Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആന്‍ഡ്രോയ്ഡ് പി’യുടെ ആദ്യ പതിപ്പ് പുറത്തിറങ്ങി, അറിയാം 5 പ്രധാന ഫീച്ചറുകൾ

Android-p

വോളിയം കൺട്രോൾ സ്ലൈഡർ മുകളിൽ നിന്നു വലതുവശത്തേക്ക്. മെസ്സേജിങ് ആപ്പുകളിലേക്കു പോകാതെ തന്നെ എല്ലാ മേസ്സേജുകൾക്കും നോട്ടിഫിക്കേഷൻ പാനലിൽ നിന്നു തന്നെ മറുപടി നൽകാനുള്ള സൗകര്യം. നോട്ടിഫിക്കേഷൻ പാനലിൽ മേസ്സേജുകൾക്കൊപ്പം ചിത്രങ്ങളും,  മെസ്സേജുകൾക്കു മറുപടി നൽകാൻ എഐ നിർദേശിക്കുന്ന ഒറ്റവരി മറുപടികളും. ഏതാനും മാസങ്ങൾക്കുള്ളിൽ പി-യിൽ തുടങ്ങുന്ന പേരുമായി വരാനിരിക്കുന്ന ആൻഡ്രോയ്ഡിന്റെ പുതിയ പതിപ്പിലെ എണ്ണമറ്റ സവിശേഷതകളിൽ ചിലതു മാത്രമാണിത്. അതുവരെ ആൻഡ്രോയ്ഡ് പി എന്ന വിളിപ്പേരിൽ പുതിയ ആൻഡ്രോയ്ഡ് പതിപ്പിന്റെ ആദ്യരൂപം ഗൂഗിൾ പുറത്തിറക്കി. 

സാധാരണ ഉപയോക്താക്കൾക്കും സ്മാർട്ഫോൺ നിർമാതാക്കൾക്കും വേണ്ടിയല്ല ഈ പതിപ്പ്, ഡെവലപർമാർക്കും ബീറ്റ ടെസ്റ്റർമാർക്കും വേണ്ടിയുള്ളതാണ്. ഗൂഗിൾ പിക്സൽ ഫോണുകൾ കൈവശമുള്ളവർക്ക് ആൻഡ്രോയ്ഡ് പി ഡെവലപർ വേർഷൻ ഡൗൺലോഡ് ചെയ്ത് പരീക്ഷിക്കാം. 

ആപ്പ് ഡെവലപർമാർക്ക് അടുത്ത ആൻഡ്രോയ്ഡ് പതിപ്പിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആപ്പുകൾ പരിഷ്കരിക്കാം, പുതിയ ആപ്പുകളെക്കുറിച്ചുള്ള ആശയങ്ങൾ മെനയാം. ബീറ്റ ടെസ്റ്റർമാർക്ക് ഗൂഗിളിന്റെ കണ്ണിൽപ്പെടാതെ കിടക്കുന്ന ബഗ്ഗുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യാം. 

എല്ലാ കുറവും നികത്തി നല്ലൊരു പേരുമായി സെപ്റ്റംബറിൽ ആൻഡ്രോയ്ഡ് പി ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിക്കും. സെപ്റ്റംബറിൽ ഇറങ്ങിയാലും സാധാരണ ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ആൻഡ്രോയ്ഡ് പി ഉപയോഗിക്കണമെങ്കിൽ നിലവിൽ ഉപയോഗിക്കുന്ന ഫോൺ വിറ്റ ശേഷം മറ്റൊന്നു വാങ്ങേണ്ടി വരും. 

കാരണം, പുതിയ ആൻഡ്രോയ്ഡ് പതിപ്പ് ഗൂഗിൾ അവതരിപ്പിക്കുന്നതും അത് സാധാരണ ഉപയോക്താക്കളിലേക്ക് എത്തുന്നതും ഏകദേശം രണ്ടു വർഷം കൊണ്ടാണ്.

ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ആൻഡ്രോയ്ഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് വെറും ഒരു ശതമാനം ഉപകരണങ്ങളിലാണ്. 2016 സെപ്റ്റംബറിൽ ഇറങ്ങിയ ആൻഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഇപ്പോൾ ഏറ്റവുംമധികം പ്രചാരമുള്ള ഒഎസ് പതിപ്പ്. 28.5% ഉപകരണങ്ങളിൽ ന്യൂഗട്ടാണ്. 2015ലിറങ്ങിയ മാഷ്‍മലോ രണ്ടാം സ്ഥാനത്തുണ്ട് (28.1%). ആൻഡ്രോയ്ഡ് ലോലിപോപ്പ് എന്ന 2014ലെ പതിപ്പ് മൂന്നാം സ്ഥാനത്തും (24.6%) നിൽക്കുന്നു. 

2013ലിറങ്ങിയ ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് 12% ഉപകരണങ്ങളിലെ സാന്നിധ്യവുമായി നാലാമതും 2012ലിറങ്ങിയ ജെല്ലിബീൻ അഞ്ചു ശതമാനം ഉപകരണങ്ങളിലും 2011ലിറഫോണിങ്ങിയ ഐസ്ക്രീം സാൻഡ്‍വിച്ച് 0.4% ശതമാനം ഉപകരണങ്ങളിലും പ്രവർത്തിക്കുന്നു. ഏറ്റവും പുതിയ പതിപ്പായ ഓറിയോയ്ക്ക് ആറാം സ്ഥാനമാണ്.

ആൻഡ്രോയ്‍ഡ് പി ഡെവലപർ വേർഷനിലെ പ്രധാന സവിശേഷതകൾ: 

ഇൻഡോർ പൊസിഷനിങ്

ഗൂഗിൾ മാപ്പിന്റെ ട്രാക്കിങ് സംവിധാനം വീട്ടിനുള്ളിലേക്ക് അല്ലെങ്കിൽ ഓഫിസിനുള്ളിലേക്കും കടന്നുവരുന്നു. വൈഫൈ റൗണ്ട് ട്രിപ്പ് ടൈം എന്ന ഇൻഡോർ പൊസിഷനിഷ് സംവിധാനം ഉപയോഗിച്ച് വീട്ടിനുള്ളിലെ വൈഫൈ റൂട്ടർ കേന്ദ്രമാക്കിയുള്ള മാപ്പിങ്. വലിയ മാളുകളിലും മറ്റും ഓരോ കടകളും മാപ്പിൽ കൃത്യമായി അടയാളപ്പെടുത്താൻ സഹായിക്കും.

മൾട്ടി ക്യാമറ സപ്പോർട്ട്

ഡ്യുവൽ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ ഫോട്ടോകൾ മെച്ചപ്പെടുത്തുന്ന ഫോണുകൾ ഇന്നുണ്ട്. എന്നാൽ, ഒറ്റ ക്ലിക്കിൽ വ്യത്യസ്തമായ കാര്യങ്ങൾ സാധിക്കുന്ന വിവിധ ക്യാമറകൾ ഒരേ സമയം പ്രവർത്തിപ്പിക്കാൻ ആൻഡ്രോയ്ഡ് പിയിലെ മൾട്ടി ക്യാമറ സംവിധാനത്തിനു സാധിക്കും. ഫോട്ടോയോടൊപ്പം വിവിധ ലെയറുകളായി ഈ ക്യാമറകൾ ശേഖരിക്കുന്ന വിവരങ്ങൾ ചേർക്കാനും സാധിക്കും. നാലോ അഞ്ചോ ക്യാമറകളുള്ള ഫോണുകൾ പ്രതീക്ഷിക്കാമെന്നു ചുരുക്കം.

