ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ മുഖമായിരുന്ന ഫ്‌ളിപ്കാര്‍ട്ടിനെ അമേരിക്കന്‍ റീട്ടെയിൽ വില്‍പ്പനാ ഭീമന്‍ ഏറ്റെടുത്തത്തോടെ ഇനി ഇവിടെ അമേരിക്കന്‍ കമ്പനികളായ വാള്‍മാര്‍ട്ടും ആമസോണും തമ്മില്‍ നേരിട്ടുള്ള പോരായിരിക്കും. ആമസോണ്‍ ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുക എന്നത് ഒരു വിദൂര സാധ്യത മാത്രമായിരുന്നു. ഇന്ത്യയിലെ നിയമങ്ങളും ആമസോണിന് തങ്ങളുടെ മുട്ടകളെല്ലാം ഒരു കുട്ടയില്‍ സൂക്ഷിക്കാനുള്ള വിമുഖതയും അത്തരമൊരു കച്ചവട സാധ്യത ഇല്ലാതാക്കിയിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. എന്തായാലും കച്ചവടം നടന്ന ശേഷം ഉപയോക്താവിന്റെ ഭാഗത്തു നിന്നു നോക്കുമ്പോള്‍ കാണുന്നത് എന്തെല്ലാമാണ് എന്ന പരിശോധിക്കാം:
ഫ്‌ളിപ്കാര്‍ട്ട് ആമസോണിന്റെ കൈയ്യിലായിരുന്നു ചെന്നെത്തിയതെങ്കില്‍ കൂടുതല്‍ ഏകപക്ഷീയമായ നീക്കങ്ങള്‍ കാണാമായിരുന്നു. ഇപ്പോള്‍, ഉപയോക്താവിന് പ്രത്യക്ഷത്തല്‍ കൂടുതല്‍ നല്ല ഡീലുകള്‍ കിട്ടാനാണ് സാധ്യത എന്നു പറയാം. കൂടുതല്‍ വില്‍പ്പനാ മേളകള്‍ ഓരോ വര്‍ഷവും രണ്ടു കമ്പനികളും സംഘടിപ്പിച്ചേക്കും.
ഇത്ര കാലം ആമസോണും ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള ഒരു മുഖ്യ വ്യത്യാസം, ആമസോണിന്റെ ഗ്ലോബല്‍ സ്‌റ്റോറിലൂടെ കൂടുതല്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകകളുടെ ഉല്‍പ്പന്നങ്ങള്‍ കിട്ടുമെന്നതായിരുന്നു. ആമസോണിന് 300,000 സെല്ലര്‍മാരുടെ കരുത്ത് അവകാശപ്പെടാനുണ്ടായിരുന്നു. ഫ്‌ളിപ്കാര്‍ട്ടിന് ഇതിന്റെ മൂന്നിലൊന്നു വില്‍പ്പനക്കാരുടെ സേവനം മാത്രമെ കിട്ടിയിരുന്നുള്ളു. ഇനി ഫ്‌ളിപ്കാര്‍ട്ടിലും കൂടുതല്‍ രാജ്യാന്തര ബ്രാന്‍ഡുകളുടെ പ്രൊഡക്ടുകളും ലഭ്യമാക്കിയേക്കും. ഒപ്പം കൂടുതല്‍ സെല്ലര്‍മാരെയും കണ്ടേക്കാം. രണ്ടു സൈറ്റുകളിലും വിലയും താഴ്ത്തി കിട്ടിയേക്കും. ചുരക്കത്തിൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഓഫര്‍ പെരുമഴ പ്രതീക്ഷിക്കാം.
അമേരിക്കന്‍ ഓണ്‍ലൈന്‍ ബിസിനസ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ ധാരാളം പണം വാരിയെറിഞ്ഞു കഴിഞ്ഞു. ചൈനയിലെ ബിസിനസ് പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ ശ്രമിക്കവെയാണ് അവര്‍ക്ക് അമേരിക്കയിലെ തന്നെ കരുത്തരായ എതിരാളികളെ ഇന്ത്യയിലും നേരിടേണ്ടിവരുന്നത്. അവരുടെ മത്സരം ഇവിടെയും തുടരുന്നതിന്റെ ഗുണം ആദ്യകാലത്തെങ്കിലും ഉപഭാക്താവിനു ലഭിക്കുമെന്നാണ് പൊതുവെയുള്ള കണക്കുകൂട്ടല്‍.
