രാജ്യത്തെ നിരവധി ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്കു ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഫെയ്‌സ്ബുക് ചാറ്റ് മെസഞ്ചര്‍ ഉപയോക്താവ് അറിയാതെ ആരോ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് ആരോപണം. അവരുടെ ഫെയ്‌സ്ബുക് കൂട്ടുകാരോട് തങ്ങള്‍ അഭ്യര്‍ഥിക്കുന്നതു പോലെ പണം ചോദിക്കുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. അവരുടെ വാട്‌സാപ്പിലേക്ക് ഫെയ്‌സ്ബുക്കിന്റെതെന്നവണ്ണം പാസ്‌വേഡ് മാറ്റാന്‍ ആവശ്യപ്പെട്ട് മെസേജുകള്‍ വരുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്. അഞ്ചു കോടിയോളം ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞയാഴ്ചയാണ്.
ഇന്ത്യയുടെ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി മന്ത്രാലയത്തിന്റെ പ്രതിനിധിയും തങ്ങള്‍ക്ക് ഇത്തരത്തിലുള്ള പരാതികള്‍ ലഭിച്ചിരിക്കുന്നതായി സമ്മതിച്ചു. ഇതു ഗൗരവമുള്ള കാര്യമാണ്. തങ്ങള്‍ അതേക്കുറിച്ചു പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. ഫെയ്‌സബുക്കിനോട് ഇതേക്കുറിച്ച് വിശദീകരണം ചോദിക്കുമെന്നും പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഫെയ്‌സ്ബുക് ഓഫിസിലേക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല.
ഹാക്ക് ചെയ്യപ്പെട്ട ചില ഫെയ്‌സ്ബുക് അക്കൗണ്ട് ഉടമകളുടെ പ്രതികരണം നോക്കാം: ഡൽഹിയില്‍ റെസ്റ്റോറന്റ് നടത്തുന്ന സൊര്‍വാര്‍ കര്‍ല (Zorawar Kalra) പറഞ്ഞത് തന്റെ സ്വകാര്യ ഫെയ്‌സ്ബുക് പേജില്‍ 10,000 ലേറെ ഫോളോവേഴ്സുണ്ട്. തന്റെ വെരിഫൈഡ് പേജില്‍ 2.5 ലക്ഷം പേരും ഫോളോവേഴ്സായുണ്ട്. തന്റെ 1,800 ജോലിക്കാരും തന്റെ ഫ്രണ്ട് ലിസ്റ്റിലുണ്ട്. കുറെപ്പേര്‍ വിളിച്ച് പൈസയ്ക്ക് ആവശ്യം നേരിടുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ മാര്‍ക്കറ്റിങ് ജോലിക്കാരോട് അക്കൗണ്ട് ഹാക്കു ചെയ്യപ്പെട്ടതായി ഫെയ്‌സ്ബുക്കിനെ അറിയിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു.
ഈസിഡൈനര്‍ (EazyDiner) ആപ്പിന്റെ സൃഷ്ടാക്കളിലൊരാളായ രോഹിത് ദാസ്ഗുപ്തയ്ക്കുണ്ടായതും സമാനമായ അനുഭവമാണ്. ഒരു ബാങ്ക് അക്കൗണ്ടിലേക്ക് അത്യാവശ്യമായി പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്ക് സന്ദേശം ലഭിച്ചത്. അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അദ്ദേഹം ഫെയ്‌സ്ബുക് ടൈംലൈനില്‍ പോസ്റ്റു ചെയ്തിട്ടുമുണ്ട്. ഫെയ്‌സ്ബുക്കിലുള്ള തന്റെ സ്വകാര്യ വിവരത്തെക്കുറിച്ചോര്‍ത്ത് താന്‍ വളരെ വിഷമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക് ഐഡി ഉപയോഗിച്ചാണ് താന്‍ പല ഇകൊമേഴ്‌സ് വ്യാപരാസ്ഥാപനങ്ങളിലേക്കും സൈന്‍-ഇന്‍ ചെയ്തിരിക്കുന്നതെന്നും ഇവയിലെല്ലാം താന്‍ പണമടച്ചതിന്റെ വിശദാംശങ്ങളും ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളുമുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇത്തരത്തിലുള്ള പരാതികള്‍ വ്യാപകമാണ്. കേംബ്രിജ് അനലിറ്റിക്കാ വിവാദത്തിനു ശേഷം ഇന്ത്യയില്‍ ഫെയ്‌സ്ബുക് സിബിഐ അന്വേഷണം നേരിടുകയാണ്. പുതിയ ഡേറ്റാ ചോര്‍ച്ചയെപ്പറ്റിയും അവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ഡേറ്റയും ചോര്‍ന്നിരിക്കുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഫെയ്‌സ്ബുക്കിനു കീഴിലുള്ള വാട്‌സാപ്പും കേന്ദ്ര സർക്കാരുമായി ചില പ്രശ്‌നങ്ങളുണ്ട്. പല ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നില്‍ വാട്‌സാപ് സന്ദേശങ്ങളാണെന്നാണ് കേന്ദ്ര നിലപാട്.