നാലു വർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 വീണ്ടും തിരച്ചിൽ നടത്തും. ഇതിനായുള്ള കപ്പലും അത്യാധുനിക സംവിധാനങ്ങളും സജ്ജമായി കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിൽ അവസാനിപ്പിച്ച തിരച്ചിൽ ഫെബ്രുവരി ഏഴിന് പുനരാരംഭിക്കും. തിരച്ചിനുള്ള കപ്പൽ ദക്ഷിണാഫ്രിക്കയില്‍ നിന്നു തിരിച്ചു.
അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കടൽ പര്യവേക്ഷണ കമ്പനിയായ ഓഷ ഇൻഫിനിറ്റിയാണ് വിമാനം അന്വേഷിക്കുന്നത്. ഡർബണിൽ നിന്ന് പുറപ്പെട്ട കപ്പൽ ഫെബ്രുവരി 7 ന് പെർത്തിൽ എത്തും. 2014 മാർച്ച് എട്ടിനാണ് മലേഷ്യൻ എയർലൈൻസ് അപ്രത്യക്ഷമായത്. ക്വാലാലംപൂരിൽ നിന്ന് ബീജിങ്ങിലേക്ക് പോയ വിമാനത്തിൽ 239 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം കണ്ടെത്താനായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിലാണ് നടത്തിയത്.
കഴിഞ്ഞ ജനുവരി വരെ വിമാനം തിരഞ്ഞത് 120,000 ചതുരശ്ര കിലോമീറ്റർ പരിധിയിലാണ്. തിരച്ചിലിനായി 200 കോടി ഓസ്ട്രേലിയൻ ഡോളറാണ് ചിലവിട്ടത്. ചൈന, ഓസ്ട്രേലിയ, മലേഷ്യ രാജ്യങ്ങൾ തിരച്ചിലിനു നേതൃത്വം നൽകി. എന്നാൽ ഒന്നും കണ്ടെത്താനായില്ല. 2017 ഒക്ടോബറിൽ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) 440 പേജുള്ള അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
വിമാനം കണ്ടുപിടിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോകമെമ്പാടുമുള്ള തിരയലിൽ നിരവധി പേരുടെ അസാധാരണമായ പരിശ്രമം നടന്നെങ്കിലും വിമാനം കണ്ടെത്താനായില്ല. എന്നാൽ പുതിയ അന്വേഷണത്തിന് 90 ദിവസമാണ് കാലാവധി പറഞ്ഞിരിക്കുന്നത്. 90 ദിവസത്തിനുള്ളില്‍ വിമാനം കണ്ടെത്തുന്നില്ലെങ്കിൽ മലേഷ്യൻ സർക്കാർ ഫീസ് നൽകില്ല. തിരച്ചിൽ ആരംഭിച്ച 90 ദിവസത്തിനുള്ളിൽ വിമാനം കണ്ടെത്തിയാൽ 90 ദശലക്ഷം ഡോളർ കമ്പനിക്കു ലഭിക്കുകയും ചെയ്യും. MH370 കണ്ടെത്തുന്നതിന് അത്യാധുനിക സോണാർ സ്കാനിംഗ് ഉപകരണമാണ് ഉപയോഗിക്കുക.
ഇതിനിടെ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയുടെ ‘പ്രേത ഫ്ലൈറ്റ്’, ‘ഡെത്ത് ഡൈവ്’ എന്നീ സിദ്ധാന്തങ്ങൾ തെറ്റാണെന്ന് മുൻ എയർ ക്രാഷ് ഇൻവെസ്റ്റിഗറായ ജോൺ കോക്സ് പറഞ്ഞു. പൈലറ്റ് അവസാന നിമിഷം വിമാനം പറത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.