മുസ്‌ലിം പ്രതിനിധി വേണ്ടെന്ന് യുവതി; ആവശ്യം അംഗീകരിച്ച് എയർടെൽ

ഹിന്ദുവായ കസ്റ്റമർ കെയർ പ്രതിനിധിയുടെ സേവനം ആവശ്യപ്പെട്ട യുവതിക്ക് കീഴടങ്ങി ഭാർതി എയർടെൽ. സോഷ്യൽമീഡിയകളിൽ മുൻനിര നേതാക്കൾ വരെ ചർച്ച ചെയ്ത വിഷയം വൻ വിവാദമായിരിക്കുകയാണ്. നിലവിലെ കസ്റ്റമർ കെയർ പ്രതിനിധി മുസ്‍‌ലിം ആണ്. ഇവരെ മാറ്റി മറ്റൊരു പ്രതിനിധിയെ വിട്ടു നൽകണമെന്നാണ് എയർടെൽ ഉപയോക്താവായ യുവതി ആവശ്യപ്പെട്ടത്.

എയർടെൽ ഇന്ത്യയ്ക്കെതിരെ വൻ പ്രതിഷേധമാണ് നടക്കുന്നത്. എയർടെല്ലിന്റെ ഈ നടപടിയെ ചോദ്യം ചെയ്ത് നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തി. മാനേജ്മെന്റ് പ്രൊഫഷനായ പൂജ സിങ് എന്ന ഉപയോക്താവാണ് തനിക്ക് ഹിന്ദു പ്രതിനിധിയുടെ സേവനം വേണമെന്ന് എയർടെൽ അധികൃതരെ ട്വീറ്റ് വഴി അറിയിച്ചത്.

എയർടെൽ ഡിടിഎച്ച് ഉപയോക്താവായ പൂജ സിങ് ഈ വിഷയം ഓണ്‍ലൈൻ വഴി പരാതിപ്പെട്ടതോടെയാണ് പുറംലോകം അറിഞ്ഞത്. ഇതിനുള്ള മറുപടി എയർടെൽ നൽകിയിതും ട്വീറ്റിലൂടെയാണ്. നിലവിലെ കസ്റ്റമർ കെയർ പ്രതിനിധിയുടെ സേവനത്തെ വിമർശിച്ചാണ് ആദ്യം ട്വീറ്റ് ചെയ്തത്. പൂജയുടെ ഈ ട്വീറ്റിന് മറുപടി നൽകിയത് ശുഹൈബ് എന്ന എയർടെൽ പ്രതിനിധിയാണ്.

ശുഹൈബിന്റെ ട്വീറ്റിനോടു പൂജ പ്രതികരിച്ചത് ഇങ്ങനെ ‘പ്രിയപ്പെട്ട ശുഹൈബ്, നിങ്ങൾ മുസ്‌ലിം ആണ്. നിങ്ങളുടെ ധാർമികതയിൽ എനിക്ക് വിശ്വാസമില്ല. എന്റെ പരാതി പരിഹരിക്കാൻ ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്താൻ അപേക്ഷിക്കുന്നു.’ ഈ ട്വീറ്റിന് മറുപടിയായി എയർടെൽ അറിയിച്ചത് ഇങ്ങനെ, നിങ്ങളുടെ ആവശ്യപ്രകാരം ഗഗൻജോത് എന്ന പ്രതിനിധിയെ പരാതി പരിഹരിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ എയർടെല്ലിന്റെ ഭാഗത്തുനിന്നു ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും കമ്പനി മാപ്പുപറയണമെന്നുമാണ് മിക്ക ടെക്കികളും ആവശ്യപ്പെട്ടത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രൂക്ഷമായ ഭാഷയിലാണ് എയർടെൽ നടപടിയെ വിമർശിച്ചത്. എന്നാൽ സംഭവം വിവാദമായതോടെ തിരുത്തലുമായി എയർടെൽ രംഗത്തെത്തി.