ഇപ്പോഴത്തെ ലോക രാഷ്ട്രീയ സ്ഥിതികളും എണ്‍പതുകളിലെ സ്ഥിതിയും തമ്മില്‍ ചെറുതല്ലാത്ത സാമ്യമുണ്ട്. പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതില്‍ റഷ്യയും അമേരിക്കയും പരസ്പരം മത്സരിക്കുന്നു. റഷ്യയും അമേരിക്കയും മറ്റു രാജ്യങ്ങളില്‍ അധിനിവേശം നടത്തുകയും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പുറമേ ശീതയുദ്ധകാലത്തേതിന് സമാനമായ രീതിയില്‍ ഈ വന്‍ ശക്തി രാജ്യങ്ങള്‍ തമ്മില്‍ അത്യാധുനിക ആയുധങ്ങളുടെ നിര്‍മാണത്തില്‍ മത്സരവും നടക്കുന്നു. ഒരു മൂന്നാം ലോകമഹായുദ്ധം സംഭവിച്ചാൽ കാര്യങ്ങൾ നിയന്ത്രിക്കുക കൃത്രിമ ബുദ്ധിയും സോഫ്റ്റ്‌വെയറുകളുമായിരിക്കും. റഷ്യയും ചൈനയും ഇക്കാര്യത്തിൽ മുന്നേറുമ്പോൾ വെല്ലുവളികളെ നേരിടാൻ അമേരിക്കയും സജ്ജമാണ്.
എണ്‍പതുകളെ അപേക്ഷിച്ച് വര്‍ത്തമാനകാലത്തെ ശീതയുദ്ധത്തിന് പ്രധാനമായ വ്യത്യാസമുണ്ട്. അന്ന് ശക്തിപ്രകടനം നടത്തിയിരുന്നത് അണ്വായുധങ്ങള്‍ കാണിച്ചായിരുന്നു. എന്നാലിന്ന് അണ്വായുധങ്ങളുടെ പകരക്കാരനായി സോഫ്റ്റ്‌വെയര്‍ മാറി. ഒപ്പം കൃത്രിമബുദ്ധിയും. പ്രത്യേകിച്ചും സാധാരണ മനുഷ്യരുടെ ജീവിതത്തെ പോലും നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഒന്നായി കംപ്യൂട്ടറും സോഫ്റ്റ്‌വെയറും മാറിക്കഴിഞ്ഞപ്പോള്‍ അതിന്റെ പ്രാധാന്യം മറ്റാരേക്കാളും വന്‍ശക്തി രാജ്യങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
അമേരിക്കയേക്കാള്‍ ഒരു പടി മുൻപ് കൃത്രിമബുദ്ധിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടുള്ളവരാണ് റഷ്യയും ചൈനയും. മനുഷ്യരേക്കാള്‍ വേഗത്തിലും കൃത്യതയോടെയും തീരുമാനങ്ങളെടുക്കുന്ന കൃത്രിമബുദ്ധിയുടെ പ്രധാന ഗവേഷകരാണ് റഷ്യ. ഭാവിയില്‍ ഒരു റോബോട്ട് ഏതെങ്കിലും യുദ്ധമുഖത്ത് ഒരു മനുഷ്യനെ വധിച്ചാല്‍ ആരായിരിക്കും ഉത്തരവാദി. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് കഴിഞ്ഞവര്‍ഷം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഇതിന് നല്‍കിയിരിക്കുന്ന ഉത്തരം ആരുമല്ല എന്നാണ്. ഇത്തരം ഉത്തരവാദിത്വമില്ലാത്ത കൊലയാളി റോബോട്ടുകളുടെ നിര്‍മാണം ഒരു രാജ്യവും നടത്തരുതെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
കൊലയാളി റോബോട്ടുകള്‍ മറ്റൊരു രൂപത്തില്‍ ഇപ്പോള്‍തന്നെ യുദ്ധഭൂമിയിലുണ്ടെന്നതാണ് വസ്തുത. മിസൈലുകളും മറ്റും ഘടിപ്പിച്ച ഡ്രോണുകള്‍ ഇപ്പോള്‍തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശത്രുക്കള്‍ക്ക് നേരെ പ്രയോഗിക്കപ്പെടുന്നുണ്ട്. ഇത്തരം കൊലയാളി ഡ്രോണുകളെ പ്രധാനമായും ഉപയോഗിക്കുന്നത് അമേരിക്കയാണ്. മനുഷ്യര്‍ക്ക് കടന്നു ചെല്ലാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും മറ്റും സാറ്റലൈറ്റുകളുടെ സഹായത്തില്‍ അപ്രതീക്ഷിത ആക്രമണം നടത്താന്‍ ഇത്തരം കൊലയാളി ഡ്രോണുകള്‍ക്കാകും. കൊല്ലപ്പെടുന്നത് നിരപരാധികളാകാനുള്ള സാധ്യത ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്ന രാജ്യങ്ങള്‍ പരിശോധിക്കുന്നു പോലുമില്ല. മറിച്ച് സ്വന്തം സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നില്ലെന്നതാണ് കൊലയാളി ഡ്രോണുകളെ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിരന്തരം ഉപയോഗിക്കാനുള്ള കാരണങ്ങളിലൊന്ന്.
പ്രതിരോധരംഗത്ത് അമേരിക്ക കൈവരിക്കുന്ന നോട്ടങ്ങള്‍ക്കുള്ള ഒറ്റമൂലിയായാണ് റഷ്യ കൃത്രിമബുദ്ധിയെ കാണുന്നത്. അമേരിക്കയെ മറികടക്കാനുള്ള പ്രധാന തന്ത്രം കൃത്രിമബുദ്ധിയാണെന്ന് റഷ്യയുടെ ഔദ്യോഗിക മാധ്യമമായ ആര്‍ടി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശീതയുദ്ധകാലത്താണ് ഭൂമിയിലെ മനുഷ്യനെ പലമടങ്ങ് വധിക്കാന്‍ ശേഷിയുള്ള അണ്വായുധങ്ങളുടെ ശേഖരം അമേരിക്കയും സോവിയറ്റ് യൂണിയനും സ്വന്തമാക്കിയത്.
കൃത്രിമബുദ്ധിയില്‍ നിയന്ത്രിക്കപ്പെടുന്ന ആയുധങ്ങളോ അവയുടെ പ്രയോഗമോ നിരോധിക്കപ്പെടേണ്ടതാണെന്ന് ഇപ്പോഴും റഷ്യയോ അമേരിക്കയോ കരുതുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം റഷ്യന്‍ ഹാക്കര്‍മാര്‍ സ്വാധീനം ചെലുത്തിയെന്ന ആരോപണത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. തിരിച്ച് റഷ്യക്കു നേരെ സമാനമായ സൈബര്‍ ആക്രമണം നടത്താന്‍ എന്തുകൊണ്ടും ശേഷിയുള്ള രാജ്യമാണ് അമേരിക്ക. ആധുനികകാലത്തെ ഈ എഐ ശീതയുദ്ധം ആണവായുധത്തിന് സമാനമായ രീതിയില്‍ കൊലയാളി ആയുധങ്ങളുടെ മത്സരത്തിലേക്ക് റഷ്യയേയും അമേരിക്കയേയും എത്തിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.