എട്ടു ലക്ഷം പേർ രാജ്യം വിടണം; ട്രംപിനെതിരെ ‘യുദ്ധം’ പ്രഖ്യാപിച്ച് ടെക്കികൾ

കുടിയേറ്റക്കാരെ പ്രതികൂലമായി ബാധിക്കുന്ന ഡൊണൾഡ് ട്രംപിന്റെ പുതിയ വിവാദ നടപടിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് സിലിക്കൺവാലിയിലെ ടെക്കികൾ. ഒട്ടുമിക്ക ടെക് കമ്പനികളിലെയും മുതിർന്ന ജീവനക്കാർ ട്രംപിന്റെ നടപടിയെ രൂക്ഷമായാണ് വിമർശിച്ചത്.

ഒബാമ ഭരണകൂടം നടപ്പിലാക്കിയ ഡിഎസിഎ (ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ്) നിയമം റദ്ദാക്കിയാൽ പതിനായിരത്തോളം ടെക്കിൾ ഉൾപ്പടെ എട്ടു ലക്ഷം പേർ അമേരിക്ക വിടേണ്ടിവരും. യുഎസ് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ട്രംപിന്റെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് ടെക്കികളുടെ നീക്കം. ഇതിന്റെ ഭാഗമായി ടെക്കികൾ ഒപ്പിട്ട നിവേദനം ട്രംപിന് കൈമാറും. ഈ നടപടിക്കെതിരെ ആദ്യം രംഗത്തുവന്നത് ആപ്പിൾ സിഇഒ ടിം കുക്കാണ്. ഡിഎസിഎ നടപ്പിലായാൽ ആപ്പിളിന്റെ 250 ജീവനക്കാർ അമേരിക്ക വിടേണ്ടി വരും.

ഫെയ്സ്ബുക്ക് മേധാവി സക്കർബർഗ്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നഥെല്ല, ഗൂഗിള്‍ സിഇഒ സുന്ദർ പിച്ചൈ തുടങ്ങി എല്ലാ ടെക് മേധാവികളും ട്രംപിനെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.