ഈ അച്ഛനും മകളും ആണയിട്ടു പറയുന്നു, ലോകത്തെ ഞെട്ടിച്ച ‘ആ തെറ്റു ചെയ്തത് ഞങ്ങളല്ല’

കഴിഞ്ഞ ആഴ്ച രാജ്യാന്തര തലത്തിലുണ്ടായ സൈബര്‍ ആക്രമണത്തിനു തങ്ങള്‍ ഉത്തരവാദികളല്ലെന്ന് യുക്രെയ്നിയന്‍ കമ്പനി ഇന്റലക്റ്റ് സര്‍വീസ്. ഈ ആക്രമണം കാരണം പല പ്രധാന കമ്പനികളുടെയും കംപ്യൂട്ടര്‍ സിസ്റ്റം തകരാറിലായിരുന്നു. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റോയിട്ടേഴ്‌സിനു അനുവദിച്ച അഭിമുഖത്തില്‍ കമ്പനി ഉടമസ്ഥരായ അച്ഛനും മകളും അറിയിച്ചു.

ഇതിനു പിന്നില്‍ ആരാണെന്ന അന്വേഷണത്തിലാണ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇതിന്റെ ആദ്യഘട്ടബാധ ഉണ്ടായത് M.E.Doc എന്ന് പേരുള്ള യുക്രെയ്നിയന്‍ ടാക്‌സ് സോഫ്റ്റ്‌വെയര്‍ വഴിയാണെന്ന് മൈക്രോസോഫ്റ്റ്, ടാലോസ്, സിമന്റെക് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള സുരക്ഷാവിദഗ്ധര്‍ സ്ഥിതീകരിച്ചിട്ടുണ്ട്.

ഈ സോഫ്റ്റ്‌വെയറിന്റെ അപ്‌ഡേറ്റ് വഴിയാണ് NotPetya എന്ന് പേരുള്ള ഈ വൈറസ് ആദ്യമായി സംക്രമണം തുടങ്ങുന്നത്. ഈ അക്കൗണ്ടിങ് സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയതാവട്ടെ ഇന്റലക്റ്റ് സര്‍വീസ് കമ്പനിയുടെ ഒലേസ്യ ലിന്നിക്കും പിതാവ് സര്‍ജീയും ചേര്‍ന്നായിരുന്നു. എന്നാല്‍ തങ്ങളുടെ സോഫ്റ്റ്‌വെയര്‍ വഴിയാണ് ഈ വൈറസ് വ്യാപിച്ചത് എന്നതിന് തെളിവുകളൊന്നും തന്നെ ഇല്ലെന്നും പിന്നെ എന്തിനാണ് തങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നതെന്ന് മനസിലാവുന്നില്ല എന്നുമാണ് ലിന്നിക്ക് മാധ്യമങ്ങളോട് പറഞ്ഞത്.

'ഞങ്ങള്‍ ഞങ്ങളുടെ സോഫ്റ്റ്‌വെയര്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ യാതൊരു വിധ പ്രശ്‌നങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് പൂര്‍ണ്ണമായും സുരക്ഷിതമാണ്. കുറ്റം ചുമത്തുന്ന അപ്‌ഡേറ്റ് ആവട്ടെ വൈറസ് പരക്കുന്നതിന് മുന്‍പേ വന്നതാണെന്നും ഒലേസ്യ പറഞ്ഞു

ഉക്രയിനിലെ ഏറ്റവും ജനപ്രിയ അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകളില്‍ ഒന്നാണ് ഇത്. ഇവിടെയുള്ള എണ്‍പത് ശതമാനം കമ്പനികളും ഈ സോഫ്റ്റ്‌വെയറാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്ലയന്റുകള്‍ക്ക് ഡോക്യുമെന്റുകള്‍ അയക്കാനും സെയില്‍സ്ടാക്‌സ് സര്‍വീസുമായി ബന്ധപ്പെടാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.

ഈ സോഫ്റ്റ്‌വെയര്‍ ഇത്രയും പേര്‍ ഉപയോഗിക്കുന്നു എന്നതുകൊണ്ട് തന്നെയാവാം ഹാക്കര്‍മാര്‍ വൈറസ് പടര്‍ത്താന്‍ ഇത് ഉപയോഗിച്ചതെന്ന് അന്വേഷകസംഘം വിലയിരുത്തുന്നു. ഉടമസ്ഥരുടെ അറിവോടെയല്ല വൈറസ് ബാധയെങ്കില്‍ ഇവര്‍ക്കെതിരെ കേസുകള്‍ ഒന്നും ചുമത്തപ്പെടില്ലെന്ന് യുക്രെയ്നിയന്‍ പൊലീസ് അറിയിച്ചു.