ആമസോണും ഇനി കൂടുതല്‍ നിക്ഷേപത്തിനു മുതിര്‍ന്നേക്കും. മറ്റു കമ്പനികളെ ഏറ്റെടുക്കല്‍ അടക്കമുള്ള ബിസിനസ് തന്ത്രങ്ങള്‍ അവര്‍ ഇറക്കുമെന്നതും ഉപയോക്താക്കള്‍ക്കു ഗുണകരമായേക്കും. സ്‌നാപ്ഡീല്‍ തുടങ്ങിയ കമ്പനികള്‍ രംഗത്തു തുടരുമെങ്കിലും, ഇനി ഇന്ത്യയില്‍ നടക്കുന്നത് ആമസോണും വോള്‍മാര്‍ട്ടും തമ്മില്‍ നേരിട്ടുള്ള മത്സരമായിരിക്കും.
∙ ഇതിന്റെ ദൂഷ്യഫലം എന്തായിരിക്കും?
തങ്ങളുടെ എതിരാളികളെ നശിപ്പിച്ചു മുന്നേറുന്ന ശീലം വാള്‍മാര്‍ട്ട് എല്ലാക്കാലത്തും കാണിച്ചിട്ടുണ്ട്. കണ്ടമാനം വിലകുറച്ചു വിറ്റാണ് അവര്‍ എതിരാളികളെ ഇല്ലാതാക്കുന്നത്. ചെറുകിട കച്ചവടക്കാര്‍ക്ക് ഈ അമേരിക്കന്‍ ഭീമന്മാര്‍ ഭീഷണിയായേക്കാം.
∙ശരിക്കും ഫ്‌ളിപ്കാര്‍ട്ടിന്റെ എത്ര ശതമാനം ഷെയറാണ് വാള്‍മാര്‍ട്ട് വാങ്ങിയത്?
പ്രഖ്യാപിച്ച രീതിയില്‍, 77 ശതമാനം ഓഹരിയാണ് വാള്‍മാര്‍ട്ട് വാങ്ങിയതെങ്കല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ അവരുടെ ശക്തി അപാരമായിരിക്കും. പക്ഷേ, ഫ്‌ളിപ്കാര്‍ട്ടിന്റെ 22.3 ശതമാനം ഓഹരി കൈയ്യിലുള്ള ജാപ്പനീസ് കമ്പനിയായ സോഫ്റ്റ്ബാങ്ക് അവരുടെ ഓഹരി കൈമാറ്റം ചെയ്യുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കേള്‍ക്കുന്നു. അവര്‍ തങ്ങളുടെ ഓഹരി വില്‍ക്കുന്നില്ലെങ്കിൽ ഫ്‌ളിപ്കാര്‍ട്ടിന്റെ 55 ശതമാനം ഓഹരിയായിരിക്കും വാള്‍മാര്‍ട്ടിന് ലഭിക്കുക.
കമ്പനിയെ നിയന്ത്രിക്കാന്‍ അതുതന്നെ ധാരാളമാണ്. ഫ്‌ളിപ്കാര്‍ട്ട് വില്‍പ്പനയില്‍ അവസാന നിമിഷം ആമസോണിന്റെ പേര് കടന്നുവരാനുണ്ടായ കാരണവും സോഫ്റ്റ്ബാങ്കാണത്രെ. അവര്‍ക്ക് ഫ്‌ളിപ്കാര്‍ട്ടിനെ വാള്‍മാര്‍ട്ടിനു വില്‍ക്കുന്നതിനേക്കാള്‍ ആമസോണിനു വില്‍ക്കുന്നതായിരുന്നു താത്പര്യമുള്ള കാര്യം. തങ്ങളുടെ ഓഹരി കൈമാറ്റം ചെയ്യണമോ എന്ന കാര്യം സോഫ്റ്റ്ബാങ്ക് 10 ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്നാണ് അറിയുന്നത്.