സൈഡ് സ്ലൈഡർ

ഇതൊരു യൂസർ ഇന്റർഫെയ്സ് മാറ്റമാണ്. നിലവിൽ ഫോണിന്റെ നോട്ടിഫിക്കേഷൻ പാനലിനൊപ്പം നൽകിയിരിക്കുന്ന വോളിയം സ്ലൈഡർ അവിടെ നിന്നു മാറ്റി ഫോണിന്റെ വലതുവശത്ത് ഉറപ്പിച്ചിരിക്കുകയാണ്. ഒറ്റക്കൈ കൊണ്ടുള്ള ഉപയോഗത്തെ സഹായിക്കുന്നതിനാണ് ഈ മാറ്റം. ബ്ലൂടൂത്ത് സ്പീക്കറുകൾ അരങ്ങുവാഴുന്ന കാലത്ത് ബ്ലൂടൂത്ത് വോളിയം, ഇക്വലൈസർ എന്നിവയിലും പുതുമകൾ.

സ്ക്രീൻഷോട്ട് ബട്ടൺ

ആൻഡ്രോയ്ഡ് ഫോണിൽ സ്ക്രീൻഷോട്ട് എടുക്കണമെങ്കിൽ അൽപം സർക്കസ് അറിഞ്ഞിരിക്കണം. രണ്ടോ മൂന്നോ ബട്ടണുകളുടെ കോംബിനേഷനാണ് സ്ക്രീൻഷോട്ടിനായി ഉപയോഗിക്കുന്നത്. അതും ഓരോ ഫോണിലും വ്യത്യസ്തമായിരിക്കും. ഇതിനൊരു പരിഹാരമായി പവർ ബട്ടണിൽ തന്നെ സ്ക്രീൻഷോട്ട് ഓപ്ഷനും അവതരിപ്പിക്കുന്നു. പവർ ബട്ടൺ അമർത്തുമ്പോൾ പവർ ഓഫ്, റീസ്റ്റാർട്ട് എന്നിവയോടൊപ്പം സ്ക്രീൻഷോട്ട് ഓപ്ഷനും കാണിക്കും.

മീറ്റേർഡ് വൈഫൈ

വൈഫൈ കണക്ഷനിലെത്തിയാൽ നിലവിട്ടു പെരുമാറുന്ന സ്വഭാവത്തിൽ നിന്നു ഫോണുകൾക്കു മോചനം. ആപ്പുകൾ ഓട്ടോ അപ്ഡേറ്റ് ചെയ്യുന്നതും ഒഎസ്  അപ്ഡേറ്റുകൾ ഓട്ടമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നതും ക്ലൗഡ് ബായ്ക്ക് അപ്പ് സംവിധാനങ്ങൾ ഡാറ്റ അപ്‍ലോഡ് ചെയ്യുന്നതും നിയന്ത്രിക്കാം. ഇതുവരെ വൈഫൈയിൽ ഇല്ലാതിരുന്ന അത്തരം നിയന്ത്രണങ്ങൾ വൈഫൈയെ മീറ്റേർഡ് കണക്ഷനാക്കി മാറ്റിക്കൊണ്ട് നേടാം. മീറ്റേർഡ് കണക്ഷനാക്കിയാൽ വൈഫൈയിലും ഫോൺ ഡാറ്റ കണക്ഷനിലെന്നതുപോലെ സംയമനത്തോടെ പെരുമാറും.

ഗൂഗിൾ ഫോണുകളായ പിക്സൽ, പിക്സൽ എക്സ്‍എൽ, പിക്സൽ 2, പിക്സൽ 2 എക്സ്‌എൽ എന്നീ ഫോണുകൾ ഉള്ളവർ പരീക്ഷണത്തിനു തയ്യാറാണെങ്കിൽ ഡെവലപർ വെബ്സൈറ്റ് സന്ദർശിച്ച് ആൻഡ്രോയ്ഡ് പി ഡെവലപർ വേർഷൻ ഡൗൺലോഡ് ചെയ്യാം. വിലാസം: https://developer.android.com/preview/download.html