പെൺകുട്ടികൾക്ക് തലവേദനയായി വാട്സാപ് ഗ്രൂപ്പ് ഫീച്ചർ; നീക്കണമെന്ന് കേന്ദ്ര സർക്കാർ

ടെക് ലോകത്തെ ഏറ്റവും ജനപ്രിയ സോഷ്യൽമീഡിയ ആപ്പാണ് വാട്സാപ്. വാട്സാപ് വഴിയുള്ള മെസേജുകളും ഫയല്‍ കൈമാറ്റങ്ങളും ഉപയോക്താക്കളും ദിവസവും കൂടിവരികയാണ്. പേഴ്സണൽ മെസേജുകളും ഗ്രൂപ്പ് പോസ്റ്റ് നോട്ടിഫിക്കേഷനുകളും കൈകാര്യം ചെയ്യാനാകാതെ പലപ്പോഴും ഫോണുകൾ ഹാങ്ങാന്നു. ഇതിൽ ഏറ്റവും വലിയ തലവേദന ഗ്രൂപ്പുകൾ തന്നെയാണ്.

മൊബൈൽ നമ്പർ കിട്ടിയാൽ അഡ്മിന് ആരെയും ഒരു ഗ്രൂപ്പില്‍ ചേർക്കാമെന്നതിനാൽ അറിയുന്നവരെയും അറിയാത്തവരെയും വിവിധ ഗ്രൂപ്പുകളില്‍ ചേർക്കുന്നു. അക്കൗണ്ട് ഉടമയുടെ അനുമതിയില്ലാതെ തന്നെ വാട്സാപ് ഗ്രൂപ്പുകളില്‍ ഒരാളെ ചേർക്കാം. ചേര്‍ന്നു കഴിഞ്ഞാൽ ഉപയോക്താവ് അറിയാതെ തന്നെ മെസേജുകള്‍ വന്നു തുടങ്ങും. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിരവധി പേർ പരാതിപ്പെട്ട കാര്യമാണ് അശ്ലീല ചര്‍ച്ചകൾ നടക്കുന്ന ഗ്രൂപ്പിൽ അനുമതിയില്ലാതെ പലരെയും ചേർക്കുന്നുവെന്ന്. ഇത് പലരുടെ കുടുംബത്തിൽ വലിയ കലഹങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്. ഇത്തരം ഗ്രൂപ്പുകളിൽ അംഗമായി ചേർക്കുന്നതോടെ ഫോണിലേക്ക് മെസേജുകള്‍ വന്നുക്കൊണ്ടിരിക്കും. ഗ്രൂപ്പിൽ ചേർക്കുന്നതോടെ അംഗങ്ങൾക്കെല്ലാം ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും ലഭിക്കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഫോൺ നമ്പർ പുറത്താകുന്നത് വൻ തലവേദനയാണ്.

ഈ പ്രശ്നത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാർ തന്നെ വാട്സാപ്പിനെ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിൽ അംഗങ്ങളെ ചേര്‍ക്കുന്നത് അവരുടെ അനുമതിയോടെ ചെയ്യാനാകുന്ന ഫീച്ചര്‍ അവതരിപ്പിക്കണമെന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിർദേശം. ഗ്രൂപ്പില്‍ നിന്ന് പുറത്തുപോയാലും വീണ്ടും ഉൾപ്പെടുത്തുന്നതും ചിലർക്ക് തലവേദനയാകുന്നുണ്ട്.

ഒരു ഗ്രൂപ്പില്‍ നിന്ന് രണ്ടു തവണ എക്സിറ്റ് ചെയ്താൽ അഡ്മിന് മൂന്നാം തവണ ഗ്രൂപ്പിൽ ചേര്‍ക്കാനാവില്ല. എന്നാൽ ഗ്രൂപ്പിലെ മറ്റു അഡ്മിനുകൾക്ക് ഇവരെ വീണ്ടും ചേർക്കാം സാധിക്കും. ചിലർ മറ്റു ഗ്രൂപ്പുകള്‍ ഉണ്ടാക്കിയും ശല്യം തുടരുന്നു. സ്ത്രീകളെ അപമാനിക്കാൻ വരെ ചിലർ അഡൾട്ട് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നുണ്ട്. ചോദ്യം ചെയ്താൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറഞ്ഞാണ് മിക്ക അഡ്മിനുകളും രക്ഷപ്പെടുന്നത്.

അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കുന്നതിനെതിരെ വാട്സാപ്പിനോടു നേരത്തെയും വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ ഈ ഫീച്ചറിന് നിയന്ത്രണം കൊണ്ടുവരാൻ വാട്സാപ് തയാറായില്ല. ഫെയ്സ്ബുക് മെസഞ്ചറിലും ഈ ഫീച്ചർ കാണാം.

അശ്ലീല ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുള്ള വാട്സാപ് ഗ്രൂപ്പിൽ യുവതിയെ അവരുടെ അനുമതിയില്ലാതെ ചേർത്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സെപ്റ്റംബറിലാണ് പരാതിക്കാരിയായ യുവതിയെ ‘അശ്ലീല ഗ്രൂപ്പിൽ’ ചേർത്തത്. കൂട്ടുകാർ തന്നെ  പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ, പിന്നീട് യാഥാർഥ്യം മനസ്സിലായപ്പോഴാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കി. 12 അംഗങ്ങളാണ് വാട്സാപ് ഗ്രൂപ്പിലുണ്ടായിരുന്നത്. തന്റെ ബന്ധുവിന്റെ നമ്പർ ആണെന്നു കരുതിയാണ് ഗ്രൂപ്പിൽ ചേർത്തതെന്നും ആരെയും ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും പ്രതി ഷെയ്ഖ് അന്ന് പൊലീസിനോടു പറഞ്ഞത്.