Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയൽരാജ്യങ്ങളിലെ സാങ്കേതികഗവേഷകർക്ക് ഫെലോഷിപ്പുമായി ഇന്ത്യ

international-science-fest

രാജ്യാന്തര ശാസ്ത്രോത്സവത്തിന് ചെന്നൈയിൽ തുടക്കമായി

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ ഏഴ് അയൽരാജ്യങ്ങളുമായി ശാസ്ത്രസാങ്കേതികവിദ്യയിൽ സഹകരണം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കത്തിന് പച്ചക്കൊടി. ചെന്നൈ ഐഐടിയിലും അണ്ണാ സർവകലാശാലയിലും നടക്കുന്ന രാജ്യാന്തര ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളിലെ ശാസ്ത്രസാങ്കേതികവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുമായി കേന്ദ്രമന്ത്രി ഡോ.ഹർഷ വർധൻ നടത്തിയ ചർച്ചയിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിലെയും ബംഗ്ലാദേശിലെയും മന്ത്രിമാർ ചർച്ചയിൽ പങ്കെടുത്തു.നേപ്പാൾ ഉപമുഖ്യമന്ത്രിയും ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ സന്നദ്ധത പ്രകടപിച്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇന്ത്യ സയൻസ് ആൻഡ് റിസർച്ച് ഫെലോഷിപ് (ഐഎസ്ആർഎഫ്) ഇനി മുതൽ ഭൂട്ടാൻ, മാൽഡിവീസ്, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷകർക്കും നൽകും. ഫെലോഷിപ്പിന് ഡോക്ടറൽ വിദ്യാർഥികൾക്കും അവസരം നൽകും. സിഎസ്ഐആർ പോലെയുള്ള ഗവേഷണസ്ഥാപനങ്ങൾ അയൽരാജ്യങ്ങളിലുള്ളവർക്കു തുറന്നുകൊടുക്കാനായി ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെ ഇന്ത്യയിലേക്ക് 200ലധികം ട്രാവൽ സ്ലോട്ടുകൾ ഗവേഷകർക്കായി നൽകും. ഈ രാജ്യങ്ങളിലെ ഏറ്റവും പ്രമുഖമായ ഒരു വിദ്യാഭ്യാസസ്ഥാപനവുമായെങ്കിലും ഇന്ത്യയിലെ സ്ഥാപനങ്ങൾക്ക് ബന്ധമുണ്ടാക്കാനും തീരുമാനമായി.

ബംഗ്ലാദേശ്, വിയറ്റ്നാം, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നിലവിൽ ഈ രംഗത്തുള്ള സഹകരണമാണ് ഇന്ത്യ മാതൃകയാക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസ വികസനത്തിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യയുടെ സഹകരണം തേടിയിട്ടുണ്ട്. 24 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. പതിനായിരത്തോളം ശാസ്ത്രപ്രതിഭകൾ പങ്കെടുക്കുന്ന രാജ്യാന്തര ശാസ്ത്രോത്സവം മന്ത്രി ഹർഷ വർധൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര–സാങ്കേതിക വകുപ്പ് സഹമന്ത്രി ‍വൈ.എസ് ചൗധരി, അഫ്ഗാനിസ്ഥാൻ മന്ത്രി അബ്ദുൾ ലത്തീഫ് റോഷൻ, ബംഗ്ലാദേശ് മന്ത്രി യേഫേശ് ഒസ്മാ‍ൻ, തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകൻ, വിജ്ഞാന ഭാരതി ദേശീയ പ്രസിഡന്റ് ഡോ.വിജയ് ഭട്കർ, ഭൗമശാസ്ത്രവകുപ്പ് സെക്രട്ടറി എം.രാജീവൻ എന്നിവർ പ്രസംഗിച്ചു. 

ഉദ്ഘാടനചടങ്ങിൽ വികാരനിർഭരനായി ബംഗ്ലാദേശ് മന്ത്രി

ചെന്നൈ∙ രാജ്യാന്തര ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ ഇന്ത്യയോട് ബംഗ്ലാദേശിനുള്ള കടപ്പാടിനെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ ബംഗ്ലാദേശ് ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി യേഫേശ് ഒസ്മാൻ വികാരനിർഭരനായി. ഇന്ത്യയോട് എന്നും കടപ്പാടുള്ളവനായിരിക്കും താനെന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. ബംഗ്ലാദേശ് ഓരോ പ്രതിസന്ധിഘട്ടത്തിലൂടെ പോയപ്പോഴും ഇന്ത്യയെന്ന വിശ്വസ്തനായ സുഹൃത്ത് ഒപ്പമുണ്ടായിരുന്നു. ശാസ്ത്രസാങ്കേതികരംഗങ്ങളിലെ മാറ്റങ്ങളുടെ കാലത്ത്  ഇന്ത്യ തന്നെ നേതൃത്വം വഹിക്കണം. 2021ൽ ബംഗ്ലാദേശ് പുതിയ

കുതിച്ചുച്ചാട്ടം നടത്താൻ ഒരുങ്ങുമ്പോൾ ഇന്ത്യ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ് സർക്കാർ. ഞങ്ങൾക്കും നിങ്ങൾക്കും ഹൃദയമുണ്ട്. ചിലപ്പോൾ തലച്ചോറ് അതിന്റെ രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടാകാം, ഇനിയുള്ള ബന്ധം ഹൃദയം കൊണ്ടു തന്നെയാകുമെന്നും അദ്ദേഹം പറഞ്ഞതോടെ സദസിൽ നിലയ്ക്കാത്ത കയ്യടിയുയർന്നു.