ആ 'കാര്‍ഗോ' ആയിരുന്നു അവരുടെ ലക്ഷ്യം; മലേഷ്യന്‍ വിമാനം ലോകത്തിലെ ആദ്യ 'സ്‌കൈജാക്കിങ്' ഇര!

2014 മാര്‍ച്ച് എട്ടു മുതല്‍ ഓരോ വര്‍ഷം പിന്നിടുമ്പോഴും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ് മലേഷ്യയില്‍ നിന്നു പറയുന്നയര്‍ന്ന എംഎച്ച് 370 വിമാനം. 239 യാത്രക്കാരുമായി ക്വാലലംപൂരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന വിമാനം അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്നുവെന്നു വിശ്വസിപ്പിക്കും വിധമാണ് കാണാതായത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പിന്നീട് എംഎച്ച് 370യുടേതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടുകിട്ടി. ഐഎസ് ഭീകരരോ ഉത്തരകൊറിയയോ വെടിവച്ചിട്ടതാകാമെന്ന സംശയം മുതല്‍ വിമാനം രഹസ്യകേന്ദ്രത്തിലേക്കു തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയം വരെയുണ്ടായി. നാലു വര്‍ഷത്തോളം, പല രാജ്യങ്ങള്‍ ചേര്‍ന്നു നടത്തിയ തിരച്ചില്‍ ഒടുവില്‍ തെളിവുകളൊന്നും കിട്ടാത്തത്തിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചു. 

239 യാത്രക്കാരുടെയും ബന്ധുക്കള്‍ക്കൊപ്പം പക്ഷേ ലോകം മുഴുവനും ഇപ്പോഴും കാത്തിരിക്കുകയാണ് എന്താണ് മലേഷ്യന്‍ വിമാനത്തിനു സംഭവിച്ചതെന്ന് അറിയാന്‍. അന്തിമ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പോലും വിശദീകരിച്ചത് വിമാനത്തിന്റെ വിധി അറിയാരഹസ്യമായി തുടരുകയാണെന്നാണ്. പല തിയറികളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നു കൊണ്ടേയിരിക്കുന്നു. അതില്‍ ഏറ്റവും പുതിയതാണ് പ്രശസ്ത ചരിത്രകാരനായ നോര്‍മന്‍ ഡേവിസ് മുന്നോട്ടുവച്ചത്. ലോകത്ത് രേഖപ്പെടുത്തിയ ആദ്യത്തെ 'റിമോട്ട് സ്‌കൈജാക്കിങ്' ആണ് മലേഷ്യന്‍ വിമാനത്തിന്റെ വിധി നിര്‍ണയിച്ചതെന്നാണ് ഡേവിസ് പറയുന്നത്. സെപ്റ്റംബര്‍ 11 ആക്രമണത്തിനു ശേഷം വിമാനങ്ങളെ താഴെ നിന്നു നിയന്ത്രിക്കാനാകുന്ന വിധം സാങ്കേതികവിദ്യക്ക് രൂപം നല്‍കിയിരുന്നു. 

അപ്രത്യക്ഷമായ ബോയിങ് 777 വിമാനത്തിലും ഇതുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഭൂമിയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നിന്നു ഹാക്ക് ചെയ്ത് വിമാനത്തെ തട്ടിയെടുത്തതാണെന്നാണ് ഡേവിസിന്റെ നിഗമനം. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. വിമാനം ആകാശത്തുവച്ച് ഹൈജാക്ക് ചെയ്യപ്പെട്ടാലും ഭൂമിയില്‍ നിന്നു നിയന്ത്രിക്കാവുന്ന ബോയിങ് ഹണിവെല്‍ അണ്‍ഇന്ററപ്റ്റബ്ള്‍ ഓട്ടോപൈലറ്റ് സംവിധാനമാണ് ഇവിടെ ഹാക്കര്‍മാര്‍ ഉപയോഗപ്പെടുത്തിയത്. ഇനിയുള്ള കാലം സൈബര്‍ യുദ്ധങ്ങളുടേതാണ്. അതിനാല്‍ത്തന്നെ എത്രമാത്രം ഫലപ്രദമായി ആക്രമണം സാധ്യമാകുമെന്നതില്‍ പലതരം പരീക്ഷണങ്ങള്‍ നടക്കുകയാണ്. അത്തരമൊരു പരീക്ഷണത്തിന്റെ ഇരയാണ് എംഎച്ച്370 വിമാനം. ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളുപയോഗിച്ച് ഇത് സാധ്യവുമാണ്- ഡേവിസ് പറയുന്നു. 

കാണാതായ വിമാനത്തില്‍ വിദൂരത്തുനിന്നു നിയന്ത്രിക്കാവുന്ന ഹണിവെല്‍ സംവിധാനമുണ്ട് എന്നതുതന്നെ തന്റെ നിഗമനത്തിന് കരുത്തു പകരുന്ന തെളിവാണെന്നും ഡേവിസ്. ചൈനയിലേക്ക് എത്തരുത് എന്നുറപ്പുള്ള എന്തോ ഒന്ന് ആ വിമാനത്തിലുണ്ടായിരുന്നു. അത് വ്യക്തിയോ ഏതെങ്കിലും വസ്തുവോ രേഖകളോ ആയിരിക്കാം. അതിന്റെ വരവിനെ തടയാനോ തട്ടിയെടുക്കാനോ ആയിരുന്നിരിക്കണം ഹാക്കിങ്. വിമാനത്തിലെ കാര്‍ഗോയെപ്പറ്റി കൃത്യമായ റിപ്പോര്‍ട്ട് മലേഷ്യ പുറത്തുവിട്ടിട്ടില്ലെന്നതും ഡേവിസിന്റെ നിഗമനത്തെ ബലപ്പെടുത്തുന്നു. മുഴുവന്‍ കാര്‍ഗോയെപ്പറ്റിയുള്ള വിവരം പുറത്തുവിടാത്തത് നേരത്തേ വിവാദവുമായിരുന്നു. ആഫ്രിക്കയുടെ തെക്കുകിഴക്കന്‍ തീരങ്ങളിലെ ദ്വീപുകളില്‍ പലതിലും മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞിരുന്നു. എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് മാത്രം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. 

വിമാനം ഹാക്ക് ചെയ്ത് അന്റാര്‍ട്ടിക്കയിലേക്കു പറത്തിയതാകാനാണു സാധ്യത. അവിടെവച്ചു തകര്‍ന്നിട്ടുണ്ടാകും. അതിന്റെ അവശിഷ്ടങ്ങളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിനു മൈല്‍ വരുന്ന സമുദ്രപ്രദേശങ്ങളില്‍ അന്വേഷിച്ചിട്ടും വിമാനം കണ്ടെത്താനാകാത്തതിന്റെ കാരണവും ഇതു തന്നെ. മൈലുകളോളം വിസ്തൃതിയില്‍ മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയില്‍ വിമാനം പുതഞ്ഞുപോയാല്‍ കണ്ടെത്താനുള്ള സാധ്യത ഏറെ വിരളമാണെന്നതും ഹാക്കര്‍മാരെ വിമാനം അവിടെയെത്തിച്ചു തകര്‍ക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകാം. ഇക്കാര്യത്തില്‍ പക്ഷേ ഡേവിസ് ഉറപ്പു പറയുന്നില്ല. മറിച്ച് ആ വഴിക്കുള്ള അന്വേഷണത്തിന് അധികൃതര്‍ തയാറാകണമെന്നാണു നിര്‍ദേശം.