Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിലീറ്റ് ചെയ്ത വാട്‌സാപ് മെസേജുകള്‍ വായിക്കാം, ചെയ്യേണ്ടതെന്ത്?

whatsapp-message

അടുത്തിടെയാണ് വാടസാപ്‌ 'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഓപ്ഷന്‍ അവതരിപ്പിച്ചത്. അയച്ച മെസേജ് ഈ ഓപ്ഷന്‍ ഉപയോഗിച്ച് ഡിലീറ്റ് ചെയ്താല്‍ സന്ദേശം സ്വീകരിച്ച ഫോണില്‍ പോലും അപ്രത്യക്ഷമാകും. ഇത്തരത്തില്‍ ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കുന്നതിനും സൂത്രങ്ങളുണ്ട്. അതിന് നന്ദി പറയേണ്ടത് ഒരു കൂട്ടം ആപ്ലിക്കേഷനുകളോടാണ്. 

നോട്ടിഫിക്കേഷന്‍ ഹിസ്റ്ററി എന്ന ആപ്പാണ് ഇത്തരത്തിലൊന്ന്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇന്‍സ്‌റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ ഹോം സ്‌ക്രീനില്‍ ഷോര്‍ട്ട് കട്ടുണ്ടാകും. ഈ ആപ്പിന്റെ ഐക്കണില്‍ ക്ലിക്കു ചെയ്ത് ആന്‍ഡ്രോയിഡ് സിസ്റ്റത്തിലെ നോട്ടിഫിക്കേഷന്‍ രജിസ്റ്ററി തുറക്കാനാകും. ചിത്രങ്ങള്‍ തുടക്കത്തിലും ടെക്സ്റ്റ് മെസേജുകള്‍ പിന്നീടുമായി കാണാനാകും. 

നോവ ലോഞ്ചറാണ് ഇത്തരം ഡിലീറ്റ് ചെയ്ത സന്ദേശങ്ങളെ വീണ്ടെടുക്കാന്‍ സഹായിക്കുന്ന മറ്റൊരു ആപ്ലിക്കേഷന്‍. ആപ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്‌ക്രീനില്‍ ഒഴിവുള്ളസ്ഥലത്ത് അമര്‍ത്തിപ്പിടിക്കുകയാണ് ചെയ്യേണ്ടത്. അപ്പോള്‍ കാണുന്ന വിഡ്ജറ്റ് വഴി ആക്ടിവിറ്റീസിലെത്തണം. ഇതോടെ കാണുന്ന ഒരു ലിസ്റ്റില്‍ സെറ്റിങ്സില്‍ ക്ലിക്കു ചെയ്ത് നോട്ടിഫിക്കേഷന്‍ ലോഗിലെത്തി ഹോം സ്‌ക്രീനിലേക്ക് ഷോട്ട് കട്ട് ക്രിയേറ്റ് ചെയ്യണം. ആന്‍ഡ്രോയിഡ് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ പോയി വാട്‌സാപ് ഡിലീറ്റഡ് മെസേജ് എന്ന് സെര്‍ച്ച് ചെയ്താല്‍ സംഭവം കിട്ടും. 

സര്‍ക്കാര്‍ തലത്തില്‍ നടപടിയുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ വാട്‌സാപ് സന്ദേശങ്ങള്‍ അയക്കുന്നതില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. കുട്ടികളെ വ്യാപകമായി തട്ടിക്കൊണ്ടുപോകുന്നുവെന്ന പേരില്‍ വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ഇരുപതോളം നിരപരാധികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടകൊലക്ക് ഇരയായത്. 

സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടായതോടെ വാട്‌സാപ് ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 'വിഷയത്തെ ഗൗരവമായാണ് കാണുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ആരും അയക്കില്ലെന്ന് ഉറപ്പുവരുത്താന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്' എന്നായിരുന്നു വാട്‌സാപ്പ് അറിയിച്ചത്. ഒരു സന്ദേശം അഞ്ചില്‍ കൂടുതല്‍ പേരിലേക്കോ ഗ്രൂപ്പുകളിലേക്കോ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കാത്ത വിധം നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടത്തിയിരുന്നു. മാത്രമല്ല ഫോര്‍വേഡ് ചെയ്തു കിട്ടുന്ന സന്ദേശങ്ങളില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.