1.25 ലക്ഷം കോടി നഷ്ടം, കണ്ണു തള്ളി സക്കർബർഗ്; പടിയിറങ്ങണമെന്ന് നിക്ഷേപകര്‍

ആമസോണ്‍ മേധാവി ജെഫ് ബെയ്‌സോസിനും മുന്‍ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ ഗെയ്റ്റ്‌സിനും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ കോടീശ്വരന്‍ എന്ന ഖ്യാതിയില്‍ നിന്ന ഫെയ്‌സ്ബുക് മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന് വന്‍ തിരിച്ചടി. അദ്ദേഹത്തിന്റെ ആസ്തി ഇപ്പോള്‍ 55.3 ബില്ല്യന്‍ ഡോളറായി ഇടിഞ്ഞു. ബ്ലൂംബര്‍ഗിന്റെ റാങ്കിങ്ങില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥാനം ആറാമതാണ്. ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂന്നു ശതമാനം തകര്‍ന്ന് 139.53 ഡോളറായപ്പോള്‍ മേധാവിക്ക് നഷ്ടപ്പെട്ടത് 17.4 ബില്ല്യന്‍ ഡോളറാണ് (ഏകദേശം 1.25 ലക്ഷം കോടി രൂപ) .

അതേസമയം, വിമര്‍ശകര്‍ക്കെതിരെ കുപ്രചരണം അഴിച്ചുവിട്ടുവെന്ന ആരോപണം പുറത്തുവന്നതോടെ ഫെയ്‌സ്ബുക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് സ്ഥാനം സക്കര്‍ബര്‍ഗ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കമ്പനിയിലെ ഒരു വിഭാഗം നിക്ഷേപകര്‍ രംഗത്തെത്തി. വിമര്‍ശിക്കുന്നവരെ വംശവെറിയന്മാരായി ചിത്രീകരിച്ചോ, ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിന്റെ ആള്‍ക്കാരാണ് എന്നാരോപിച്ചോ നിശബ്ദരാക്കാന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിയുടെ സഹായം തേടിയെന്നാണ് ആരോപണം. ഇങ്ങനെ ചെയ്തതിലൂടെ, ഫെയ്‌സ്ബുക്കിനെതിരെ ഉയര്‍ന്ന ജനരോഷം തങ്ങളുടെ എതിരാളികളായ ടെക്‌നോളജി കമ്പനികള്‍ക്കു നേരെ തിരിച്ചുവിടാൻ ഫെയ്‌സ്ബുക്കിനായെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദി ന്യൂ യോര്‍ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത് ഫെയ്‌സ്ബുക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പബ്ലിക് റിലേഷന്‍സ് കമ്പനിയായ ഡിഫൈനേഴ്‌സ് പബ്ലിക് അഫയേഴ്‌സിനെ ( Definers Public Affairs) ഉപയോഗിച്ച് തങ്ങളുടെ യശസിനേറ്റ കളങ്കം നീക്കിക്കളയാന്‍ ശ്രമിച്ചുവെന്നാണ്. എന്നാല്‍, ഫെയ്‌സ്ബുക് ഇതു ചെയ്താതായി തനിക്കറിയില്ലായിരുന്നു എന്നാണ് സക്കര്‍ബര്‍ഗ് പ്രതികിരിച്ചത്. താന്‍ ഇതറിഞ്ഞപ്പോൾ തന്നെ ആ കമ്പനിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെന്നാണ് സക്കർബർഗ് പറഞ്ഞത്. ഇപ്പോള്‍ അവരുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

റഷ്യക്കാര്‍ അമേരിക്കന്‍ തിരഞ്ഞെടുപ്പിൽ ഫെയ്‌സ്ബുക്കിലൂടെ ഇടപെട്ടുവെന്ന നിശിതമായ വിമര്‍ശനം കമ്പനിക്കെതിരെ അതിശക്തമായ ജനരോഷം അഴിച്ചുവിടാന്‍ പര്യാപ്തമായിരുന്നു എന്നാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഫെയ്‌സ്ബുക്കില്‍ 8.5 മില്ല്യന്‍ പൗണ്ട് നക്ഷേപമുള്ള ജോനാസ് ക്രോണ്‍ ഉള്‍പ്പെടെയുള്ളവരാണ് സക്കര്‍ബര്‍ഗിനോട് സിഇഒ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. കമ്പനിയുടെ ഉടമയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായി ഒരാള്‍ തുടരേണ്ടെന്നാണ് അവര്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ചും ഫെയ്‌സ്ബുക്കിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ സോറോസിന്റെ ആള്‍ക്കാരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. അതേസമയം, ഡെമോക്രാറ്റിക് സെനറ്റര്‍മാരും കോണ്‍ട്രാക്ടര്‍മാരെ ഉപയോഗിച്ച് എതിരാളികള്‍ക്കെതിരെ ആക്രമണം നടത്തിയെന്ന ആരോപണത്തില്‍ സക്കര്‍ബര്‍ഗ് ഉടനടി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പിന്നാലെ കൂടിയിട്ടുണ്ട്.

കമ്പനി മേധാവിയായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായും ഇരട്ട പദവിയില്‍ തുടരുന്നത് ഇനി സക്കര്‍ബര്‍ഗിന് കൂടുതല്‍ വിഷമമാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത്രകാലം സക്കര്‍ബര്‍ഗ് 2004ല്‍ തുടങ്ങിയ കമ്പനിയുടെ പരിപൂര്‍ണ്ണ നിയന്ത്രണം സ്വന്തം കയ്യിലാണ് വച്ചിരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ പര്യാപ്തമാണെന്നും വിലയിരുത്തപ്പെടുന്നു. സക്കര്‍ബര്‍ഗാണ് 60 ശതമാനം വോട്ടിങ് ഷെയറുകളും കയ്യില്‍ വച്ചിരിക്കുന്നതെന്നതും അദ്ദേഹത്തിന് ഇതുവരെ കാര്യങ്ങള്‍ എളുപ്പമാക്കി.