ദിവസങ്ങൾക്ക് മുൻപാണ് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്)യുടെ പുതിയ കണക്കുകൾ പുറത്തുവന്നത്. ടെലികോം വിപണിയിലെ നിലവിലെ സ്റ്റാറ്റസ് വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ. രാജ്യത്തെ ടെലികോം കമ്പനികളുടെ ആകെ കടം ഏകദേശം 7.7 ലക്ഷം കോടി രൂപയാണ്. ഇത് ഓരോ നിമിഷവും കുത്തനെ മുകളിലേക്ക് നീങ്ങുകയാണ്.
ടെലികോം കമ്പനികളുടെ വരുമാനം 2017ൽ മുൻ കൊല്ലത്തെക്കാൾ 8.56 ശതമാനം കുറഞ്ഞെന്നാണ് ട്രായ് കണക്ക്. 2016 ൽ 2.79 ലക്ഷം കോടി രൂപയായിരുന്നു വിറ്റുവരവ്. 2017 ൽ 2.55 ലക്ഷം കോടിയായി. സർക്കാരിന് കമ്പനികൾ നൽകിയ ലൈസൻസ് ഫീസ് 18.8 ശതമാനം (3000 കോടി രൂപ) കുറഞ്ഞ് 12,976 കോടി രൂപയും സ്പെക്ട്രം യൂസേജ് ചാർജ് 32.8 ശതമാനം (2,485 കോടി) കുറഞ്ഞ് 5,087 കോടിയുമായി.
വരിക്കാർക്ക് വേണ്ടുവോളം സർവീസുകൾ ഫ്രീയായി നൽകിയ റിലയൻസ് ജിയോ മാത്രമാണ് വരുമാന വർധന രേഖപ്പെടുത്തിയത്. എയർടെൽ 24.5 ശതമാനം താഴ്ന്ന് 36,922 കോടി മൊത്ത വരുമാനം നേടിയപ്പോൾ വോഡഫോൺ 24.14 ശതമാനം ഇടിവ് രേഖപ്പെടുത്തി. വരുമാനം 26308 കോടി. ഐഡിയ 23.2 ശതമാനം ഇടിവോടെ 22616 കോടി മാത്രമാണ് നേടിയത്.
ബിഎസ്എൻഎൽ 19.42 ശതമാനം ഇടിവും (വരുമാനം 10,564 കോടി), എംടിഎൻഎൽ 30.7 ശതമാനം ഇടിവും (1985 കോടി വരുമാനം) നേരിട്ടു. ജിയോ 2016 ൽ 303 കോടി രൂപ നഷ്ടം നേരിട്ടിരുന്ന സ്ഥാനത്ത് 2017 ൽ 7466 കോടി രൂപ വരുമാനം നേടി.