിലെ സെക്‌സ് ട്രാഫിക്കിങ് സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ എല്ലാ രാജ്യങ്ങളിലുമുണ്ടാകാമെന്ന് ചില വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഈ കേസിലെ വിധി ഫെയ്‌സ്ബുക്കിനെതിരാണെങ്കില്‍ കൂടുതല്‍ പേര്‍ ആരോപണങ്ങളുമായി എത്തിയേക്കാം. ഈ വര്‍ഷം ആദ്യം മുതല്‍ കഷ്ടകാലം തുടങ്ങിയ ഫെയ്‌സ്ബുക്കിന് ഈ കേസ് മറ്റൊരു തിരിച്ചടിയാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പലരും.